കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്ക് സ്റ്റേഡിയം നൽകിയത് വഴിവിട്ട നീക്കത്തിലൂടെ, വിജിലൻസിൽ പരാതി; രേഖകൾ
കായിക ഇതര ആവശ്യത്തിന് കലൂർ സ്റ്റേഡിയം വിട്ട് നൽകിയത് വഴിവിട്ട നീക്കത്തിലൂടെയെന്ന് വ്യക്തമാകുന്ന രേഖകൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
കൊച്ചി: ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് കലൂർ സ്റ്റേഡിയത്തിലെ നടന്ന നൃത്ത പരിപാടിക്കെതിരെ വിജിലൻസിൽ പരാതി. നൃത്ത പരിപാടിയെ കുറിച്ച് കൊച്ചി സ്വദേശിയാണ് വിജിലൻസിൽ പരാതി നൽകിയത്. കായിക ഇതര ആവശ്യത്തിന് കലൂർ സ്റ്റേഡിയം വിട്ട് നൽകിയത് വഴിവിട്ട നീക്കത്തിലൂടെയെന്ന് വ്യക്തമാകുന്ന രേഖകൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
കായിക ഇതര ആവശ്യത്തിന് സ്റ്റേഡിയം വിട്ടു നൽകിയത് വഴിവിട്ട നീക്കത്തിലൂടെയാണെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് പരിപാടി നടത്താൻ മൃദംഗവിഷൻ 23.8.2024 നാണ് അപേക്ഷ നൽകുന്നത്. അപേക്ഷ പരിഗണിക്കാനാകില്ലെന്ന് എസ്റ്റേറ്റ് ഓഫീസർ ഫയലിൽ രേഖപ്പെടുത്തി. ഫിഫ നിലവാരത്തിൽ സ്റ്റേഡിയം നിലനിർത്തേണ്ടതിനാൽ നൃത്തപരിപാടിക്ക് നൽകാനാകില്ലെന്നായിരുന്നു ഫയലിൽ മറുപടി നൽകിയത്. ഇത് മറികടന്ന് ചെയർമാന്റെ ആവശ്യപ്രകാരം സ്റ്റേഡിയം അനുവദിച്ചതെന്ന് രേഖകളിൽ വ്യക്തമാണ്. ജനപ്രതിനിധികളടങ്ങുന്ന ജനറൽ കൗൺസിലാണ് സ്റ്റേഡിയം വിട്ട് നൽകുന്നതിന് അംഗീകാരം നൽകേണ്ടത്. എന്നാൽ ഇത് മറികടന്ന് ചെയർമാൻ കെ ചന്ദ്രൻപിള്ള വഴിവിട്ട് അനുമതി നൽകുകയായിരുന്നു. വാടക നിശ്ചയിച്ചതും ചെയർമാൻ കെ ചന്ദ്രൻപിള്ളയാണ്. ഇതിൽ സാമ്പത്തിക അഴിമതിയുണ്ടെന്നാണ് പരാതി.