Asianet News MalayalamAsianet News Malayalam

പറഞ്ഞത് കരിപ്പൂരിലെ സ്വർണക്കടത്തിന്‍റെ കണക്കെന്ന് പിണറായി; 'ഒരു ജില്ലയെയോ മതവിഭാഗത്തെയോ വിമർശിച്ചിട്ടില്ല'

ദി ഹിന്ദു പത്രത്തിലെ അഭിമുഖത്തിൽ താൻ പറയാത്ത കാര്യമാണ് വന്നത്. ഇക്കാര്യത്തിൽ അവരുടെ വിശദീകരണം വന്നിട്ടുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു

cm pinarayi vijayan's reacts to malappuram remark in the hindu interview
Author
First Published Oct 1, 2024, 6:31 PM IST | Last Updated Oct 1, 2024, 6:52 PM IST

കോഴിക്കോട്:ഹിന്ദു പത്രത്തിലെ വിവാദ അഭിമുഖത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ദി ഹിന്ദു പത്രത്തിലെ അഭിമുഖത്തിൽ താൻ പറയാത്ത കാര്യമാണ് വന്നത്. ഇക്കാര്യത്തിൽ അവരുടെ വിശദീകരണം വന്നിട്ടുണ്ട്. ഏതെങ്കിലും ജില്ലയെയോ മതവിഭാഗത്തെയോ കുറ്റപ്പെടുത്തിയിട്ടില്ല. എന്നാല്‍, ചില കാര്യങ്ങളിൽ വിയോജിപ്പ് പറയാറുണ്ട്.
വര്‍ഗീയ ശക്തികളെ തുറന്ന് എതിര്‍ക്കാറുണ്ട്. ന്യൂനപക്ഷ വര്‍ഗീയതയോടുള്ള എതിര്‍പ്പ് ഏതെങ്കിലും വിഭാഗത്തെ എതിര്‍ക്കുക എന്നതല്ല. കേരളത്തിലെ വിമാനത്താവളങ്ങളിൽ കൂടുതല്‍ സ്വര്‍ണം പിടിച്ചത് കരിപ്പൂരിൽ നിന്നാണ്. അത് വസ്തുതയാണ്. കൂടുതൽ ഹവാല പണം പിടികൂടിയത് മലപ്പുറം ജില്ലയിൽ നിന്നാണെന്ന് പറഞ്ഞത് വസ്തുതയാണ്.

അതിനെ തെറ്റായി വ്യഖ്യാനിക്കുകയാണ്. സ്വര്‍ണ്ണക്കടത്ത് സംഘങ്ങളെ പിടിക്കുമ്പോള്‍ ചിലര്‍ക്ക് എന്തിനാണ് വേവലാതിയെന്നും പിണറായി വിജയൻ ചോദിച്ചു.  എന്തിനാണ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്. കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തിന്‍റെ കണക്കാണ് പറഞ്ഞത്. കോഴിക്കോട് മലബാര്‍ ക്രിസ്ത്യൻ കോളേജില്‍ എകെജി ഓഡിറ്റോറിയത്തിന്‍റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.സയണിസ്റ്റുകളുടെ കൂടെ ആണ് ആർഎസ്എസും ബിജെപിയുമെന്നും മുഖ്യമന്ത്രി ആരോപിച്ചു.രാജ്യത്തിന്‍റെ പഴയ നിലപാടിൽ വെള്ളം ചേർത്തു. ഇത് അമേരിക്കയെ പ്രീണിപ്പിക്കാൻ വേണ്ടിയാണെന്നും പിണറായി വിജയൻ ആരോപിച്ചു.ഞങ്ങൾ ഇത് പറയുമ്പോൾ ഏതെങ്കിലും വിഭാഗത്തെ പ്രീണിപ്പിക്കൽ അല്ല അത്. സിയോണിസ്റ്റുകളുടെ ഇരട്ട സഹോദരൻമാർ ആണ് ആര്‍എസ്എസും പിണറായി വിജയൻ ആരോപിച്ചു.

'അൻവറിന് പ്രത്യേക അജണ്ട, ആരോപണങ്ങളിൽ അന്വേഷണം നടക്കുന്നു'


നിയമ വിരുദ്ധ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കാൻ അനുവദിക്കില്ല. തെറ്റ് ഒരു തരത്തിലും അംഗീകരിക്കില്ല. പൊലീസ് നടപടികള്‍ ശക്തമായി തുടരും. നാട്ടിലെ സംവിധാനങ്ങളെ തകിടം മറിക്കാനുള്ള നീക്കം ആണ് നടക്കുന്നത്. ഇതിന്‍റെ താല്‍പ്പര്യം എന്തെന്ന് ശ്രദ്ധിച്ചാൽ വ്യക്തമാണ്.  സിപിഎമ്മിന് അതിന്‍റേതായ സംഘടന രീതിയുണ്ട്. വഴിയിൽ നിന്ന് വിളിച്ചു പോവിയാലോ ആക്ഷേപങ്ങൾ ചൊരിഞ്ഞാലോ സിപിഎം ആ വഴിക്ക് പോകാറില്ല. ഗൂഢലക്ഷ്യമുള്ളവർക്ക് ആ വഴിക്ക് പോകാം. വർഗീയ അജണ്ടയുടെ ഭാഗമായി പുകമറ സൃഷ്ടിക്കാനാണ് ശ്രമം. ആരെ കൂടെ കൂട്ടാൻ ആണോ ശ്രമം അവർ തന്നെ ആദ്യം തള്ളി പറയും/ മലപ്പുറത്തെ മതനിരപേക്ഷ മനസ് ശക്തമാണ്. വർഗീയ ശക്തികളുടെ പിന്തുണയുണ്ട് എന്നതുകൊണ്ട് നാക്ക് വാടകയ്ക്ക് എടുത്ത് എന്തും വിളിച്ച് പറയുന്നവരുടെത് വ്യാമോഹം മാത്രമാണ്.ഒരു വർഗീയ ശക്തിയോടും ഞങ്ങൾക്ക് വിട്ടു വീഴ്ച ഇല്ല.

