സിപിഎം പുറത്തുവിടുമെന്ന് പറഞ്ഞ രേഖകൾ വെളിച്ചം കാണുന്നില്ല, കയ്യിലുള്ള രേഖകളുമായി മാധ്യമങ്ങളെ കാണും: കുഴൽനാടൻ
മാസപ്പടി വിവാദത്തിൽ കയ്യിലുള്ള രേഖകളുമായി ഇന്ന് മാധ്യമങ്ങളെ കാണുമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. ഫേസ്ബുക്ക് കുറിപ്പാലാണ് കുഴൽനാടൻ ഇക്കാര്യം അറിയിച്ചത്
തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ കയ്യിലുള്ള രേഖകളുമായി ഇന്ന് മാധ്യമങ്ങളെ കാണുമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. ഫേസ്ബുക്ക് കുറിപ്പാലാണ് കുഴൽനാടൻ ഇക്കാര്യം അറിയിച്ചത്. 'സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തുവിടുമെന്ന് അവകാശപ്പെട്ട രേഖകൾ രണ്ടുദിവസമായിട്ടും വെളിച്ചം കാണാത്ത നിലയ്ക്ക് എന്റെ കയ്യിലുള്ള രേഖകളുമായി ഇന്ന് മാധ്യമങ്ങളെ കാണും' - എന്നാണ് മാത്യു കുഴൽനാടൻ കുറിച്ചിരിക്കുന്നത്.
വീണ വിജയന്‍ കരിമണല്‍ കമ്പനിയില്‍ നിന്ന് വാങ്ങിയ പണത്തിന് ആനുപാതികമായി ഐജിഎസ്ടി അടിച്ചിട്ടില്ലെന്ന ആരോപണത്തിലുറച്ച് നിൽക്കുകയാണ് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. അതേസമയം, ആരോപണം തെറ്റെന്ന് തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമോയെന്ന എകെ ബാലന്‍റെ വെല്ലുവിളി അദ്ദേഹം തള്ളിയിരുന്നു. എകെ ബാലൻ മുതിർന്ന നേതാവാണ്. ഞാൻ ചെറിയ ആളാണ്. പൊതു പ്രവർത്തനം അവസാനിക്കാൻ പറയുന്നത് കടന്ന കൈയാണ്. വീണ ഐജിഎസ്ടി അടച്ചിട്ടില്ല എന്നാണ് ഉത്തമ ബോധ്യം. അടച്ചെന്ന് തെളിഞ്ഞാൽ മാപ്പ് പറയുമെന്നും ആയിരുന്നു മാത്യു പറഞ്ഞത്.
വീണ ഐജിഎസ്ടി അടച്ചിട്ടില്ല എന്ന് തെളിഞ്ഞാൽ ബാലൻ എന്ത് ചെയ്യും. കണക്ക് പുറത്തു വിടാൻ വെല്ലുവിളിക്കുന്നു. സിപിഎം സെക്രട്ടറിയേറ്റ് ഇടപാട് സുതാര്യമാണെന്ന് പറയുന്നു. ആ ഡേറ്റിൽ ഉള്ള ഇന്‍വോയ്സ് പുറത്തു വിടണം. കർത്തയുടെ കമ്പനിയിൽ നിന്ന് വാങ്ങിയ പണത്തിന് ഐജിഎസ്ടി അടച്ചതിന്‍റെ രേഖകള്‍ പുറത്ത് വിടണം. മറിച്ചാണെങ്കിൽ മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങി എന്ന് സിപിഎം സമ്മതിക്കുമോയെന്നും മാത്യു കുഴല്‍നാടന്‍ ചോദിച്ചിരുന്നു.
നേരത്തെ, 1.72 കോടി രൂപയ്ക്ക് വീണ വിജയൻ ഐജിഎസ്ടി അടച്ചതിന്റെ രേഖകൾ സിപിഎം പുറത്തുവിട്ടേക്കും എന്ന് വാർത്തകളുണ്ടായിരുന്നു. മാത്യു കുഴൽനാടന്റെ പരാതിയിൽ ധനമന്ത്രി വിശദീകരണം നൽകുന്നതിനും ആലോചയുണ്ടായിരുന്നു. ഐജിഎസ്ടി അടച്ചു എന്ന നിലയിൽ പാർട്ടി കേന്ദ്രങ്ങൾ പറയുന്നുണ്ടെങ്കിലും ആരും ഇതു വരെ രേഖ പുറത്തുവിട്ടിട്ടില്ല. ഇതിനിടെയാണ് പുതിയ രേഖകളുമായി മാത്യു വീണ്ടും ഇന്ന് മാധ്യമങ്ങളെ കാണാനിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം