ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിൽ 'ഫുള്‍ കൺഫ്യൂഷൻ', പുതിയ സർക്കുലർ ഇറങ്ങിയില്ല; പ്രതിദിന ടെസ്റ്റുകളിൽ അവ്യക്തത
പുതിയ നിർദ്ദേശം വരാത്തതിനാൽ 30 ലൈസൻസ് പരീക്ഷ മാത്രം നടത്താനാണ് ആര്‍ടിഒമാരുടെ തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ആകെ ആശയക്കുഴപ്പം. പുതിയ തീരുമാനങ്ങളിൽ ഗതാഗതകമ്മീഷണർ ഇതേവരെ സർക്കുലർ ഇറക്കിയില്ല. ഇതേതുടര്‍ന്ന് പ്രതിദിനം എത്ര ടെസ്റ്റുകള്‍ നടത്തണമെന്ന കാര്യത്തിലാണ് ആര്‍ടിഒമാര്‍ക്കിടയിൽ ആശയക്കുഴപ്പം തുടരുന്നത്. നേരത്തെ പ്രതിദിനം 30 ലൈസന്‍സ് ടെസ്റ്റുകള്‍ നടത്താനുള്ള സര്‍ക്കുലറാണ് ഇറക്കിയിരുന്നത്. എന്നാല്‍, ഇത് വിവാദമായതിനെതുടര്‍ന്ന് ചില ഇളവുകള്‍ മന്ത്രി ഗണേഷ് കുമാര്‍ നിര്‍ദേശിച്ചിരുന്നെങ്കിലും സര്‍ക്കുലറായി ഇറക്കിയിരുന്നില്ല.
പ്രതിദിന ലൈസൻസ് 60 ആക്കി ഉയർത്താനും മന്ത്രി നിര്‍ദേശിച്ചിരുന്നു. റോഡ് ടെസ്റ്റിനായി വിശദമായ സർക്കുലർ ഇറക്കാനായിരുന്നു മന്ത്രിയുടെ നിർദ്ദേശം. എന്നാല്‍, പുതിയ തീരുമാനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള സര്‍ക്കുലര്‍ ഗതാഗത കമ്മീഷണര്‍ ഇതുവരെ ഇറക്കിയിട്ടില്ല. ഇതേതുടര്‍ന്നാണ് ആശയക്കുഴപ്പമുണ്ടായത്. ഇതേതുടര്‍ന്ന ഫെബ്രുവരിയിൽ ഇറങ്ങിയ സർക്കുലറിൽ ടെസ്റ്റ് നടത്തുമെന്ന് മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥരുടെ സംഘടന വ്യക്തമാക്കി. പുതിയ നിർദ്ദേശം വരാത്തതിനാൽ 30 ലൈസൻസ് പരീക്ഷ മാത്രം നടത്താനാണ് ആര്‍ടിഒമാരുടെ തീരുമാനം. അതോടൊപ്പം 15 വർഷം കഴിഞ്ഞ വാഹനങ്ങൾ ടെസ്റ്റിന് അനുവദിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.