ചിന്ത പറഞ്ഞത് പെരുംനുണ; ശമ്പള കുടിശ്ശിക 8.50 ലക്ഷം രൂപ അനുവദിച്ചു; ചോദിച്ചിട്ട് കൊടുത്തതെന്ന് സർക്കാർ

കുടിശ്ശിക അനുവദിക്കാൻ ആവശ്യപ്പെട്ടത് ചിന്ത തന്നെ എന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. താൻ ആവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നു ചിന്ത ജെറോമിന്റെ വാദം

Chintha Jerome salary arrears 850k rupees sanctioned

തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് ചിന്ത ജെറോമിന് സംസ്ഥാന സർക്കാർ ശമ്പള കുടിശിക അനുവദിച്ചു. 17 മാസത്തെ കുടിശികയായി എട്ടര (8.50) ലക്ഷം രൂപയാണ് അനുവദിച്ചത്. കുടിശ്ശിക അനുവദിക്കാൻ ആവശ്യപ്പെട്ടത് ചിന്ത തന്നെ എന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. താൻ ആവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നു ചിന്ത ജെറോമിന്റെ വാദം. ഉത്തരവിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ഒരു ലക്ഷം രൂപയായി നേരത്തെ തന്നെ ശമ്പളം വർധിപ്പിച്ചിരുന്നു. സംസ്ഥാന സർക്കാർ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ ചിന്ത ശമ്പള കുടിശിക കൂടി ആവശ്യപ്പെട്ടതായി വാർത്തകൾ വന്നിരുന്നു. താൻ ആവശ്യപ്പെട്ടില്ലെന്നായിരുന്നു ചിന്തയുടെ വാദം. 

Chintha Jerome salary arrears 850k rupees sanctioned

കായിക യുവജന കാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറാണ് ഉത്തരവിറക്കിയത്.  6.1.17 മുതൽ 26.5.18 വരെയുള്ള 17 മാസത്തെ ശമ്പളമാണ് മുൻകാല പ്രാബല്യത്തോടെ ചിന്തക്ക് കിട്ടുന്നത്. ഈ കാലയളവിൽ ചിന്തക്ക് 50,000 രൂപയായിരുന്നു പ്രതിമാസ ശമ്പളം. മുൻകാല പ്രാബല്യത്തോടെ ശമ്പളം 1 ലക്ഷം ആക്കി ശമ്പളം ഉയർത്തിയതിലൂടെ 8. 50 ലക്ഷം രൂപ ( 17 x 50,000) ചിന്തക്ക് ലഭിക്കും.

ചിന്തയുടെ ശമ്പളം 26. 5.18 മുതൽ 1 ലക്ഷം രൂപയായി സർക്കാർ നേരത്തെ തന്നെ ഉയർത്തിയിരുന്നു. ശമ്പള കുടിശിക മുൻകാല പ്രാബല്യത്തോടെ അനുവദിക്കണമെന്നാവശ്യപ്പെട്ട് ചിന്ത ജെറോം 20.8.22 ന് സർക്കാരിന് കത്തെഴുതിയിരുന്നു. ചെയർ പേഴ്സണായി നിയമിതയായ 14.10.16  മുതൽ ചട്ടങ്ങൾ രൂപവൽക്കരിക്കപ്പെട്ട കാലയളവ് വരെ കൈപ്പറ്റിയ ശമ്പളത്തെ സംബന്ധിച്ച് അനിശ്ചിതത്വം നിലനിൽക്കുകയാണ്.  ആയതിനാൽ 14.10.16 മുതൽ 25.5.18 വരെയുള്ള കാലയളവിൽ അഡ്വാൻസായി കൈ പറ്റിയ തുകയും  യുവജന കമ്മീഷൻ ചട്ടങ്ങൾ പ്രകാരം നിജപ്പെടുത്തിയ ശമ്പളവും തമ്മിലുള്ള കുടിശിക അനുവദിക്കണമെന്ന് 20.8.22 ൽ ചിന്ത ജെറോം കത്ത് മുഖേന സർക്കാരിനോടാവശ്യപ്പെട്ടു.

Chintha Jerome salary arrears 850k rupees sanctioned

സാമ്പത്തിക പ്രതിസന്ധി ക്കിടയിൽ ചിന്ത ജെറോമിന് ശമ്പള കുടിശിക അനുവദിക്കാൻ ധനവകുപ്പ് അനുമതി കൊടുത്തത് വിവാദമായി. താൻ സർക്കാരിനോട് കുടിശിക വേണമെന്ന് ആവശ്യപ്പെട്ടില്ലെന്നായിരുന്നു ചിന്ത ജെറോം മാധ്യമങ്ങളോട് വ്യക്തമാക്കിയത്. അങ്ങനൊരു കത്ത് ഉണ്ടെങ്കിൽ പുറത്ത് വിടാനും ചിന്ത മാദ്ധ്യമങ്ങളെ വെല്ലുവിളിച്ചു. ചിന്ത പറഞ്ഞത് കളവാണെന്ന് ഇന്ന് സർക്കാർ ഇറക്കിയ ഉത്തരവിൽ നിന്ന് വ്യക്തം. ചിന്ത ആവശ്യപ്പെട്ടു, സർക്കാർ അനുവദിച്ചു എന്നാണ് ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്.

