ഓണ്‍ലൈൻ പഠനത്തിനായി സർക്കാർ നൽകിയ 'കൊക്കോണിക്സ്' വെറും കാഴ്ചവസ്തു

കോക്കോണിക്സിനും കെഎസ്എഫ്ഇക്കും കുടുംബശ്രീക്കും എല്ലാം പരാതികൾ അറിയിച്ച് രക്ഷിതാക്കൾ മടുത്തു. ലാപ്ടോപ്പ് കിട്ടിയവർ തവണ മുടക്കിയാൽ പിഴപലിശ ഈടാക്കുമെന്ന അറിയിപ്പും വന്നു. 

coconics laptops granted for online education via vidyashree scheme unusable says students

തിരുവനന്തപുരം: ഓണ്‍ലൈൻ പഠനത്തിനായി സർക്കാർ നൽകിയ ലാപ്ടോപ്പുകൾ കാഴ്ചവസ്തു. ലാപ്ടോപ്പ് നിർമ്മാതാക്കളായ സർക്കാർ പങ്കാളിത്തമുള്ള കോക്കോണിക്സ് കമ്പനിക്കെതിരെയാണ് പരാതികൾ. വിദ്യാശ്രീ പദ്ധതിയിൽ ലാപ്ടോപ്പ് കിട്ടുന്നില്ലെന്ന പരാതികൾ കൂടുമ്പോഴാണ് കിട്ടിയ ലാപ്ടോപ്പുകളിലും പ്രശ്നങ്ങൾ. 

മൊബൈൽ ഫോണ്‍ ഉപയോഗത്തിലെ പരിമിതികളിൽ നിന്നും ഓണ്‍ലൈൻ പഠനം കാര്യക്ഷമമാക്കാനാണ് ലാപ്ടോപ്പുകൾ നൽകാൻ സർക്കാർ തീരുമാനിച്ചത്. കെഎസ്എഫ്ഇയും കുടുംബശ്രീയും ഐടിമിഷനും ചേർന്നായിരുന്നു പ്രവർത്തനങ്ങൾ. 49 ശതമാനം സംസ്ഥാന സർക്കാർ പങ്കാളിത്തമുള്ള കോക്കോണിക്സ് കമ്പനി വിതരണം ചെയ്ത ലാപ്ടോപ്പുകൾ പക്ഷേ കുട്ടികൾക്ക് ഉപയോഗിക്കാനാകുന്നില്ലെന്നാണ് ആക്ഷേപം. 

ഒന്നോ രണ്ടോ ഓൺലൈൻ ക്ലാസുകളിൽ കൂടുതൽ ലാപ്ടോപ്പിൽ നിന്ന് പങ്കെടുക്കാൻ ആയിട്ടില്ലെന്ന് കുട്ടികൾ പറയുന്നു. ഓണാകുക പോലും ചെയ്യാതെ ലാപ്ടോപ്പ് ഇപ്പോൾ വെറുതെ ഇരിക്കുന്നു. 

പതിനയ്യായിരം രൂപയുടേതാണ് ലാപ്ടോപ്പ്. അഞ്ഞൂറു രൂപയാണ് മാസം അടവ്. എട്ടാംക്ലാസുകാരൻ ആയുഷിന് മൂന്ന് തവണയാണ് ലാപ്ടോപ്പ് മാറ്റി നൽകിയത്. കോക്കോണിക്സിനും കെഎസ്എഫ്ഇക്കും കുടുംബശ്രീക്കും എല്ലാം പരാതികൾ അറിയിച്ച് രക്ഷിതാക്കൾ മടുത്തു. ലാപ്ടോപ്പ് കിട്ടിയവർ തവണ മുടക്കിയാൽ പിഴ പലിശ ഈടാക്കുമെന്ന അറിയിപ്പും വന്നു. 

പിഴവ് കോക്കോണിക്സും സമ്മതിക്കുന്നു. 2100ഓളം ലാപ്ടോപ്പുകളാണ് ഇതുവരെ വിതരണം ചെയ്തത്. ഇരുപത് ശതമാനം ലാപ്ടോപ്പിൽ പ്രശ്നങ്ങളുണ്ടെന്നാണ് മറുപടി. ഇത് മാറ്റി നൽകാൻ നടപടിയെടുക്കുമെന്നാണ് പ്രതികരണം. കരാറിൽ ഏർപ്പെട്ട എച്ച്പി, ലെനോവൊ കമ്പനികളുടെ ലാപ്ടോപ്പുകളുടെ വിതരണവും എങ്ങുമെത്തിയില്ല. 2020ൽ സർക്കാർ വിദ്യാശ്രീ പദ്ധതി പ്രഖ്യാപിച്ചത് മുതൽ ഒന്നൊന്നായി അബദ്ധങ്ങൾ.

പണം വാങ്ങിയാൽ നിലവാരമുള്ള ഉത്പന്നം നൽകുക എന്നത് പണം വാങ്ങിയവരുടെ ഉത്തരവാദിത്വമാണ്. സർക്കാർ പരിഹാരം കാണുക തന്നെ വേണം.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

 

 

Latest Videos
Follow Us:
Download App:
  • android
  • ios