'മുഖ്യമന്ത്രി ആരുടെ പിആർ ഏജൻസി'; കാന്തപുരം വിഭാഗത്തിൻ്റെ രിസാലയിൽ മുഖ്യമന്ത്രിക്കും സിപിഎമ്മിനും രൂക്ഷവിമർശനം
മുഖ്യമന്ത്രി ആരുടെ പിആർ ഏജൻസി എന്ന തലക്കെട്ടോടു കൂടിയ ലേഖനം രിസാലയുടെ എഡിറ്റോറിയൽ പേജിലാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.
കോഴിക്കോട്: കാന്തപുരം വിഭാഗത്തിൻ്റെ വാരികയിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനുമെതിരെ അതി രൂക്ഷവിമർശനം. എപിയുടെ വിദ്യാർത്ഥി വിഭാഗമായ എസ്എസ്എഫിന്റെ വാരികയായ രിസാലയിലാണ് വിമർശനം ഉയർന്നിരിക്കുന്നത്. മൃദുഹിന്ദുത്വ സമീപനം സ്വീകരിച്ചു പോവുന്നതാണ് സിപിഎമ്മിന്റെ അടുത്തകാല സമീപനങ്ങളെന്നും മാസികയിൽ വിമർശനം ഉയരുന്നു. മലപ്പുറം ജില്ലയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ പരാമർശങ്ങളും മുഖ്യമന്ത്രിയുടെ പിആർ ഏജൻസിയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളും ആർഎസ്എസ് കൂടിക്കാഴ്ച്ചയും വിമർശന വിധേയമായിട്ടുണ്ട്. 'മുഖ്യമന്ത്രി ആരുടെ പിആർ ഏജൻസി' എന്ന തലക്കെട്ടോടു കൂടിയ ലേഖനം രിസാലയുടെ എഡിറ്റോറിയൽ പേജിലാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.
നയങ്ങൾ കൊണ്ടും ഉറച്ച നിലപാടുകളുമായിരുന്നു ഇടതുപക്ഷത്തിൻ്റെ പ്രാധാന്യം. എന്നാൽ സിപിഎം ഇപ്പോൾ അധികാരത്തിൻ്റെ ആർത്തിയിൽ ചെന്നുപതിച്ചുവെന്നും രിസാലയിൽ പറയുന്നു. മുഖ്യമന്ത്രിയുടെ വിവാദ മലപ്പുറം പരാമർശത്തിനെതിരെ വ്യാപകമായി വിമർശനം ഉയരുന്നതിനിടയിലാണ് രിസാലയിലും വിമർശനം എത്തിയിരിക്കുന്നത്. അതേസമയം, മലപ്പുറം വിവാദത്തിൽ മുഖ്യമന്ത്രിയെ പിന്തുണച്ചുകൊണ്ടാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ രംഗത്തെത്തിയത്.
മലപ്പുറം ജില്ലയുടെ അട്ടിപ്പേറവകാശം പറഞ്ഞ് ആരും വരേണ്ടെന്ന് എംവി ഗോവിന്ദൻ ഇന്നലെ പറഞ്ഞു. മലപ്പുറം ജില്ല രൂപീകരിച്ചത് ഇഎംഎസ് സർക്കാരിന്‍റെ കാലത്താണ്. മലപ്പുറം എല്ലാവരുടെയും മലപ്പുറമാണ്. മലപ്പുറം ജില്ല കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ പ്രധാന കേന്ദ്രമാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പിവി അൻവര്‍ ഉൾപ്പെടെ സ്വതന്ത്രര്‍മാരെ മലപ്പുറം ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥിയാക്കുകയും അവര്‍ തോല്‍ക്കുകയും ജയിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്.
ഈ പ്രക്രിയയിലൂടെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വേണ്ടത്ര സ്വാധീനം ഇല്ലാതിരുന്ന മലപ്പുറം ജില്ലയില്‍ വളരെ ശക്തമാകാൻ സിപിഎമ്മിന് സാധിച്ചത്. അൻവര്‍ ഉണ്ടായിരുന്നത് കൊണ്ടുള്ള എല്ലാ ആനുകൂല്യങ്ങളും ഇതോടെ അവസാനിച്ചുവെന്ന് പാര്‍ട്ടി കാണുന്നില്ല. മലപ്പുറം ജില്ല എല്ലാവരുടെയുമാണ്. ഇംഎസ്എസ് സര്‍ക്കാരിന്‍റെ കാലത്ത് മലപ്പുറം ജില്ലയുണ്ടാക്കുന്നതിനിതിരെ കോണ്‍ഗ്രസും ജനസംഘവും ചേര്‍ന്ന് ഒന്നിച്ചാണ് സമരം നടത്തിയത്. കേരളത്തിലൊരു കുട്ടി പാകിസ്ഥാൻ വരാൻ പോകുന്നുവെന്നാണ് അന്ന് ആര്‍എസ്എസുകാര്‍ പറഞ്ഞത്. മലപ്പുറം ജില്ല രൂപീകരണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് സിപിഎമ്മും അന്നത്തെ മുഖ്യമന്ത്രി ഇഎംഎസുമാണ്. പി ശശിക്കെതിരായ അൻവറിന്റെ പരാതിയിൽ കാതലായ പ്രശ്നം ഒന്നുമില്ലെന്നും പി ശശിയെ ബോധപൂർവ്വം അപമാനിക്കാനുള്ള പ്രയോഗം മാത്രമാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
https://www.youtube.com/watch?v=Ko18SgceYX8