ഏഴ് വർഷം കൊണ്ട് സംസ്ഥാനത്തെ പൊലീസ് സേനയിലുണ്ടായത് സമാനതകളില്ലാത്ത മാറ്റം: മുഖ്യമന്ത്രി
ജനസേവ തത്പരരായ സേനയാണ് കേരളത്തിലെ പൊലീസ് സേനയെന്ന് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പറഞ്ഞു
തിരുവനന്തപുരം: കഴിഞ്ഞ 7 വർഷത്തിൽ സംസ്ഥാനത്തെ പൊലീസ് സേനയിലുണ്ടായത് സമാനതകളില്ലാത്ത മാറ്റമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്ത് കുറ്റകൃത്യങ്ങളിൽ കോടതി ശിക്ഷ വിധിക്കുന്നതിൽ ഒന്നാം സ്ഥാനത്താണ് കേരളം. കേരള പൊലീസിന്റെ അന്വേഷണ മികവാണ് ഇത് തെളിയിക്കുന്നത്. ആധുനിക ലോകത്തിന് അനുയോജ്യമായ വിധത്തിൽ മാറിയ സേനയാണ് കേരളത്തിലേതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജനസേവ തത്പരരായ സേനയാണ് കേരളത്തിലെ പൊലീസ് സേനയെന്ന് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പറഞ്ഞു. മഹാമാരിയിലും പാവങ്ങളെ സഹായിക്കുന്ന കാര്യത്തിലും പൊലീസിന്റെ സേവനതാത്പര്യം കണ്ടതാണ്. ആവശ്യത്തിന് അംഗങ്ങളെ സേനയിൽ നിയമിക്കുമെന്നും വനിതാ പ്രാതിനിധ്യം വർധിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വർഗീയ സംഘർഷമില്ലാത്ത സംസ്ഥാനമെന്ന നിലയിൽ കേരളത്തെ മാറ്റിയതിൽ പൊലീസ് വഹിച്ച പങ്ക് വലുതാണെന്ന് പറഞ്ഞ അദ്ദേഹം ലോകത്തിന് കേരളത്തെയും കേരളത്തിന് ലോകത്തെയും അറിയാനാണ് കേരളീയം സംഘടിപ്പിക്കുന്നതെന്നും വ്യക്തമാക്കി.