ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പർ ചോർച്ച; എംഎസ് സൊലൂഷൻസ് സിഇഒ അധ്യാപകനെ ഭീഷണിപ്പെടുത്തിയെന്ന് പരാതി

എം എസ് സോലൂഷൻസിന്റെ ചോദ്യ പേപ്പർ നോക്കി പഠിക്കരുതെന്ന് വിദ്യാർത്ഥിയോട് പറഞ്ഞ അധ്യാപകനെയാണ് മുഹമ്മദ് ഷുഹൈബ് ഭീഷണിപ്പെടുത്തിയത്.

christmas exam question paper leak teacher complained ms solutions ceo Shuhaib threatened

കോഴിക്കോട്: പത്താം ക്ലാസ് ക്രിസ്തുമസ് ചോദ്യപേപ്പർ ചോർച്ചയിൽ ആരോപണം നേരിടുന്ന എംഎസ് സൊലൂഷൻസ് സിഇഒ മുഹമ്മദ് ഷുഹൈബ് അധ്യാപകനെ ഭീഷണിപ്പെടുത്തിയതായി പരാതി. എം എസ് സോലൂഷൻസിന്റെ ചോദ്യ പേപ്പർ നോക്കി പഠിക്കരുതെന്ന് വിദ്യാർത്ഥിയോട് പറഞ്ഞ അധ്യാപകനെ മുഹമ്മദ് ഷുഹൈബ് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തെന്നാണ് പരാതി. അധ്യാപകനെ ഭീഷണിപ്പെടുത്തുന്ന മുഹമ്മദ് ഷുഹൈബന്റെ ഓഡിയോ പുറത്തുവന്നു. ചോദ്യപേപ്പർ ചോർച്ച വിവാദത്തിന് മുമ്പാണ് ഈ സംഭവം നടന്നത് എന്നാണ് വിവരം. സംഭവത്തിൽ അധ്യാപകൻ കൊടുവള്ളി പൊലീസിൽ പരാതി നൽകി.

കഴിഞ്ഞ ഓണ പരീക്ഷയുടെ സമയത്താണ് ഷുഹൈബ് ഫോണിൽ ഭീഷണിപ്പെടുത്തിയതെന്ന് പരാതിക്കാരനായ അധ്യാപകൻ അബ്ദുൽ ഹക്കീം ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. ഓൺലൈൻ സ്ഥാപനങ്ങൾ പ്രവചിക്കുന്ന ചോദ്യങ്ങൾ മാത്രം നോക്കി പഠിക്കരുതെന്ന് കുട്ടികളോട് പറഞ്ഞിരുന്നു. അവർ ചോദ്യങ്ങൾ ചോർത്തിയാണ് കൊടുക്കുന്നതെന്ന് സംശയിച്ചിരുന്നു. എസ്എസ്എൽസി ഫൈനൽ പരീക്ഷയിൽ അവർ പറയുന്ന ചോദ്യങ്ങൾ വന്നിരുന്നില്ല. കുട്ടികളോട് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഷുഹൈബ് ഭീഷണിപ്പെടുത്തിയത്. സംഭവത്തില് കൊടുവള്ളി പൊലീസിൽ അന്ന് പരാതി നൽകിയിരുന്നു. ഇനി ഇതൊന്നും ആവർത്തിക്കില്ലെന്ന് പറഞ്ഞതിനാൽ ഷുഹൈബിനെ താക്കീത് നൽകി വിടുകയാണ് ചെയ്തത്. ചോദ്യപേപ്പർ പ്രവചിക്കുന്നതടക്കം നിർത്തുമെന്ന് അന്ന് ഷുഹൈബ് പറഞ്ഞതായും ഹകീം ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു.

അതേസമയം, ചോദ്യപേപ്പർ ചോർച്ചയിൽ കേസെടുത്ത ക്രൈംബ്രാഞ്ച്, എം എസ് സൊല്യൂഷൻസ് ഉടമകളുടെ മൊഴിയെടുക്കാനൊരുങ്ങുകയാണ്. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെയും നേരത്തെ പരാതി നൽകിയ അധ്യാപകരുടെയും മൊഴിയെടുപ്പ് പൂർത്തിയായതിന് പിന്നാലെയാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് തട്ടിപ്പ്, വിശ്വാസ വഞ്ചന ഉൾപ്പടെ 7 വകുപ്പുകൾ ചുമത്തിയാണ് ക്രൈംബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. മറ്റ് സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഇവയുമായി സഹകരിക്കുന്ന അധ്യാപകരുടെ മൊഴിയും രേഖപ്പെടുത്തും. 

Also Read:   ചോദ്യപേപ്പ‍ർ ഒരിക്കലും ചോർത്തിയിട്ടില്ലെന്ന് എം എസ് സൊല്യൂഷൻസ്; തങ്ങൾ മാത്രം ക്രൂശിക്കപ്പെടുന്നുവെന്ന് സിഇഒ

അതിനിടെ, സംഭവത്തില്‍ വിശദീകരണവുമായി സിഇഒ എം ഷുഹൈബ് രംഗത്തുവന്നു. ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകളുടെ പേരില്‍ പരാതി വന്നിട്ടുണ്ടെങ്കിലും ക്രൂശിക്കപ്പെടുന്നത് എം എസ് സൊല്യൂഷന്‍സ് മാത്രമാണെന്ന് ഷുഹൈബ് ആരോപിച്ചു. കഴിഞ്ഞ ദിവസം നടന്ന എസ്എസ്എല്‍സി ക്രിസ്മസ് പരീക്ഷയില്‍ തങ്ങള്‍ പ്രവചിച്ച നാല് ചോദ്യങ്ങള്‍ മാത്രമാണ് വന്നത്. മറ്റ് പ്ലാറ്റ്ഫോമുകള്‍ പറഞ്ഞ ഭൂരിഭാഗം ചോദ്യങ്ങളും പരീക്ഷക്ക് വന്നപ്പോഴും ആരോപണം ഉയര്‍ന്നത് തങ്ങള്‍ക്കെതിരെയാണെന്നും അദ്ദേഹം പറഞ്ഞു. ഓണ്‍ലൈന്‍ ക്ലാസുകളില്‍ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ലെന്നും ഷുഹൈബ് വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios