എന്തുകൊണ്ട് വിദേശയാത്രയിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും കുടുംബാംഗങ്ങൾ? മുഖ്യമന്ത്രിയുടെ മറുപടി!

നാടിനെ അഭിവൃദ്ധിപ്പെടുത്താനുള്ള നീക്കങ്ങൾ എന്താണ് കാണാത്തതെന്ന് ചോദിച്ച പിണറായി വിജയൻ മാധ്യമങ്ങളും  പ്രതിപക്ഷവും പ്രചരിപ്പിക്കാൻ നോക്കുന്ന ചിത്രമല്ല സർക്കാരിനെ കുറിച്ചും കേരളത്തെ കുറിച്ചും പുറത്തുള്ളതെന്നും വിവരിച്ചു

cm pinarayi vijayan response on Family members presence in official foreign trip

തിരുവനന്തപുരം: വിദേശയാത്രയുടെ ഗുണഫലങ്ങൾ വ്യക്തമാക്കിക്കൊണ്ട് മുഖ്യമന്ത്രി നടത്തിയ വാർത്താ സമ്മേളനത്തിൽ കേരളം പ്രതീക്ഷിച്ചതിലും മികച്ച നേട്ടമാണ് സ്വന്തമാക്കാനായതെന്നാണ് വിശദീകരിച്ചത്. അതിനിടയിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും കുടുംബാംഗങ്ങളടക്കമുള്ളവരെ എന്തുകൊണ്ടാണ്ട് ഔദ്യോഗിക വിദേശയാത്രയിൽ ഉൾപ്പെടുത്തിയതെന്ന ചോദ്യം മാധ്യമപ്രവർത്തകരുടെ ഭാഗത്ത് നിന്നും ഉയർന്നു. കുടുംബാംഗങ്ങൾ പോയതിൽ ഒരു അനൗചിത്യവും ഇല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മാധ്യമങ്ങൾ ഏതിലാണ് ഊന്നൽ നൽകുന്നതെന്ന് ചോദിച്ച മുഖ്യമന്ത്രി, കേരളത്തിന് നേട്ടമുണ്ടാക്കാനായി നടത്തിയ ഔദ്യോഗികയാത്രയെ ചിലർ ഉല്ലാസയാത്രയെന്നും ധൂർത്തെന്നും വരുത്തി തീർക്കാനാണ് ശ്രമിച്ചതെന്നും അഭിപ്രായപ്പെട്ടു. നാടിനെ അഭിവൃദ്ധിപ്പെടുത്താനുള്ള നീക്കങ്ങൾ എന്താണ് കാണാത്തതെന്ന് ചോദിച്ച പിണറായി വിജയൻ മാധ്യമങ്ങളും  പ്രതിപക്ഷവും പ്രചരിപ്പിക്കാൻ നോക്കുന്ന ചിത്രമല്ല സർക്കാരിനെ കുറിച്ചും കേരളത്തെ കുറിച്ചും പുറത്തുള്ളതെന്നും വിവരിച്ചു

അതേസമയം വിദേശയാത്രയെക്കുറിച്ചുള്ള വിവരങ്ങൾ മുഖ്യമന്ത്രി വാ‍ർത്താ സമ്മേളനത്തിൽ വിശദീകരിച്ചിരുന്നു. ഒക്ടോബര്‍ ആദ്യത്തെ രണ്ടാഴ്ച കേരളത്തിന്‍റെ ഔദ്യോഗികസംഘം യൂറോപ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്നത്. സംസ്ഥാനത്തിന്‍റെ മുന്നോട്ടു പോക്കിന് അനിവാര്യമായ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇത്തരം ഒരു യാത്ര പ്ലാന്‍ ചെയ്തതെന്നും അത് പൂർണമായും തന്നെ പൂര്‍ത്തിയാക്കാനായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ലക്ഷ്യമിട്ടതിനേക്കാള്‍ കൂടുതല്‍ ഗുണഫലങ്ങള്‍  ഈ യാത്ര കൊണ്ട് സംസ്ഥാനത്തിന്  സ്വായത്തമായിട്ടുണ്ടെന്നും അദ്ദേഹം അഭിമാനത്തോടെ പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകൾ

പഠനഗവേഷണ മേഖലകളിലെ  സഹകരണം, കേരളീയര്‍ക്ക് പുതിയ തൊഴില്‍ സാധ്യതകള്‍ കണ്ടെത്തല്‍, പ്രവാസി ക്ഷേമത്തിനായുള്ള ഇടപെടലുകള്‍,  മലയാളി സമൂഹവുമായുള്ള ആശയ വിനിമയം, സംസ്ഥാനത്തേക്ക് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കല്‍  എന്നിവയാണ്  സന്ദര്‍ശനത്തിന്‍റെ പ്രധാന ലക്ഷ്യങ്ങളായി കണ്ടിരുന്നത്. ഇവയിലെല്ലാം പ്രതീക്ഷയില്‍ കവിഞ്ഞ നേട്ടങ്ങളാണ് ഉണ്ടാക്കാനായത്. നാളെയുടെ പദാര്‍ത്ഥം എന്ന് ശാസ്ത്ര ലോകം വിശേഷിപ്പിക്കുന്ന ഗ്രഫീന്‍ അടിസ്ഥാനമാക്കിയുള്ള പദ്ധതികള്‍ കേരളത്തില്‍ യാഥാര്‍ഥ്യമാക്കുന്നതടക്കമുള്ള മൂല്യവത്തായ തീരുമാനങ്ങളാണ് ഈ സന്ദര്‍ശനത്തിന്‍റെ ഭാഗമായി 
ഉണ്ടായത്.  ഫിന്‍ലന്‍ഡ്, നോര്‍വ്വേ, യു കെ  എന്നിവിടങ്ങളിലാണ് സന്ദര്‍ശനം നടത്തിയത്. യു കെയുടെ തന്നെ ഭാഗമായ വെയില്‍സിലും കൂടിക്കാഴ്ചകള്‍ നടത്തി. മന്ത്രിമാരായ പി രാജീവ്, വി ശിവന്‍കുട്ടി, വീണ ജോര്‍ജ് എന്നിവരും ചീഫ് സെക്രട്ടറി വി പി ജോയ് അടക്കമുള്ള ഉദ്യോഗസ്ഥ പ്രമുഖരും പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പ്രൊഫസ്സര്‍ വികെ രാമചന്ദ്രനും സംഘത്തില്‍ ഉണ്ടായിരുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios