തിരുവനന്തപുരം ലൈറ്റ് മെട്രോയെ കുറിച്ച് നിർണായക പ്രഖ്യാപനവുമായി മുഖ്യമന്ത്രി; 177 കോടിയുടെ സ്വപ്ന പാലം വരുന്നു

തിരുവനന്തപുരം ശ്രീകാര്യത്ത് മേൽപ്പാലത്തിന്‍റെ നിർമാണ ഉദ്ഘാടനം നിർവഹിച്ചു മുഖ്യമന്ത്രി

Chief Minister made a crucial announcement about Thiruvananthapuram Light Metro

തിരുവനന്തപുരം: വികസനത്തിന്റെ സ്വാദ് എല്ലാവരും അനുഭവിക്കണമെന്നും എല്ലാവരുമതിന്റെ രുചിയറിയണമെങ്കിൽ സാമൂഹ്യ നീതിയിൽ അധിഷ്ഠിതമായ വികസനമായിരിക്കണം നടപ്പിലാകേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം ശ്രീകാര്യത്ത് മേൽപ്പാലത്തിന്‍റെ നിർമാണ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ശ്രീകാര്യത്ത് അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം വേണമെന്നാണ് നാട് ആഗ്രഹിക്കുന്നത്. അതോടൊപ്പം തലസ്ഥാന നഗരിയുടെ വികസനവുമായി ബന്ധപ്പെട്ട് ചർച്ചചെയ്യപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട വിഷയമാണ് ലൈറ്റ് മെട്രോ പദ്ധതി. അത്തരമൊരു പദ്ധതി നടപ്പിലാകുമ്പോൾ അതിൽ ശ്രീകാര്യത്തിന് പ്രധാന പങ്കുണ്ടാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് വേണ്ടി നടപ്പിലാക്കുന്ന ഏത് പദ്ധതിയായാലും അത് വരാനിരിക്കുന്ന ലൈറ്റ് മെട്രോയെക്കൂടി കണ്ടുകൊണ്ടുള്ളതാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോൾ റോഡുകളുടെ നിർമ്മാണപ്രവർത്തനങ്ങൾ നടക്കുമ്പോൾ നാടിന്റെ എല്ലാ ഭാഗത്തും ജനങ്ങൾക്കിടയിൽ വലിയ സന്തോഷമുണ്ടാകുന്നത് കാണാം. ഇത്തരം പദ്ധതികൾ നാടിന്റെ വികസനത്തിന് ആവശ്യമാണെന്നും ഇങ്ങനെയുള്ള പദ്ധതികളിലൂടെയാണ് നാട് കാലത്തിന് യോജിച്ച രീതിയിൽ വളരുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

മറ്റ് പല സംസ്ഥാനങ്ങളിലും കാണുന്നത് പോലെയുള്ള നഗരവും ഗ്രാമവും തമ്മിലുള്ള വ്യത്യാസം വലിയ തോതിൽ ഇവിടെ പ്രകടമല്ല. സർക്കാർ സർവതല സ്പർശിയായ വികസനമാണ് നടപ്പിലാക്കുന്നത്.  സാമൂഹ്യ നീതിയിൽ അധിഷ്ഠിതമായ വികസനമാണത്. വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങൾ, അതിന്റെ ഭാഗമായി ശക്തിയാർജിച്ച പൊതുവിദ്യാഭ്യാസ രംഗം അതിനുദാഹരണമാണ്. 

അതുപോലെ കേരളത്തിലെ ആശുപത്രികൾ ഇന്ന് രാജ്യത്തിനു മാതൃകയായി നിലകൊള്ളുന്നു. കൊവിഡ് മഹാമാരിയുടെ മുന്നിൽ പോലും കേരളം തളർന്നു വീണില്ല. കൊവിഡ് കാലത്ത് കേരളത്തെ അത്ഭുതാദരങ്ങളോടെ ലോകം നോക്കി കണ്ടു. അത് കേരളത്തിൽ ആർദ്രം മിഷൻ വഴി കൈവന്ന നേട്ടമാണെന്ന് കാണണം. കാലാനുസൃതമായ പുരോഗതി ഇവിടുത്തെ ആരോഗ്യരംഗത്തിനു കൈവരിക്കാൻ കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പശ്ചാത്തലവികസന മേഖലയിൽ സാധ്യമാകുന്ന എല്ലാ കാര്യങ്ങളും സർക്കാർ ചെയ്യുന്നുണ്ടെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. പാലങ്ങളുടെ പ്രാധാന്യത്തെ തിരിച്ചറിഞ്ഞു കൊണ്ട് 2021ൽ അധികാരത്തിൽ വന്ന ഈ ഗവണ്മെന്റ് അഞ്ചുവർഷത്തിനുള്ളിൽ നൂറു പാലങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പൂർത്തിയാക്കണമെന്നു നിശ്ചയിച്ചിരുന്നു. സർക്കാരിന്റെ കാര്യക്ഷമമായ പ്രവർത്തനങ്ങൾ മൂലം വെറും മൂന്നേകാൽ വർഷം കൊണ്ട് തന്നെ ഈ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ കഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു.

