ഗണേഷ് കുമാറിന്റെ കര്‍ശന നിര്‍ദേശം: '5576 ബസുകളില്‍ പരിശോധന, 1366 ബസുകള്‍ക്ക് തകരാര്‍'
ബസുകളിലെ എയര്‍ ലീക്ക് കാരണം ഡീസല്‍ ചെലവ് വര്‍ദ്ധിക്കുന്നു എന്നത് ഏറ്റവും പ്രാധാന്യമേറിയ കാര്യമാണെന്ന് കെഎസ്ആർടിസി.
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ കെഎസ്ആര്‍ടിസി ബസുകളിലും വയറിംഗ് സംബന്ധമായ വിശദ പരിശോധനകള്‍ നടത്തിയെന്ന് കെഎസ്ആര്‍ടിസി. മന്ത്രി ഗണേഷ് കുമാറിന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് എല്ലാ ബസുകളിലും വയറിംഗ് സംബന്ധമായ പരിശോധനകളും അനുബന്ധ പരിശോധനകളും നടത്തിയത്. വിവിധ ഡിപ്പോകളിലെ ബസുകളില്‍ ബ്രേക്ക്, ന്യൂമാറ്റിക് ഡോര്‍ എന്നിവിടങ്ങളില്‍ എയര്‍ ലീക്ക് ഉണ്ടാകുന്നതായി കണ്ടെത്തി. 5576 ബസുകള്‍ പരിശോധിച്ചതില്‍ 1366 എണ്ണത്തിന് വിവിധ തരത്തിലുള്ള എയര്‍ ലീക്ക് സംബന്ധമായ തകരാറുകളുണ്ടായിരുന്നു. ഇതില്‍ 819 ബസുകളുടെ എയര്‍ ലീക്ക് പരിഹരിച്ചെന്നും മറ്റുള്ളവയുടെ തകരാറുകള്‍ 30ന് മുന്‍പ് പരിഹരിക്കുമെന്നും കെഎസ്ആര്‍ടിസി അറിയിച്ചു.
കെഎസ്ആര്‍ടിസി കുറിപ്പ്: കായംകുളത്ത് കെഎസ്ആര്‍ടിസിയുടെ വെസ്റ്റ് ബ്യൂള്‍ ബസ്സില്‍ ഉണ്ടായ തീപിടുത്തത്തെതുടര്‍ന്ന് ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് മന്ത്രി ശ്രീ കെ ബി ഗണേഷ് കുമാറിന്റെ നിര്‍ദ്ദേശമനുസരിച്ച് എല്ലാ ബസ്സുകളും ഗ്യാരേജില്‍ കയറ്റി വയറിംഗ് സംബന്ധമായ പരിശോധനകളും അനുബന്ധ പരിശോധനകളും നടത്തുകയുണ്ടായി. കൂടാതെ ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം വിവിധ ഡിപ്പോകളില്‍ കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയും ബസ്സുകളുടെ ബ്രേക്ക്, ന്യൂമാറ്റിക് ഡോര്‍ എന്നിവിടങ്ങളില്‍ എയര്‍ ലീക്ക് ഉണ്ടാകുന്നതായി കണ്ടുപിടിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ 5576 ബസ്സുകള്‍ പരിശോധിച്ചതില്‍ 1366 ബസ്സുകള്‍ക്ക് വിവിധ തരത്തിലുള്ള എയര്‍ ലീക്ക് സംബന്ധമായ തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും അതില്‍ 819 ബസുകളുടെ എയര്‍ ലീക്ക് പരിഹരിക്കുകയും ചെയ്തിട്ടുണ്ട്. ബാക്കിയുള്ള ബസുകളുടെ എയര്‍ ലീക്ക് സംബന്ധമായ തകരാറുകള്‍ 31.03.2024 നുളളില്‍ പരിഹരിക്കുന്നതിന് ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബസ്സുകളിലെ എയര്‍ ലീക്ക് കാരണം ഡീസല്‍ ചെലവ് വര്‍ദ്ധിക്കുന്നു എന്നത് ഏറ്റവും പ്രാധാന്ന്യമേറിയ കാര്യമാണ്.