ഏഴ് മാസത്തിന് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നു; വീണ്ടും വാർത്താ സമ്മേളനം വിളിച്ചു, വിവരങ്ങൾ അറിയാം
മുഖ്യമന്ത്രി ഒടുവിൽ മാധ്യമങ്ങളെ കണ്ടത് ഫെബ്രുവരി 9 നായിരുന്നു
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും വാർത്താ സമ്മേളനം വിളിച്ചു. ഏഴ് മാസത്തിന് ശേഷമാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ നേരിട്ട് കാണുന്നത്. മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം ഇന്ന് വൈകിട്ട് 6 മണിക്ക് സെക്രട്ടറിയേറ്റ് നോർത്ത് ബ്ലോക്ക് മീഡിയ റൂമിലാണ് നടക്കുക. മുഖ്യമന്ത്രി ഒടുവിൽ മാധ്യമങ്ങളെ കണ്ടത് ഫെബ്രുവരി 9 നായിരുന്നു. ഏഴ് മാസത്തിന് ശേഷം വാർത്താസമ്മേളനം നടത്തുന്നത് നിപ സാഹചര്യത്തിലായിരിക്കുമെന്നാണ് സുചന.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതേസമയം നിപ ഭീഷണിയിൽ ഇന്നും കേരളത്തിന് ആശ്വാസമേകുന്ന വാർത്തകളാണ് പുറത്തുവന്നത്. നിപ രോഗ ബാധിതരുമായി സമ്പർക്കമുള്ളവരുടെ പട്ടികയിലെ 49 പേരുടെ പരിശോധനാഫലംകൂടി നെഗറ്റീവായിട്ടുണ്ട്. സംസ്ഥാനത്ത് പുതുതായി നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെങ്കിലും ജില്ലകള്‍ ജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ്. എങ്കിലും നിരന്തരം വീക്ഷിച്ച് പ്രോട്ടോകോള്‍ പ്രകാരമുള്ള നടപടി സ്വീകരിക്കണം. സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ സമ്പര്‍ക്ക ദിവസം മുതല്‍ 21 ദിവസം ഐസൊലേഷനില്‍ കഴിയേണ്ടതാണെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട്, തൃശൂര്‍, മലപ്പുറം, വയനാട്, പാലക്കാട്, കണ്ണൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്. ഓരോ ജില്ലയിലേയും ഐസൊലേഷന്‍, ചികിത്സാ സംവിധാനങ്ങള്‍ എന്നിവ യോഗം വിലയിരുത്തി. കോഴിക്കോടിന് പുറമേ മറ്റ് ജില്ലകളും ജാഗ്രതയോടെ പ്രവര്‍ത്തിക്കുകയാണ്. 45 പേര്‍ മറ്റു ജില്ലകളിലായി ക്വാറന്റൈനില്‍ കഴിയുന്നു. ജില്ലകളില്‍ ഫീവര്‍ സര്‍വെയലന്‍സ്, എക്‌സപേര്‍ട്ട് കമ്മിറ്റി മീറ്റിഗ് എന്നിവ നടത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
അതേസമയം നിപബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്. അവസാന രോഗിയുമായി സമ്പർക്കത്തിലായ ലക്ഷണങ്ങളുള്ള രണ്ട് ആരോഗ്യപ്രവർത്തകരെ ഐസൊലേഷനിലേക്ക് മാറ്റുകയും ചെയ്തു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വ്യക്തമാകുന്നത്.