തൃശൂരിലെ ബിജെപി വിജയം ഗൗരവമുള്ളതാണ്. എന്നാൽ അവിടത്തെ കോണ്‍ഗ്രസ് വോട്ട് കാര്യമായി കുറഞ്ഞു. പിവി അൻവർ ഉന്നയിച്ച ആരോപണങ്ങൾ തള്ളിക്കളയുകയല്ല സർക്കാർ ചെയ്തത്.
അൻവർ ഉന്നയിച്ച ആരോപണങ്ങൾ ഗൗരവത്തിൽ എടുത്തിരുന്നു. പരിശോധിക്കാൻ ഡിജിപിക്ക് കീഴിൽ ഉള്ള ടീമിനെ നിയോഗിച്ചു.  ആ റിപ്പോർട്ട് വരട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു മാസത്തേക്കുള്ള അന്വേഷണമാണ് അത് തീരുന്ന മുറയ്ക്ക് അതിൻറെതായ നടപടികൾ ഉണ്ടാകും. ഇപ്പോള്‍ പിവി അൻവർ രംഗത്തിറങ്ങുന്നത് പ്രത്യേക അജണ്ടയോടെ. അതിനു പിന്നിലെ താൽപര്യത്തെക്കുറിച്ച് താനിപ്പോൾ പറയുന്നില്ല.വർഗീയ വിദ്വേഷം തിരുകികയറ്റാനുള്ള ശ്രമം നാട് തിരിച്ചറിയണമെന്നും പിണറായി വിജയൻ പറഞ്ഞു.

നാടും രാജ്യവും ലോകവും പ്രത്യേക ഘട്ടത്തിലുടെ കടന്ന് പോകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പാലസ്തീൻ ഐക്യദാർഢ്യത്തിന് മുന്നിൽ നിന്നത് സിപിഎം ആയിരുന്നു. ഒരു വിഭാഗത്തെ പ്രീണിപ്പിക്കുന്നു എന്ന് ചിലർ പ്രചരിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് ദേശീയ തലത്തിൽ പ്രതികരിക്കില്ല എന്നതായിരുന്നു ചിലരുടെ നിലപാട്.  

ലോകത്ത് എന്ത് സംഭവിക്കും എന്ന് ആശങ്ക ഉണ്ടാകുന്നുണ്ട്. നേരത്തെ കോഴിക്കോട് സിപിഎം സംഘടിപ്പിച്ച പലസ്തീൻ അനുസ്മരണം ഓർക്കുന്നു. സിപിഎം ആണ് ആദ്യം പരിപാടി സംഘടിപ്പിച്ചത്. ഇതിന് പിന്നാലെ ചിലർ സിപിഎം എന്തോ അരുതാത്തത് ചെയ്തു എന്ന പ്രചാരണം ഒരു വിഭാഗം അഴിച്ചു വിട്ടു. പ്രത്യേകം ആളുകളെ പ്രീണിപ്പിക്കാൻ ആണ് ഇത്തരം നടപടി എന്നാണ് പ്രചരിപ്പിക്കാൻ ശ്രമിച്ചത്. അത്തരം പ്രചാരണങ്ങൾക്ക് നേതൃത്വം കൊടുത്തവർക്ക് പ്രത്യേകം ഉദ്ദേശം ഉണ്ടാകും.

പ്രചാരണത്തിന്‍റെ ഗുണഫലം അനുഭവിക്കാൻ തയ്യാറായ കൂട്ടർ ഇക്കാര്യത്തിൽ തികഞ്ഞ മൗനം ആണ് പാലിച്ചത്. ആ തെരഞ്ഞെടുപ്പ് കഴിയും വരെ ഒന്നും ചെയ്യേണ്ടതില്ല എന്ന് തീരുമാനിച്ചു. അഖിലേന്ത്യാ അടിസ്ഥാനത്തിലും പ്രതികരിക്കേണ്ട  എന്നും തീരുമാനിച്ചു. പലസ്തീൻ വിഷയം പുതിയ വിഷയം അല്ല. നമ്മുടെ രാജ്യം എക്കാലവും പലസ്തീനൊപ്പം ആണ് നിന്നത്.

മുഖ്യമന്ത്രിയുടെ അഭിമുഖം തയ്യാറാക്കിയതിലെ പങ്ക് സ്ഥിരീകരിച്ച് പിആർ ഏജൻസി;'പൊളിറ്റിക്കൽ വിങ് സൗകര്യമൊരുക്കി'

'മലപ്പുറം പരാമർശം പിആർ ഏജൻസി എഴുതി നൽകിയത്, ഖേദം പ്രകടിപ്പിക്കുന്നു'; പ്രതികരണവുമായി 'ദി ഹിന്ദു' എഡിറ്റർ

 

Latest Videos
Follow Us:
Download App:
  • android
  • ios