'നേതാവേ തിരിച്ച് വാ'; ഷാഫി പറമ്പിലിനെ നാട്ടിലെത്തിക്കണമെന്ന് ആവശ്യം, യൂത്ത് കോണ്‍ഗ്രസില്‍ ഫുട്ബോള്‍ വിവാദം
സര്‍ക്കാരിനെതിരെ സമരം ചെയ്ത് പ്രവര്‍ത്തകര്‍ ജയിലില്‍ കഴിയുമ്പോള്‍ പ്രസിഡന്‍റ് ഖത്തറില്‍ ഉല്ലാസയാത്ര നടത്തുകയാണെന്നാണ് പരാതികളുടെയെല്ലാം ഉളളടക്കം.
കോട്ടയം: ഖത്തറില്‍ ലോകകപ്പ് കാണാന്‍ പോയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റിനെ അടിയന്തരമായി നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യാ നേതൃത്വത്തിന് പരാതി പ്രവാഹം. രണ്ട് സംസ്ഥാന കമ്മിറ്റി അംഗങ്ങളടക്കം വിവിധ ജില്ലകളില്‍ നിന്നായി ഇരുപതോളം പരാതികളാണ് ഷാഫി പറമ്പിലിനെതിരെ ദേശീയ നേതൃത്വത്തിന് മുന്നിലെത്തിയിരിക്കുന്നത്. സര്‍ക്കാരിനെതിരെ സമരം ചെയ്ത് പ്രവര്‍ത്തകര്‍ ജയിലില്‍ കഴിയുമ്പോള്‍ പ്രസിഡന്‍റ് ഖത്തറില്‍ ഉല്ലാസയാത്ര നടത്തുകയാണെന്നാണ് പരാതികളുടെയെല്ലാം ഉളളടക്കം.
അര്‍ജന്‍റീനയുടെ കളി കാണാന്‍ ഖത്തറിലെ ലോകകപ്പ് വേദിയില്‍ നില്‍ക്കുന്ന ഷാഫി പറമ്പില്‍. സംസ്ഥാന പ്രസിഡന്‍റ് ഖത്തറില്‍ കളി ആസ്വദിക്കുമ്പോള്‍ ഒരു കൂട്ടം പ്രവര്‍ത്തകര്‍ തിരുവനന്തപുരം നഗരസഭയിലെ നിയമന വിവാദത്തിന്‍റെ പേരില്‍ സമരം ചെയ്ത് പൊലീസിന്‍റെ തല്ലു വാങ്ങുകയായിരുന്നു. പിന്നീട് ഇവര്‍ പതിനാല് ദിവസത്തേക്ക് റിമാന്‍ഡിലുമായി. പ്രവര്‍ത്തകര്‍ സമരം ചെയ്യുമ്പോഴും നേതാവ് ഉല്ലാസയാത്ര നടത്തുകയാണെന്നാണ് യൂത്ത് കോണ്‍ഗ്രസുകാരുടെ പരാതി. കോഴിക്കോട്ട് ശശി തരൂരിനെ പങ്കെടുപ്പിച്ച് നടത്താന്‍ തീരുമാനിച്ച സെമിനാറില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി പിന്‍മാറിയതിനെ തുടര്‍ന്നുണ്ടായ വിവാദം കോണ്‍ഗ്രസിലേക്ക് കത്തിപ്പടരാന്‍ കാരണമായതും ഷാഫി പറമ്പിലിന്‍റെ മൗനമാണെന്ന അഭിപ്രായം ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ പോലും ശക്തമാണ്. നാളുകളായി തുടരുന്ന ഈ സംഘടനാ അതൃപ്തികള്‍ക്കൊടുവിലാണ് ഷാഫി പറമ്പിലിനെതിരെ ദേശീയ നേതൃത്വത്തിന് മുന്നിലേക്ക് പരാതികളെത്തിയത്.
Also Read: ശബരിനാഥനെതിരെ നടപടി വേണം; ഷാഫി പറമ്പിലിന് പരാതി നൽകി യൂത്ത് കോൺഗ്രസ് ഭാരവാഹികൾ
ഷാഫിയുടെ സ്വന്തം ജില്ലയായ പാലക്കാട് അടക്കം ഏഴ് ജില്ലകളില്‍ നിന്നാണ് സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ മുതല്‍ ബ്ലോക്ക് കമ്മിറ്റി ഭാരവാഹികള്‍ വരെ വിവിധ തട്ടുകളിലുളള പ്രവര്‍ത്തകരുടെ പരാതി. ദേശീയ പ്രസിഡന്‍റ് ബി വി ശ്രീനിവാസിന് ഇമെയില്‍ മുഖേനയാണ് പരാതികള്‍ എത്തിയിരിക്കുന്നത്. സര്‍ക്കാര്‍ തുടര്‍ച്ചയായ വിവാദങ്ങളില്‍പ്പെട്ടിട്ടും അതിനെതിരെ സംഘടിതമായൊരു സമരം ചെയ്യാന്‍ പോലും സംസ്ഥാന പ്രസിഡന്‍റിന്‍റെ അസാന്നിധ്യം തടസമാകുന്നെന്നാണ് പരാതികളുടെയെല്ലാം ഉളളടക്കം. ദേശീയ നേതൃത്വം ഇടപെട്ട് ഷാഫിയെ നാട്ടിലെത്തിക്കണമെന്നും പരാതികളില്‍ ആവശ്യമുണ്ട്. എന്നാല്‍ ഷാഫി പറമ്പില്‍ ഉടന്‍ കേരളത്തില്‍ മടങ്ങിയെത്തുമെന്നും സംഘടനാ പ്രശ്നങ്ങളുടെ പേരില്‍ പ്രസിഡന്‍റിനെ അപകീര്‍ത്തിപ്പെടുത്താനുളള ശ്രമങ്ങളുടെ ഭാഗമാണ് ഇപ്പോഴത്തെ പരാതികളെന്നുമാണ് ഷാഫിയോട് അടുത്ത വൃത്തങ്ങളുടെ വിശദീകരണം.
Also Read: "ശവത്തില്‍ കുത്താതണ്ണാ...": വിടി ബലറാമിനോട് ഷാഫി പറമ്പില്‍