535 മീറ്റർ നീളത്തിലാകും നാലുവരിപ്പാതയുള്ള പാലം നിർമിക്കുക. 7.5 മീറ്ററാണ് വീതി. ഇരുവശങ്ങളിലുമായി 5.5 മീറ്റർ വീതിയിൽ സർവീസ് റോഡുകൾ ഉണ്ടാകും. സർവീസ് റോഡിന് ഇരുവശത്തും 1.5 മീറ്റർ വീതിയിൽ ഫുട്പാത്ത് ഉണ്ടാകും. 18 മാസംകൊണ്ട് പണികൾ പൂർത്തിയാക്കും. മന്ത്രിമാരായ കെ എൻ ബാലഗോപാൽ, ജി ആർ അനിൽ, വി ശിവൻകുട്ടി, കടകംപള്ളി സുരേന്ദ്രൻ എംഎൽഎ,  ഡെപ്യൂട്ടി മേയർ പി കെ  രാജു, കെഎംആർഎൽ മാനേജിംഗ് ഡയറക്ടർ ലോക്‌നാഥ് ബഹ്‌റ, ജില്ലാ കളക്ടർ അനു കുമാരി തുടങ്ങിയവർ സന്നിഹിതരായിരുന്നു.

തിരുവനന്തപുരം നഗരത്തിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന പ്രധാന സ്ഥലങ്ങളിൽ ഒന്നാണ് ശ്രീകാര്യം. 177 കോടി രൂപയാണ് ആകെ നിർമ്മാണ ചെലവ്. കിഫ്ബിയാണ് ഇതിനായുള്ള ഫണ്ട് ലഭ്യമാക്കുന്നത്. കൊച്ചി മെട്രോ റെയിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നു. ഭാവിയിൽ തിരുവനന്തപുരത്ത് യാഥാർത്ഥ്യമാകാൻ പോകുന്ന ലൈറ്റ് മെട്രോ കൂടി മുന്നിൽ കണ്ടുകൊണ്ടാണ് ശ്രീകാര്യം മേൽപ്പാലത്തിന് അടിത്തറയിടുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ലൈറ്റ് മെട്രോ പദ്ധതിയുടെ അന്തിമ രൂപരേഖ തയ്യാറാക്കിവരികയാണ്. പശ്ചാത്തല സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി നിരവധി സുപ്രധാന ചുവടുവെയ്പുകളാണ് ഈ കാലയളവിൽ നടത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമഗ്രമായ വികസന കാഴ്ചപ്പാടോടെ മികച്ച ജീവിത സൗകര്യങ്ങൾ ഉറപ്പാക്കി മുന്നോട്ട് കുതിക്കുകയാണ് സർക്കാർ. അതിന്റെ ദൃഷ്ടാന്തമാവുകയാണ് ശ്രീകാര്യത്ത് യഥാർഥ്യമാവുന്ന മേൽപ്പാലമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വകാര്യ ബസിന്‍റെ അടിയിലെ ക്യാബിനിൽ ഒരു കാർഡ്ബോർഡ് ബോക്സ്; തുറന്നപ്പോൾ ഞെട്ടി എക്സൈസ്, വൻ മയക്കുമരുന്ന് വേട്ട

രാവിലെ 8 മുതൽ രാത്രി 9 വരെ, സൗജന്യ സർവീസ് പ്രഖ്യാപിച്ച് കെഎസ്ആർടിസി; കലോത്സവത്തിന് എത്തിയവർക്ക് ആശ്വാസം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

 

Latest Videos
Follow Us:
Download App:
  • android
  • ios