'പുരോഹിതരുടെ ഇടയിലും വിവരദോഷികൾ ഉണ്ടാകും'; ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയ്ക്കെതിരെ മുഖ്യമന്ത്രി
പ്രളയമാണ് സർക്കാരിനെ വീണ്ടും അധികാരത്തിൽ കയറ്റിയത് എന്നാണ് ഒരു പുരോഹിതൻ പറയുന്നത്. പുരോഹിതരുടെ ഇടയിലും വിവരദോഷികൾ ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.
തിരുവനന്തപുരം: യാക്കോബായ സഭ നിരണം മുൻ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ഇനിയും ഒരു പ്രളയം ഉണ്ടാകട്ടെ എന്നാണ് ചിലർ ആഗ്രഹിക്കുന്നത്. പ്രളയമാണ് സർക്കാരിനെ വീണ്ടും അധികാരത്തിൽ കയറ്റിയത് എന്നാണ് ഒരു പുരോഹിതൻ പറയുന്നത്. പുരോഹിതരുടെ ഇടയിലും വിവരദോഷികൾ ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഇടത് മുന്നണിയുടെ കനത്ത തോല്‍വിയില്‍ സിപിഎമ്മിനെ ശക്തമായി വിമർശിച്ച ഗീവർഗീസ് മാർ കൂറിലോസിന് മറുപടി നല്‍ക്കുകയായിരുന്നു മുഖ്യമന്ത്രി. സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
600 വാഗ്ദാനങ്ങളിൽ ചിലത് ഒഴിച്ച് മറ്റെല്ലാം കഴിഞ്ഞ സർക്കാർ പൂർത്തിയാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. പലതും ചാർത്താൻ ശ്രമിച്ചെങ്കിലും ജനം പിന്നെയും എൽഡിഎഫിനെ തെരഞ്ഞെടുത്തു. ചരിത്രം തിരുത്തി ജനം തുടർഭരണം നൽകി. ദുരന്ത ഘട്ടങ്ങളിൽ ലഭിക്കേണ്ട കേന്ദ്ര സഹായം കേരളത്തിന് ലഭിച്ചില്ല. സഹായിക്കാൻ ബാധ്യസ്ഥരായവർ നിഷേധാത്മകമായി പെരുമാറി. തകർന്ന് പോകുമായിരുന്ന ഒരു ഘട്ടമായിരുന്നു അത്. നമ്മളെ സഹായിക്കാത്തവരുടെ മുന്നിൽ നമ്മെല്ലാവരും ചേർന്നാണ് അതിജീവിച്ച് കാണിച്ചത്. അർഹതപ്പെട്ടത് പോലും കേന്ദ്രം നമുക്ക് തരുന്നില്ല. സുപ്രീംകോടതി ഇടപെട്ടതോടെയാണ് കേന്ദ്രം വാശി തിരുത്തിയത്. സാധാരണ ഒരു സർക്കാരും അനുഭവിക്കേണ്ടി വരാത്ത കാര്യങ്ങളാണ് നമ്മൾ നേരിടുന്നത്. കേരളത്തെ കേന്ദ്രം ശ്വാസം മുട്ടിക്കുകയാണെന്നും പിണറായി വിജയന്‍ പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധി കാരണം സർക്കാർ ജീവനക്കാർക്ക് ഡിഎ നൽകാനായിട്ടില്ല. എല്ലാകാലത്തും ആ പ്രതിസന്ധി അവർ അനുഭവിക്കേണ്ടി വരില്ല. അത് പരിഹരിക്കാനുള്ള നടപടി ഉടൻ ഉണ്ടാകും. ഒരു കാര്യവും കേരളത്തിൽ നടത്തില്ലെന്ന് വാശിയുള്ളവരാണ് സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷനെ ലക്ഷ്യമിട്ടത്. സാമൂഹ്യ സുരക്ഷാ പെൻഷന് വേണ്ടി എടുത്ത വായ്പ പൊതുകടത്തിൽപ്പെടുത്തി. കുറച്ച് മാസം അത് കൊണ്ട് പെൻഷൻ വിതരണം മുടങ്ങി. സുപ്രീംകോടതി ഇടപെട്ടതോടെ അത് പരിഹരിച്ചു. ഇപ്പോൾ കൃത്യമായി പെൻഷൻ നൽകുന്നുണ്ട്. സാമൂഹ്യ സുരക്ഷാ പെൻഷൻ കുടിശ്ശികയും അതിവേഗം കൊടുത്ത് തീർക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം കാരണം പലതും ചെയ്യാനില്ല. മഴക്കാല പൂർവ ശുചീകരണ യോഗം പോലും നടത്താനായില്ല. ഒരു സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ അവിടുത്തെ സർക്കാരിന് പ്രവർത്തിക്കാനാകണം. അത്തരം പ്രശ്നങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ജനം സർക്കാരിനൊപ്പവും സർക്കാര്‍ ജനത്തിനൊപ്പവുമാണെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.