കാരൾ പാടിയും കേക്ക് മുറിച്ചും വിദ്യാർത്ഥികള്‍; വിവാദങ്ങൾക്കിടെ നല്ലേപ്പിള്ളി സ്കൂളിൽ വീണ്ടും ക്രിസ്മസ് ആഘോഷം
ക്രിസ്മസ് ആഘോഷം നടത്തിയതിന് വിശ്വഹിന്ദ് പരിഷത്ത് പ്രവർത്തകർ അധ്യാപകരെ ഭീഷണിപ്പെടുത്തിയ പാലക്കാട് നല്ലേപ്പിള്ളി ജി.എൽ.പി സ്കൂളിൽ വീണ്ടും ക്രിസ്മസ് ആഘോഷം. നാടക ക്യാമ്പസിന്‍റെ ഭാഗമായിട്ടായിരുന്നു ആഘോഷം
പാലക്കാട്: ക്രിസ്മസ് ആഘോഷം നടത്തിയതിന് വിശ്വഹിന്ദ് പരിഷത്ത് പ്രവർത്തകർ അധ്യാപകരെ ഭീഷണിപ്പെടുത്തുകയും ആഘോഷം തടയുകയും ചെയ്ത പാലക്കാട് നല്ലേപ്പിള്ളി ജി.എൽ.പി സ്കൂളിൽ വീണ്ടും ക്രിസ്മസ് ആഘോഷം. നാടക ക്യാംപിന്‍റെ ഭാഗമായാണ് കുട്ടികളും നാടകാധ്യാപകരും ചേർന്ന് ക്രിസ്മസ് ആഘോഷിച്ചത്. കാരൾ പാടിയും, കേക്ക് മുറിച്ചും, മധുരം വിതരണം ചെയ്തും ആഘോഷം വർണാഭമാക്കി.
നല്ലേപ്പിള്ളിയിലെ ക്രിസ്മസ് ആഘോഷം ചോദ്യം ചെയ്തതിന് മൂന്ന് വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകരെയാണ് ചിറ്റൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. തുടർന്നായിരുന്നു നല്ലേപ്പിള്ളി സ്കൂളിന്‍റെ പത്ത് കിലോമീറ്റർ പരിധിക്കുള്ളിലുള്ള തത്തമംഗലം ജി.ബി. യു.പി സ്കൂളിലെ ക്രിസ്മസ് ആഘോഷത്തിനായി ഒരുക്കിയ പുൽക്കൂടും അലങ്കാരങ്ങളും തകർത്തനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് സ്കൂളിൽ വീണ്ടും ക്രിസ്മസ് ആഘോഷിച്ചുകൊണ്ട് വിദ്യാര്‍ത്ഥികളും അധ്യാപകരും രംഗത്തെത്തിയത്.
നേരത്തെ പാലക്കാട് നല്ലേപ്പുള്ളി ഗവ.യു.പി സ്കൂളിലെ ക്രിസ്മസ് ആഘോഷം വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ തടസ്സപ്പെടുത്തിയതിൽ പ്രതിഷേധിച്ച് സൗഹൃദ കരോളുമായി യുവജന സംഘടനകൾ രംഗത്തെത്തിയിരുന്നു. സ്കൂളിന് മുന്നിലായിരുന്നു ഡിവൈഎഫ്ഐ, യൂത്ത് കോൺഗ്രസ് പ്രതിഷേധ കരോൾ നടത്തിയത്. മതേതര കേരളത്തിൽ ആഘോഷങ്ങൾക്ക് ജാതിയുടെയോ മതത്തിന്‍റേയോ അതിർവരമ്പില്ലെന്ന് യുവജന സംഘടനകള്‍ ഒരേ സ്വരത്തിൽ പ്രതികരിച്ചു. മാട്ടുമന്ത മുതൽ നല്ലേപ്പുള്ളി യുപി സ്കൂൾ വരെ വർണാഭമായിരുന്നു കരോൾ.
കരോൾ പാട്ടും ഡാൻസുമായിട്ടാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നല്ലേപ്പിള്ളി സ്കൂളിലേക്കെത്തിയത്. കുട്ടികളുൾപ്പെടെ ഇതിൽ പങ്കെടുത്തു. കേരളത്തിന് ഒരു നന്മയുണ്ട്, അതിൽ വർഗീയതയുടെ വിഷം കലർത്താൻ ശ്രമിച്ചാൽ അതിനെ ജനകീയമായി തന്നെ പ്രതിരോധിക്കുെമെന്ന് സൂചിപ്പിക്കാനാണ് ഇന്ന് കരോൾ നടത്തുന്നതെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ പറഞ്ഞു. പ്രതിഷേധ സൗഹൃദ കരോളാണ് യൂത്ത് കോൺഗ്രസ് നടത്തിയത്.
എല്ലാവർക്കും മധുരം വിതരണം ചെയ്ത് കൊട്ടും പാട്ടുമായിട്ടായിരുന്നു ഡിവൈഎഫ്ഐയുടെ പ്രതിഷേധ കരോൾ. കേരളം ഇന്നേവരെ ഇങ്ങനെയൊരു വിഷയം കേട്ടിട്ടേയുണ്ടായിരുന്നില്ല. കേരളം മതനിരപേക്ഷതയുടെ നാടാണെന്നും എല്ലാ ആഘോഷങ്ങളും ഒരുമിച്ച് ആഘോഷിക്കുന്നവരാണ് മലയാളികൾ. ആ മലയാളികളുടെ ഇടയിലേക്ക് ഇത്തരത്തിലുള്ള വർഗീയ വിഷവിത്തുകളുമായി വരുന്നവരെ ജനം ഒറ്റപ്പെടുത്തുമെന്ന് ഡിവൈഎഫ് ഐ പ്രതികരിച്ചു.
സ്‌കൂൾ ക്രിസ്മസ് ആഘോഷങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾ; ന്യൂനപക്ഷ കമ്മീഷൻ റിപ്പോർട്ട് തേടി