Asianet News MalayalamAsianet News Malayalam

ചിറ്റാര്‍ മത്തായി കസ്റ്റഡി മരണം: സിബിഐ അന്വേഷണത്തിന് വിട്ട് ഹൈക്കോടതി

അന്വേഷണം സിബിഐക്ക് കൈമാറാൻ തീരുമാനിച്ചതായി സർക്കാർ അറിയിച്ച പശ്ചാത്തലത്തിലാണ് ഹർജി തീ‍ർപ്പാക്കിയത്. 

chittar mathari custody death cbi inquiry
Author
Pathanamthitta, First Published Aug 21, 2020, 12:16 PM IST

പത്തനംതിട്ട: ചിറ്റാറിൽ വനപാലകരുടെ കസ്റ്റഡിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ഫാം ഉടമ മത്തായിയുടെ കേസ് അന്വേഷണം അടിയന്തരമായി സിബിഐയ്ക്ക് കൈമാറാൻ ഹൈക്കോടതി നിർദേശം. ഭാര്യ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് നിര്‍ദ്ദേശം. അന്വേഷണം സിബിഐക്ക് കൈമാറാൻ തീരുമാനിച്ചതായി സർക്കാർ അറിയിച്ച പശ്ചാത്തലത്തിലാണ് ഇക്കാര്യത്തിൽ ഹൈക്കോടതി തീരുമാനമെടുത്തത്. 

ഭാര്യ നൽകിയ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. ഹര്‍ജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയായിരുന്നു ഇക്കാര്യത്തിൽ സര്‍ക്കാര്‍ തീരുമാനമെടുത്തത്. അതേ സമയം മരിച്ച മത്തായിയുടെ മൃതദേഹം 25 ദിവസമായി സംസ്ക്കരിക്കാതെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം എന്ത് കൊണ്ട് സംസ്ക്കരിക്കുന്നില്ലെന്ന് കോടതി ചോദിച്ചു. സംസ്ക്കാരത്തിന് വേണ്ട കാര്യങ്ങള്‍ ചെയ്യണമെന്നും കോടതി മത്തായിയുടെ ഭാര്യയോട് ആവശ്യപ്പെട്ടു. 

മരിച്ചയാളുടെ മൃതദേഹം സംസ്ക്കാരിക്കാതെയുള്ള കുടുംബത്തിന്റെ പ്രതിഷേധത്തിലൂടെയാണ് മത്തായിയുടെ മരണം ചർച്ചയായത്. വനം വകുപ്പ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാതെ മൃതദേഹം സംസ്കരിക്കില്ലാന്നായിരുന്നു തുടക്കം മുതലുള്ള കുടുംബത്തിന്റെ നിലപാട്. ഒരു മാസമായിട്ടും മൃതദേഹം സംസ്കരിക്കാത്തത് സർക്കാരിനെ സമ്മർദ്ദത്തിലാക്കി. ഈ സാഹചര്യത്തിലാണ് കോടതിയിൽ സിബിഐ അന്വേഷണത്തെ  അനുകൂലിച്ചുള്ള നിലപാടിലേക്ക് സർക്കാരിനെ എത്തിച്ചത്.  

ഇതുവരെയുള്ള അന്വേഷണത്തിന്റെ വിശദാംശങ്ങളും മൊഴികളുടെ പകർപ്പുകളും സർക്കാർ മുദ്രവെച്ച കവറിൽ കോടതിക്ക് കൈമാറി. നിലവിൽ ആരേയും പ്രതി ചേർത്തിട്ടില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ എന്തുകൊണ്ടാണ് ആരേയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാതിരുന്നതെന്നും കോടതി ചോദിച്ചു.

കഴിഞ്ഞ മാസം 28 നാണ് വനം വകുപ്പ് കസ്റ്റഡിയിലിരിക്കെ മത്തായിയുടെ മൃതദേഹം എസ്റ്റേറ്റ് കിണറിൽ കണ്ടെത്തുന്നത്. മത്തായിയെ കസ്റ്റഡിയിലെടുത്തതിൽ ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴചയെന്ന് വനം വകുപ്പ് ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കസ്റ്റഡിയിലുള്ള ആളുടെ സുരക്ഷ  ഉറപ്പാക്കാനോ ജീവൻ രക്ഷിക്കാനോ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ശ്രമം ഉണ്ടായില്ലെന്നാണ് അന്വേഷണ റിപ്പോർട്ടിലെ പ്രധാന പരാമർശം. ചട്ടങ്ങൾ പാലിക്കാതെയാണ് മത്തായിയെ കസ്റ്റഡിയിലെടുത്തതെന്നും റിപ്പോർട്ടിൽ പറയുന്നു. കസ്റ്റഡിയിലെടുത്ത ആളെ ഫോറസ്റ്റ് സ്റ്റേഷനിലെത്തിച്ചില്ല. വൈദ്യ പരിശോധന നടത്തുന്നതിൽ വീഴ്ച സംഭവിച്ചു. മൊഴി എടുക്കാതെ തെളിവെടുപ്പ് നടത്തി എന്നിങ്ങനെയാണ് മറ്റ് കണ്ടെത്തലുകൾ.


 

Follow Us:
Download App:
  • android
  • ios