തൃക്കാക്കര കൂട്ടബലാത്സംഗ കേസ്, സിഐ സുനുവിന് സസ്‍പെന്‍ഷന്‍
തൃക്കാക്കര കൂട്ടബലാത്സംഗ കേസിലെ മൂന്നാം പ്രതിയാണ് പി ആര്‍ സുനു. കഴിഞ്ഞ ഞായറാഴ്ചയാണ് ഇയാളെ പൊലീസ് സ്റ്റേഷനിൽ നിന്ന് തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്തത്.
തിരുവനന്തപുരം: തൃക്കാക്കര കൂട്ടബലാത്സംഗ കേസിൽ പ്രതിയായ ബേപ്പൂർ കോസ്റ്റൽ സി ഐ പി ആർ സുനുവിന് സസ്പെൻഷൻ. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി. തൃക്കാക്കര കൂട്ടബലാത്സംഗ കേസിലെ മൂന്നാം പ്രതിയാണ് കോസ്റ്റൽ എസ് എച്ച് ഒ പി ആർ സുനു. എറണാകുളം സ്വദേശിയായ യുവതിയുടെ പരാതിയെ തുടർന്ന് കഴിഞ്ഞ ഞായറാഴ്ച ഇയാളെ തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും മതിയായ തെളിവില്ലാത്തതിനാൽ അറസ്റ്റ് രേഖപ്പെടുത്താതെ വിട്ടയക്കുകയായിരുന്നു.
ചോദ്യം ചെയ്യലിന് ശേഷം ഇന്ന് ഡ്യൂട്ടിക്ക് സുനു ഹാജരായത് വിവാദമായിരുന്നു. ആരോപണ വിധേയനായ വ്യക്തി സ്റ്റേഷൻ ചുമതല വഹിക്കുന്നത് അവമതിപ്പുണ്ടാക്കുമെന്ന വിലയിരുത്തലിൽ ഇയാളോട് അവധിയിൽ പോകാൻ ക്രമസമധാന ചുമതല വഹിക്കുന്ന എ ഡി ജി പി നിർദ്ദേശം നൽകി. പത്ത് ദിവസത്തെ അവധി അനുവദിച്ചതിന് തൊട്ടുപുറകേയാണ് വകുപ്പുതല നടപടി. ഇയാൾക്കെതിരെ നേരത്തയുണ്ടായിരുന്ന കേസുകളുടെ കൂടി വിശദാംശങ്ങൾ പരിശോധിച്ച് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് സസ്പെൻഷൻ.
സുനുവിനെതിരെ കടുത്ത നടപടിയുണ്ടാകുമെന്നാണ് സൂചന. പ്രതിചേർക്കപ്പെട്ടയാൾ വീണ്ടും ഡ്യൂട്ടിക്കെത്തിയതില്‍ പൊലീസിൽ തന്നെ രണ്ടഭിപ്രായമുയര്‍ന്നിരുന്നു. ഇതുകൂടി പരിഗണിച്ചാണ് നടപടി. എന്നാൽ താൻ നിരപരാധിയെന്നും ഇക്കാര്യം മേലധികാരികൾക്ക് ബോധ്യപ്പെട്ടതിനാലുമാണ് തിരികെ ഡ്യൂട്ടിയിൽ പ്രവേശിക്കാൻ അനുമതി നൽകിയത് എന്നുമായിരുന്നു സുനുവിന്‍റെ വിശദീകരണം. തനിക്കെതിരെയുളള പൊലീസ് നടപടികൾ ചട്ടവിരുദ്ധം എന്ന് കാട്ടി നിയമ നടപടി സ്വീകരിക്കാനും സുനു ആലോചിക്കുന്നുണ്ട്. യാതൊരു തെളിവുമില്ലാതെ 40 മണിക്കൂറിലേറെ നേരം നിയമവിരുദ്ധമായി കസ്റ്റഡിയിൽ വച്ചു എന്നാണ് സുനുവിന്‍റെ ആരോപണം.
- Read Also : കൂട്ടബലാത്സംഗ കേസ്: സി.ഐ പി.ആർ സുനു അവധിയിൽ പ്രവേശിച്ചു, അവധിയെടുത്തത് എഡിജിപിയുടെ നിർദേശത്തെ തുടർന്ന്