രണ്ടാം പിണറായി സര്‍ക്കാറിലെ മന്ത്രിസഭാ പുനഃസംഘടന എപ്പോൾ ? സർവത്ര ആശക്കുഴപ്പം
മുഖ്യമന്ത്രിയുടെയും സംഘത്തിന്‍റെയും മണ്ഡല പര്യടനത്തിന് ശേഷമെ പുനഃസംഘടന ഉണ്ടാകാനിടയുള്ളുവെന്നും അതല്ല പര്യടനത്തിന് മുൻപ് പുതിയ മന്ത്രിമാര്‍ വരണമെന്നും അഭിപ്രായങ്ങൾ എൽഡിഎഫിലുണ്ട്.
തിരുവനന്തപുരം : രണ്ടാം പിണറായി സര്‍ക്കാര്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാകുന്നതിന് ആഴ്ചകൾ മാത്രം ശേഷിക്കെ മന്ത്രിസഭാ പുനഃസംഘടന എപ്പോൾ നടത്തണമെന്ന കാര്യത്തിൽ മുന്നണിക്ക് അകത്ത് ആശയക്കുഴപ്പം. മുഖ്യമന്ത്രിയുടെയും സംഘത്തിന്‍റെയും മണ്ഡല പര്യടനത്തിന് ശേഷമെ പുനഃസംഘടന ഉണ്ടാകാനിടയുള്ളുവെന്നും അതല്ല പര്യടനത്തിന് മുൻപ് പുതിയ മന്ത്രിമാര്‍ വരണമെന്നും അഭിപ്രായങ്ങൾ എൽഡിഎഫിലുണ്ട്.
ഒറ്റ എംഎൽഎ ഉള്ള നാല് പാര്‍ട്ടികളാണ് എൽഡിഎഫിലുള്ളത്. രണ്ടരവര്‍ഷം വീതം മന്ത്രിസ്ഥാനം പങ്കിടുമെന്നതാണ് മുൻ ധാരണ. അതിലപ്പുറം ഉയരുന്ന അവകാശവാദങ്ങൾക്കോ ഏതെങ്കിലും തരത്തിലുള്ള എതിരഭിപ്രായങ്ങൾക്കോ പ്രസക്തിയില്ലെന്ന് മുന്നണി നേതൃത്വം അടിവരയിട്ടിട്ടുണ്ട്. നവംബര്‍ 20 ന് കാലാവധി തികയുന്ന മുറയ്ക്ക് മാറ്റം ഉണ്ടാകും. അതിനിടയ്ക്ക് വരുന്ന മണ്ഡല പര്യടനമാണ് പുനസംഘടന ചര്‍ച്ചകൾ ഇപ്പോൾ സജീവമാക്കുന്നത്. നവംബര്‍ 18 മുതൽ ഡിസംബര്‍ 24 വരെ തുടര്‍ച്ചയായാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിസഭ മണ്ഡല പര്യടനത്തിന് ഇറങ്ങുന്നത്.
'സുരേഷ് ഗോപി ജയിലില്‍ പോകാന്‍ തയ്യാറാണ്'; കേസെടുത്തതില്‍ രൂക്ഷമായി പ്രതികരിച്ച് ബിജെപി
അതിന് മുൻപെ പുനഃസംഘടന നടന്നാൽ ഗതാഗത മന്ത്രി ആന്‍റണി രാജുവിനും തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവിലും പകരക്കാരാകും പര്യടന സംഘത്തിലുണ്ടാകുക. എന്നാൽ ധാരണ നേരത്തെ തന്നെ ഉള്ളതിനാൽ മണ്ഡല പര്യടനം പൂര്‍ത്തിയാക്കി തിരിച്ചെത്തിയ ശേഷമെ മന്ത്രിസഭാ പുനഃസംഘടന ഉണ്ടാകാനിടയുള്ളുവെന്നാണ് എൽഡിഎഫ് വൃത്തങ്ങൾ നൽകുന്ന സൂചന. ജനങ്ങളുന്നയിക്കുന്ന പ്രശ്നങ്ങൾക്ക് മറുപടി നൽകാൻ ഇതുവരെ ഭരിച്ചവര്‍ വേണമല്ലോ എന്ന ന്യായമാണ് അവര്‍ നിരത്തുന്ന്. ഭാവി വികസനം മുൻനിര്‍ത്തിയാണ് പര്യടനം എന്നിരിക്കെ യാത്ര തുടങ്ങും മുൻപ് പുതിയ മന്ത്രിമാര്‍ ചുമതലയേൽക്കുന്നതാണ് നല്ലതെന്നും അഭിപ്രായവും മുന്നണിക്ക് അകത്ത് തന്നെ ഉണ്ട്. പുനഃസംഘടനയെ ഔദ്യോഗികമായി ചോദിച്ചാൽ പക്ഷെ സമ്പൂർണ സസ്പൻസിലാണ് കാര്യങ്ങൾ.