കത്ത് എഴുതി കുടിശിക ലഭിക്കണമെന്നാവശ്യപ്പെട്ടിട്ടും അങ്ങനൊരു കത്ത് എഴുതിയില്ലെന്ന് ചിന്ത എന്തിനാണ് നുണ പറഞ്ഞത് എന്ന നിരവധി ചോദ്യങ്ങളാണ് പൊതു സമൂഹത്തിൽ ഉയരുന്നത്. ഇത്രയും തുക ഒരുമിച്ച് കിട്ടിയാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും എന്നാണ് ചിന്ത പറഞ്ഞത്. ശമ്പള കുടിശിക ആവശ്യപ്പെട്ട് ചിന്ത നൽകിയ കത്ത് ധനവകുപ്പ് രണ്ട് പ്രാവശ്യം തള്ളിയിരുന്നു. മുൻകാല പ്രാബല്യത്തോടെ 1 ലക്ഷം രൂപ പ്രതിമാസം ശമ്പളം നൽകാനാവില്ല എന്നായിരുന്നു ധനവകുപ്പിന്റെ നിലപാട്. അതിന്റെ അടിസ്ഥാനത്തിൽ 2022 സെപ്റ്റംബർ 26 ന് 4.10.16 മുതൽ 25.5.18 വരെയുള്ള കാലയളവിലെ ശമ്പളം, അഡ്വാൻസ് ആയി നൽകിയ തുകയായ 50,000 രൂപയായി നിജപ്പെടുത്തി ക്രമികരിച്ച് കായിക യുവജന കാര്യ വകുപ്പ് ഉത്തരവിറക്കിയിരുന്നു.

അന്നത്തെ കായിക യുവജന കാര്യ വകുപ്പ് മന്ത്രിയായ മുഹമ്മദ് റിയാസിന്റെ കടുത്ത സമർദ്ദത്തെ തുടർന്ന് ധനമന്ത്രി ബാലഗോപാൽ മുൻ കാല പ്രാബല്യത്തോടെ 1 ലക്ഷം രൂപ ശമ്പളം നൽകാൻ തീരുമാനിച്ചു. 26.5.18 ലാണ് യുവജനകമ്മീഷന് സ്പെഷ്യൽ റൂൾ നിലവിൽ വരുന്നത്. അന്ന് മുതലാണ് ശമ്പളം 1 ലക്ഷമായി തീരുമാനിച്ചത്. ഇന്ന് സർക്കാർ ഇറക്കിയ ഉത്തരവിൽ 26.9.22 ലെ ഉത്തരവും റദ്ദ് ചെയ്തിട്ടുണ്ട്. സ്പെഷ്യൽ റൂൾ നിലവിൽ വരുന്നതിന് മുൻപുള്ള കാലയളവിലെ ശമ്പളം 1 ലക്ഷമായി മുൻകാല പ്രാബല്യത്തോടെ അനുവദിച്ച് നിലവിലെ സർക്കാർ ചട്ടങ്ങൾക്ക് വിരുദ്ധമാണ്.

പല സ്ഥാപനങ്ങളിലേയും തലപ്പത്തുള്ളവർ തങ്ങൾക്കും മുൻകാല പ്രാബല്യത്തോടെ ശമ്പളം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാൽ സർക്കാർ പെട്ട് പോകും. സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാണ്. 5 മാസമായി കെട്ടിട നിർമാണ തൊഴിലാളികൾക്ക് പെൻഷൻ പോലും ഇല്ല. ആശ്വാസ കിരണം പെൻഷൻ മുടങ്ങിയിട്ട് 1 വർഷമായി. സർക്കാർ ജീവനക്കാർക്ക് 4 ഗഡു ഡി എ കുടിശികയാണ് . പെൻഷൻകാർക്കും 4 ഗഡുക്കൾ കുടിശികയാണ്. പെൻഷൻ പരിഷ്കരണ കുടിശിക 2 ഗഡുക്കൾ സർക്കാർ തടഞ്ഞ് വച്ചിരിക്കുകയാണ്. 12000 കോടി രൂപ കരാറുകാർക്ക് നൽകാനുണ്ട്. പദ്ധതി ചെലവ് പോലും നാൽപത് ശതമാനം വെട്ടി ചുരുക്കി. ലൈഫ് മിഷൻ പണമില്ലാത്തത് കൊണ്ട് നിശ്ചലമാണ്. 9 ലക്ഷം പേരാണ് ലൈഫ് മിഷൻ വീടിന് അപേക്ഷിച്ചിരിക്കുന്നത്. ആർക്കും ഒന്നും കിട്ടുന്നില്ല. കറന്റ് ചാർജ്  , വാട്ടർ ചാർജ് , ബസ് ചാർജ് , ഭൂനികുതി എല്ലാം കുത്തനെ വർദ്ധിപ്പിച്ചു. വിലകയറ്റം മൂലം ജനങ്ങൾ ജീവിക്കാൻ ബുദ്ധിമുട്ടുകയാണ്.

Latest Videos
Follow Us:
Download App:
  • android
  • ios