'സ്നേഹത്തിന് എങ്ങനെയാണ് നന്ദി പറയേണ്ടത്... നിമിഷനേരം കൊണ്ട് വന്ന ഫോണ്‍ കോളുകള്‍...'; വികാരാധീനനായി എം കെ മുനീർ
യുഡിഎഫ് സംഘടിപ്പിച്ച 'സെക്രട്ടറിയേറ്റ് വളയൽ' പ്രതിഷേധ പരിപാടിയിൽ സംസാരിക്കാൻ എഴുന്നേറ്റപ്പോൾ ചെറിയൊരു തളർച്ച പോലെ അനുഭവപ്പെട്ടു.
മലപ്പുറം: യുഡിഎഫിന്‍റെ സെക്രട്ടേറിയറ്റ് വളയൽ സമരത്തിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായ സംഭവം വിശദീകരിച്ച് മുസ്‍ലിം ലീഗ് നേതാവ് എം കെ മുനീർ. യുഡിഎഫ് സംഘടിപ്പിച്ച 'സെക്രട്ടറിയേറ്റ് വളയൽ' പ്രതിഷേധ പരിപാടിയിൽ സംസാരിക്കാൻ എഴുന്നേറ്റപ്പോൾ ചെറിയൊരു തളർച്ച പോലെ അനുഭവപ്പെട്ടു. വളരെ വേഗത്തിൽ അപകടങ്ങൾ ഒന്നുമില്ലാതെ പൂർവ്വസ്ഥിതിയിലേക്ക് തിരിച്ചുവരാനും സംസാരിക്കാനും സാധിച്ചതിൽ സർവ്വശക്തനോട് നന്ദി പറയുന്നുവെന്ന് എം കെ മുനീർ ഫേസ്ബുക്കില്‍ കുറിച്ചു.
എം കെ മുനീറിന്‍റെ കുറിപ്പ്
നിങ്ങളുടെ ഈ സ്നേഹത്തിനും പ്രാർത്ഥനകൾക്കും എങ്ങിനെയാണ് നന്ദി പറയേണ്ടത്..?
ഈ പ്രാർത്ഥനകളാണ് എന്നെ മുന്നോട്ട് നയിക്കുന്ന ഊർജ്ജം. യു ഡി എഫ് സംഘടിപ്പിച്ച 'സെക്രട്ടറിയേറ്റ് വളയൽ' പ്രതിഷേധ പരിപാടിയിൽ സംസാരിക്കാൻ എഴുന്നേറ്റപ്പോൾ ചെറിയൊരു തളർച്ച പോലെ അനുഭവപ്പെട്ടു. വളരെ വേഗത്തിൽ അപകടങ്ങൾ ഒന്നുമില്ലാതെ പൂർവ്വസ്ഥിതിയിലേക്ക് തിരിച്ചുവരാനും സംസാരിക്കാനും സാധിച്ചതിൽ സർവ്വശക്തനോട് നന്ദി പറയുന്നു.
നിമിഷനേരം കൊണ്ട് എനിക്ക് വന്നിട്ടുള്ള ഫോൺ കോളുകൾ എന്നോടുള്ള നിങ്ങളുടെ സ്നേഹവും കരുതലും എത്രത്തോളം ആഴത്തിൽ ആണെന്നതിന്റെ തെളിവാണ്.
ഈ സ്‌നേഹവും കരുതലും എന്നെ നിങ്ങളിലേക്ക് കൂടുതൽ അടുപ്പിക്കുന്നു. നിങ്ങൾക്ക് വേണ്ടി നിങ്ങൾക്കിടയിലൊരാളായി പ്രവർത്തിക്കാൻ എനിക്കെന്നും ഊർജ്ജം നൽകിയതും ഇതുതന്നെയാണ്. ഇനിയും നിങ്ങളോടൊപ്പം പ്രവർത്തിക്കാനുള്ള ആരോഗ്യവും ആയുസ്സും സർവശക്തൻ നൽകേണമേ എന്ന് മാത്രമാണ് പ്രാർത്ഥന...
അതേസമയം, രണ്ടാം പിണറായി സർക്കാരിന്‍റെ രണ്ടാം വാര്‍ഷികത്തിൽ സെക്രട്ടേറിയറ്റ് വളഞ്ഞുള്ള പ്രതിഷേധമാണ് യുഡിഎഫ് സംഘടിപ്പിച്ചത്. ഐഎഎസ് ഉദ്യോഗസ്ഥനെയും അടക്കം പ്രതിഷേധക്കാര്‍ തടഞ്ഞു. പിണറായി സര്‍ക്കാരിന് പാസ് മാര്‍ക്ക് പോലും ഇല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. അരി ചാമ്പാൻ അരിക്കൊമ്പനും ചക്ക ചാമ്പാൻ ചക്കക്കൊമ്പനുമെന്ന പോലെ കേരളം ചാമ്പാൻ ഇരട്ടച്ചങ്കനെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ പരിഹസിച്ചു. അതിനിടെ, ജീവനക്കാരെ കടത്തി വിടുന്നതിനെ ചൊല്ലി പൊലീസും സമരക്കാരുമായി നേരിയ സംഘർഷവുമുണ്ടായി.