'ചിലർക്ക് ത്രിബിൾ പ്രൊമോഷൻ വരെ', സുരേഷ് കുറുപ്പിനെയും സിന്ധു ജോയിയേയും സിപിഎം വഞ്ചിച്ചു: ചെറിയാൻ ഫിലിപ്പ്

'2016-ൽ തന്നേക്കാൾ ജൂനിയറായ സ്വസമുദായക്കാരായ പി. ശ്രീരാമകൃഷ്ണൻ സ്പീക്കറായപ്പോഴും, സി. രവീന്ദ്രനാഥ് വിദ്യാഭ്യാസ മന്ത്രിയായപ്പോഴും കുറുപ്പിന് നിയമസഭയിലെ പിൻനിരയിൽ ദുഃഖം കടിച്ചമർത്തി ഇരിക്കേണ്ടി വന്നു'

Cherian Philip criticized the CPM over Suresh Kurups resignation from the Kottayam district committee

തിരുവനന്തപുരം: എസ്.എഫ്.ഐയുടെ ഗ്ലാമർ താരങ്ങളായിരുന്ന സുരേഷ് കുറുപ്പിനെയും സിന്ധു ജോയിയേയും സിപിഎം നേതൃത്വം ക്രൂരമായി വഞ്ചിക്കുകയാണുണ്ടായതെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. സംഘടനാ രംഗത്തെ തുടർച്ചയായ അവഗണനയിൽ പ്രതിഷേധിച്ചാണ് സുരേഷ് കുറുപ്പ് സിപിഎം കോട്ടയം ജില്ലാ കമ്മറ്റിയിൽ നിന്നും ഇപ്പോൾ സ്വയം ഒഴിവായതെന്ന് ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്ക് കുറിപ്പിൽ കുറ്റപ്പെടുത്തി. കോട്ടയത്തെ മുതിർന്ന സിപിഎം നേതാവ് സുരേഷ് കുറുപ്പ് ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിഞ്ഞത് കടുത്ത അതൃപ്തിയെതുടർന്നാണെന്നാണ് വിവരം. ഇതിന് പിന്നാലെയാണ് സിപിഎമ്മിനെ വിമർശിച്ച് മുൻ ഇടത് സഹയാത്രികനായിരുന്ന ചെറിയാൽ ഫിലിപ്പ് രംഗത്ത് വന്നത്.

1984 - ൽ ഇന്ദിരാ ഗാന്ധിയുടെ വധത്തിനു ശേഷം കോൺഗ്രസ് തരംഗത്തിൽ കേരളത്തിലെ 20 ലോക്സഭാ സീറ്റിൽ 19-ഉം യുഡിഎഫ് നേടിയപ്പോൾ കോട്ടയത്ത് എസ്എഫ്ഐ പ്രസിഡണ്ടായ സുരേഷ് കുറുപ്പ് അട്ടിമറി വിജയം നേടിയത് താര പൊലിമ കൊണ്ടാണ്. യുഡിഎഫ് കോട്ടയായ കോട്ടയം ലോക്‌സഭാ മണ്ഡലത്തിൽ നാലുതവണയും ഏറ്റുമാനൂർ നിയമസഭാ മണ്ഡലത്തിൽ രണ്ടു തവണയും കുറുപ്പ് വിജയിച്ചത് അദ്ദേഹത്തിന്റെ ജനപിന്തുണ കൊണ്ടു മാത്രമാണെന്ന് ചെറിയാൻ ഫിലിപ്പ് പറയുന്നു.

2016-ൽ തന്നേക്കാൾ ജൂനിയറായ സ്വസമുദായക്കാരായ പി. ശ്രീരാമകൃഷ്ണൻ സ്പീക്കറായപ്പോഴും, സി.രവീന്ദ്രനാഥ് വിദ്യാഭ്യാസ മന്ത്രിയായപ്പോഴും കുറുപ്പിന് നിയമസഭയിലെ പിൻനിരയിൽ ദുഃഖം കടിച്ചമർത്തി ഇരിക്കേണ്ടി വന്നു. താൻ സിപിഎം ജില്ലാ കമ്മറ്റിയിൽ അംഗമായപ്പോൾ പാർട്ടിയിൽ അംഗമല്ലാതിരുന്ന പലരും ഇപ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലും മന്ത്രിസഭയിലും ഇരിക്കുമ്പോൾ ഒരു സംസ്ഥാന കമ്മറ്റി അംഗത്വം പോലും സുരേഷ് കുറുപ്പിന് നൽകിയില്ലെന്ന് ചെറിയാൻ ഫിലിപ്പ് കുറ്റപ്പെടുത്തി.

സ്വാശ്രയ വിദ്യാഭാസസമര വേളയിൽ എസ്എഫ്ഐ പ്രസിഡണ്ടായിരുന്ന സിന്ധു ജോയിക്ക് പൊലീസ് ഗ്രനേഡ് ആക്രമണത്തിൽ കാലൊടിഞ്ഞ് മാസങ്ങളോളം ആശുപത്രിയിൽ കഴിയേണ്ടി വന്നിട്ടുണ്ട്. സമര പോരാളിയെന്ന നിലയിൽ ഏറ്റവുമധികം ജയിൽവാസം അനുഭവിച്ച വനിതയും സിന്ധു ജോയിയാണ്. എറണാകുളം ലോക്സഭാ മണ്ഡലത്തിലും പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലും ചാവേറാക്കിയ സിന്ധുവിന് ജയസാദ്ധ്യതയുള്ള ഒരു സീറ്റും പിന്നീട് നൽകിയില്ല. 

അതേസമയം, കോളജ് അദ്ധ്യാപികയായിരുന്ന ടി.എൻ. സീമയ്ക്ക് മഹിളാ സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട്, സിപിഎം സംസ്ഥാന കമ്മറ്റിയംഗം, രാജ്യസഭാംഗം എന്നീ സ്ഥാനങ്ങൾ ത്രിബിൾ പ്രമോഷനായി ഒറ്റയടിക്ക് നൽകിയപ്പോൾ സിന്ധുവിന് ഡിവൈഎഫ്ഐ ഭാരവാഹിത്വം പോലും നൽകിയില്ല. മാതാപിതാക്കളോ കുടുംബമോ ഇല്ലാതിരുന്ന തീർത്തും അനാഥയായ സിന്ധു മനം നൊന്താണ് സിപിഎം വിട്ടതും പിന്നീട് രാഷ്ട്രീയം ഉപേക്ഷിച്ച് വിവാഹിതയായി യു.കെ.യിലേക്ക് പോയതും- ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്കിൽ കുറിച്ചു.

Read More : എൻഎം വിജയൻ്റെ ആത്മഹത്യയിൽ കുടുംബത്തെ പൂർണ്ണമായി കൈവിട്ട് കോൺഗ്രസ്; ബാധ്യത ഏറ്റെടുക്കില്ലെന്ന് പ്രതികരണം

Latest Videos
Follow Us:
Download App:
  • android
  • ios