ഏതെങ്കിലും ഒരു കക്ഷി യുഡിഎഫിൽ വരുന്നതിനെ കുറിച്ചല്ല ചിന്തൻ ശിബിർ ചർച്ച; രമേശ് ചെന്നിത്തല
കോൺഗ്രസിന്‍റെയും യുഡിഎഫിന്‍റെയും ജനകീയ അടിത്തറ വിപുലപ്പെടുത്താനാണ് ചിന്തൻ ശിബിർ തീരുമാനിച്ചത്. ചിന്തൻ ശിബിറോടുകൂടി പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു
തിരുവനന്തപുരം: ഏതെങ്കിലും ഒരു കക്ഷി യുഡിഎഫിൽ വരുന്നതിനെ കുറിച്ചല്ല ചിന്തൻ ശിബിർ ചർച്ചയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോൺഗ്രസിന്‍റെയും യുഡിഎഫിന്‍റെയും ജനകീയ അടിത്തറ വിപുലപ്പെടുത്താനാണ് ചിന്തൻ ശിബിർ തീരുമാനിച്ചത്. ചിന്തൻ ശിബിറോടുകൂടി പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മുല്ലപ്പള്ളിയും സുധീരനും ചിന്തന്‍ ശിബിറില്‍ പങ്കെടുക്കേണ്ടതായിരുന്നു. മുന്നണി വിപുലീകരണ ചർച്ച നടക്കേണ്ടത് യുഡിഎഫിലാണെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.
അതേസമയം, ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാതിരുന്നതിൽ വലിയ മനോവ്യഥയുണ്ടെന്നു മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചു. ഇപ്പോൾ പ്രചരിക്കുന്നത് തെറ്റായ വാർത്തകളാണ്. താന്‍ ചിന്തന്‍ശിബിറില്‍ പങ്കെടുക്കാതിരുന്നത്തിന്റെ കാരണം സോണിയ ഗാന്ധിയെ ധരിപ്പിക്കും. മാധ്യമങ്ങളോട് ഇത് പറയാൻ ഉദ്ദേശിക്കുന്നില്ല. പ്രവർത്തകർക്ക് തെറ്റിദ്ധാരണ ഉണ്ട്. കോഴിക്കോട് ഡിസിസി പ്രസിഡന്റ് ആണ് തന്നെ ക്ഷണിച്ചത്. തന്റെ സത്യസന്ധത സോണിയാ ഗാന്ധിക്കറിയാം എന്നും മുല്ലപ്പള്ളി പറഞ്ഞു.
Read Also: 'ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാതിരുന്നതില്‍ ഹൃദയവേദനയുണ്ട്, കാരണം സോണിയഗാന്ധിയെ അറിയിക്കും' : മുല്ലപ്പള്ളി
അതിനിടെ, യുഡിഎഫ് വിപുലീകരണം എന്ന കോൺഗ്രസ് ആശയത്തെ പിന്തുണയ്ക്കുമ്പോഴും മാണി ഗ്രൂപ്പിനെ തിരികെ കൊണ്ടു വരാനുള്ള നീക്കങ്ങളിൽ അതൃപ്തി പറയാതെ പറഞ്ഞിരിക്കുകയാണ് കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ്. എൽഡിഎഫിലെ അതൃപ്തർ ആരെന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്ന് മോൻസ് ജോസഫ് പ്രതികരിച്ചു. മുന്നണി വിപുലീകരണ ചർച്ചകൾ യുഡിഎഫിൽ നടന്നിട്ടില്ലെന്നായിരുന്നു ലീഗിന്റെ പ്രതികരണം. എന്നാൽ കോൺഗ്രസിന്റെ ആഗ്രഹങ്ങൾക്ക് ലൈസൻസ് ഇല്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പരിഹസിച്ചു.
എൽഡിഎഫിലെ അതൃപ്തരെ ചേർത്ത് യുഡിഎഫ് വിപുലീകരിക്കുമെന്നാണ് കോഴിക്കോട് നടന്ന ചിന്തന്‍ ശിബിറിലെ പ്രഖ്യാപനമെങ്കിലും കോൺഗ്രസിന്റെ മുഖ്യ ലക്ഷ്യം കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന്റെ മടങ്ങി വരവ് തന്നെയാണ് . ഇത് മനസിലാക്കിയാണ് ജോസഫ് ഗ്രൂപ്പിന്റെ പ്രതികരണം. പ്രതിസന്ധി ഘട്ടത്തിൽ യുഡിഎഫിനൊപ്പം നിന്നത് ജോസഫ് ഗ്രൂപ്പാണെന്നും മുന്നണിയിൽ നിന്ന് പുറത്തു പോയവർക്ക് കൃത്യമായ അജൻഡയുണ്ടായിരുന്നുവെന്നും മോൻസ് ജോസഫ് പറഞ്ഞത് മാണി ഗ്രൂപ്പിനെ ലക്ഷ്യമിട്ടു തന്നെയാണ്. മാണി വിഭാഗം മടങ്ങിയെത്തിയാൽ യുഡിഎഫിൽ ഇപ്പോഴുള്ള പ്രാധാന്യം നഷ്ടപ്പെടുമെന്ന പേടിയും ജോസഫ് ഗ്രൂപ്പ് നേതാക്കൾക്കുണ്ട്.
ഇടതുമുന്നണിയിൽ സി പി ഐ ഉൾപ്പെടെ അസ്വസ്ഥരാണെന്ന് പറഞ്ഞ് ലീഗ് നേതാവ് എം.കെ.മുനീർ കോൺഗ്രസ് നീക്കത്തിന് പിന്തുണ അറിയിച്ചു. എന്നാൽ മുന്നണി വിപുലീകരണ ചർച്ചകൾ യുഡിഎഫിൽ നടക്കും മുമ്പ് കോൺഗ്രസ് നടത്തിയ പ്രഖ്യാപനത്തിലെ അതൃപ്തിയും ലീഗ് നേതാവിന്റെ വാക്കുകളിൽ ഉണ്ടായിരുന്നു. എന്നാൽ കോൺഗ്രസ് പ്രഖ്യാപനത്തെ പരിഹസിച്ച് തള്ളിക്കളയുകയാണ് ഇടതു നേതൃത്വം.
ചിന്തൻ ശിബിരത്തിനു പിന്നാലെ മാണി ഗ്രൂപ്പിനെ യുഡിഎഫിലേക്ക് മടക്കി കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ടുയർന്നിരിക്കുന്ന ചർച്ചകൾ മധ്യതിരുവിതാംകൂറിലെ കോൺഗ്രസ് കേരള കോൺഗ്രസ് അണികൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്.
Read Also: യുഡിഎഫ് വിട്ടുപോയവരെയല്ല , ഇടതുമുന്നണിയിലെ അസംതൃപ്തരെയാണ് സ്വാഗതം ചെയ്യുന്നത്' പി ജെ ജോസഫ്