തിരുവനന്തപുരത്ത് കോളറ സ്ഥിരീകരിച്ചു; കാരുണ്യ ഹോസ്റ്റലിലെ 10വയസുകാരൻ ചികിത്സയിൽ, 7പേർക്ക് രോഗലക്ഷണം
കഴിഞ്ഞ ദിവസം കോളറ ലക്ഷണങ്ങളോടെ ഹോസ്റ്റലിലെ 26കാരനായ അനു മരിച്ചിരുന്നു. എന്നാല്‍, അനുവിന് കോളറ സ്ഥിരീകരിക്കാനായിരുന്നില്ല.
തിരുവനന്തപുരം: തിരുവനന്തപുരത്ത് കോളറ സ്ഥിരീകരിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ കാരുണ്യ ഭിന്നശേഷി ഹോസ്റ്റലിലെ പത്തു വയസുകാരനായ അന്തേവാസിക്കാണ് കോളറ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം കോളറ ലക്ഷണങ്ങളോടെ ഹോസ്റ്റലിലെ 26കാരനായ അനു എന്ന യുവാവ് മരിച്ചിരുന്നു. എന്നാല്‍, അനുവിന് കോളറ സ്ഥിരീകരിക്കാനായിരുന്നില്ല. അനുവിന്‍റെ സ്രവ സാമ്പിള്‍ ഉള്‍പ്പെടെ പരിശോധിക്കാനായിരുന്നില്ല. അനുവിനൊപ്പം താമസിച്ചിരുന്ന പത്തുവയസുകാരനാണിപ്പോള്‍ കോളറ സ്ഥിരീകരിച്ചത്.
കാരുണ്യ ചാരിറ്റബിൾ സൊസൈറ്റി നടത്തുന്ന ഭിന്നശേഷി ഹോസ്റ്റലിലെ 16 പേർ രോഗ ലക്ഷണങ്ങളോടെ നിലവിൽ മെഡിക്കല്‍ കോളേജഡിലടക്കം ചികിത്സയിലുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാരുണ്യ ചാരിറ്റബിൾ സൊസൈറ്റി നടത്തുന്ന ഭിന്നശേഷി പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസി അനു വയറിളക്കം ബാധിച്ച് ചികിത്സ തേടുന്നത്. വൈകീട്ട് മരിച്ചു. പിന്നാലെ കൂടുതൽ പേർക്ക് രോഗലക്ഷണങ്ങളുണ്ടായി.
കൂട്ടത്തിൽ ഛർദ്ദിയും വയറിളക്കവും ബാധിച്ച 10 വയസ്സുകാരനാണ് കോളറ സ്ഥിരീകരിച്ചത്. സംഭവത്തെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ഹോസ്റ്റലില്‍ എത്തി വിശദമായ പരിശോധന നടത്തി. കോളറ സ്ഥിരീകരിച്ചതില്‍ ഡിഎംഎ ഡിഎച്ച്എസിന് റിപ്പോര്‍ട്ട് നല്‍കി. എല്ലാ പ്രതിരോധ പ്രവർത്തനങ്ങളും സ്വീകരിച്ചതായി ഡിഎംഒ അറിയിച്ചു.
അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസും അന്വേഷണം തുടങ്ങി. 65 പേരാണ് ഹോസ്റ്റലിലുള്ളത്. അവരിൽ തന്നെ ആൺകുട്ടികൾക്ക് മാത്രമാണ് രോഗലക്ഷണം. സംസ്ഥാനത്ത് 6 മാസത്തിനിടെ 9 പേർക്ക് കോളറ സ്ഥിരീകരിച്ചിട്ടുണ്ട്. 2017 ലാണ് സംസ്ഥാനത്ത് ഒടുവിൽ കോളറ ബാധിച്ച് മരണം റിപ്പോർട്ട് ചെയ്യുന്നത്.