മുഖ്യമന്ത്രിയുടെ സുരക്ഷ, മലപ്പുറത്തും പൊതുജനങ്ങളുടെ കറുത്ത് മാസ്ക്ക് അഴിപ്പിച്ചു!
ഒരു വയോധികന്റെ കറുത്ത മാസ്ക്ക് ഊരി വാങ്ങി പൊലീസ് പകരം മഞ്ഞ മാസ്ക്ക് ധരിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു
മലപ്പുറം : മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷയ്ക്കെന്ന പേരിൽ മലപ്പുറത്തും പൊതുജനങ്ങളുടെ കറുത്ത മാസ്ക്കുകൾ അഴിപ്പിച്ചു. തവനൂരിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിക്കെത്തിയ ആളുകളുടെ കറുത്ത മാസ്ക്ക് പൊലീസ് ഉദ്യോഗസ്ഥർ അഴിപ്പിച്ചത്. പകരം മാസ്ക്ക് പൊലീസ് നൽകുന്നുണ്ട്. ഒരു വയോധികന്റെ കറുത്ത മാസ്ക്ക് ഊരി വാങ്ങി പൊലീസ് പകരം മഞ്ഞ മാസ്ക്ക് ധരിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. എന്നാൽ പൊലീസിന് മാസ്ക് അഴിപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടില്ലെന്ന വാദമാണ് പൊലീസ് മേധാവി ഉയർത്തുന്നത്. പൊതുജനങ്ങളുടെ കറുത്ത മാസ്ക് മാറ്റാൻ നിർദേശമില്ലെന്ന് ജില്ലാ പൊലീസ് മേധാവി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. സുരക്ഷ പരിശോധന ദൃശ്യങ്ങൾ എടുക്കരുത് എന്നും പൊലീസ് നിർദ്ദേശിച്ചു.
അതേ സമയം, മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന് മുന്നിൽ കണ്ട് കുന്നംകുളത്തും ചങ്ങരംകുളത്തും യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി. മലപ്പുറം ചങ്ങരംകുളത്ത് 5 യൂത്ത് കോൺഗ്രസ് പ്രവർത്തകരെയാണ് കരുതൽ തടങ്കലിലാക്കിയത്. മുഖ്യമന്ത്രിയുടെ വാഹനം കടന്ന് പോകുന്ന കുന്നംകുളത്തും യൂത്ത് കോൺഗ്രസ് പ്രവർത്തകരായ നാല് പേരെയാണ് കരുതൽ തടങ്കലിലാക്കിയത്. യൂത്ത് കോൺഗ്രസ് ജില്ലാ എക്സിക്യൂട്ടീവ് അംഗം എ എം നിധിഷ്, കടങ്ങോട് മണ്ഡലം പ്രസിഡണ്ട് അസ് ലം, യൂത്ത് കോൺഗ്രസ് പ്രവർത്തകരായ രഞ്ചിൽ, വിഗ്നേശ്വര പ്രസാദ് എന്നിവരെ ഇന്ന് രാവിലെ വീടുകളിലെത്തിയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് കരുതൽ തടങ്കലിലാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തിന് കരിങ്കൊടി കാണിക്കാൻ സാധ്യതയുണ്ടെന്ന് കണ്ടാണ് ഈ അസാധാരണ സുരക്ഷ.
മലപ്പുറത്ത് മുഖ്യമന്ത്രി പങ്കെടുക്കുന്ന രണ്ടു പരിപാടികളുടെ സുരക്ഷക്ക് 700 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. എസ് പി നേരിട്ട് സുരക്ഷക്ക് മേൽനോട്ടം വഹിക്കും. മുഴുവൻ ഡിവൈഎസ്പിമാരും മുഖ്യമന്ത്രിയുടെ പരിപാടിക്ക് സുരക്ഷ ഒരുക്കും. 20 സിഐ മാർക്കാണ് ചുമതല നൽകിയിട്ടുള്ളത്. പൊന്നാനി കുറ്റിപ്പുറം റോഡ് 9 മണിക്ക് ശേഷം അടക്കും. പൊതുജനങ്ങൾ ബദൽ റോഡ് ഉപയോഗിക്കാൻ നിർദേശം. അതിനിടെ തവനൂരിൽ പൊതുജനങ്ങളുടെ കറുത്ത മാസ്ക് കഴിപ്പിച്ചു. അതേ സമയം വേദിക്ക് പുറത്ത് പ്രതിഷേധിക്കാനാണ് യൂത്ത് കോൺഗ്രസ് യൂത്തു ലീഗ് പ്രവർത്തകരുടെ തീരുമാനം.
അസാധാരണമായ രീതിയിൽ മുഖ്യമന്ത്രി കടന്ന് പോകുന്ന വഴികളിലുടനീളം റോഡടച്ച് കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിട്ടുളളത്. മുഖ്യമന്ത്രി താമസിക്കുന്ന തൃശൂർ രാമനിലയത്തിന് മുന്നിലെ പാലസ് റോഡ് അടച്ചു. രാമനിലയത്തിൽ മാത്രം എ.സി ക്യാമ്പ് കമാൻറൻ്റ് അജയന്റെ നേതൃത്വത്തിൽ 50 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. പാലസ് റോഡിൽ 30 പൊലീസുകാരെയും രാമനിലയത്തിന് ചുറ്റും 20 പൊലീസുകാരെയും നിയോഗിച്ചു. ചങ്ങരംകുളം ജില്ലാ അതിർത്തി വരെയുള്ള റോഡ് സുരക്ഷയ്ക്ക് തൃശൂർ എസിപി രാജു, കുന്നംകുളം എസിപി ഷിനോജ് എന്നിവരുടെ നേതൃത്വത്തിൽ 100 ലേറെ പോലീസുകാരെയും കൂടുതലായി വിന്യസിച്ചിട്ടുണ്ട്.
നിയമോപദേശം തേടാനായി സ്വപ്ന ഇന്ന് കൊച്ചിയിലേക്ക് തിരിച്ചേക്കും