മസാലബോണ്ട് വാങ്ങിയത് ആരാണെന്ന് നോക്കുമ്പോൾ പല ചോദ്യങ്ങൾക്കും ഉത്തരം കിട്ടും, 14 കാര്യങ്ങൾ വിവരിച്ച് ചെന്നിത്തല
തോമസ് ഐസക്കിന് ഒന്നും ഒളിക്കാനില്ലെങ്കില്‍ അ്‌ന്വേഷണത്തെ ഭയപ്പെട്ട് ഓടി ഒളിക്കുന്നതെന്തിന്? നെഞ്ചും വിരിച്ച് അന്വേഷണത്തെ നേരിട്ടു കൂടെ?
തിരുവനന്തപുരം: മസാലാ ബോണ്ടുമായി ബന്ധപ്പെട്ട ഇ ഡി അന്വേഷണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെയും മുൻ ധനമന്ത്രി തോമസ് ഐസക്കിനെയും രൂക്ഷമായി വിമർശിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. മസാലാ ബോണ്ട് ഇറക്കുന്ന സമയത്ത് ഈ കൊള്ളയെപ്പറ്റി പ്രതിപക്ഷം പറഞ്ഞതെല്ലാം അക്ഷരം പ്രതി ശരിയാണെന്നാണ് ഇപ്പോള്‍ തെളിയുന്നതെന്ന് ചെന്നിത്തല അഭിപ്രായപ്പെട്ടു. മസാലാ ബോണ്ടുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങളാണ് ഉള്ളതെന്നും, മസാലാബോണ്ടുകൾ വാങ്ങിയത് ആരാണെന്ന് നോക്കുമ്പോള്‍ ഈ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി കിട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി. ധനകാര്യമന്ത്രി എന്ന നിലയക്കുള്ള കടമ നിറവേറ്റുകയാണ് താന്‍ ചെയ്തത് എന്നാണ് തോമസ് ഐസക്ക് പറയുന്നത്. കേരളത്തെ കടക്കെണിയിലാക്കിയതാണോ കടമയെന്നും ചെന്നിത്തല ചോദിച്ചു. തോമസ് ഐസക്കിന് ഒന്നും ഒളിക്കാനില്ലെങ്കില്‍ അ്‌ന്വേഷണത്തെ ഭയപ്പെട്ട് ഓടി ഒളിക്കുന്നതെന്തിന്? നെഞ്ചും വിരിച്ച് അന്വേഷണത്തെ നേരിട്ടു കൂടെ എന്നും ചോദിച്ച ചെന്നിത്തല, മസാലാ ബോണ്ടുമായി ബന്ധപ്പെട്ട പ്രസക്തമായ 14 കാര്യങ്ങൾ വിവരിച്ചുകൊണ്ട് വാർത്താക്കുറിപ്പ് ഇറക്കുകയും ചെയ്തു.
14 കാര്യങ്ങൾ ചൂണ്ടികാട്ടി ചെന്നിത്തല
1. മസാലാ ബോണ്ട് ഇറക്കുന്ന സമയത്ത് ഈ കൊള്ളയെപ്പറ്റി പ്രതിപക്ഷം പറഞ്ഞതെല്ലാം അക്ഷരം പ്രതി ശരിയാണെന്നാണ് ഇപ്പോള്‍ തെളിയുന്നത്.
2. ഇ.ഡി. പുറത്തു വിട്ട രേഖകളില്‍ പറയുന്ന കാര്യങ്ങളെല്ലാം അന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയവയാണ്.
3. 9.72% എന്ന കൊള്ളപ്പലിശയ്ക്കാണ് കിഫ്ബി അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ നിന്ന് 2150 കോടി രൂപ സമാഹരിച്ചത്. എന്നിട്ട്ആ തുക കേരളത്തിലെ പുതുതലമുറ ബാങ്കുകളില്‍ ഇട്ടത് അതിലും വളരെ കുറഞ്ഞ പലിശയ്ക്ക്. (6.5% എന്നാണ് ഞാന്‍ അറിഞ്ഞത്).
4. കേരളത്തെ ഇപ്പോഴത്തെ കടക്കെണിയില്‍ കൊണ്ടെത്തിച്ച വിനാശകരമായ നടപടികളില്‍ ഒന്നാണിത്. ധനകാര്യമന്ത്രിയായിരുന്ന തോമസ് ഐസക്ക് അറിഞ്ഞു കൊണ്ട് എന്തിന് ഈ ഇടപാടിന് നിര്‍ബന്ധം പിടിച്ചു? അന്ന് ധനകാര്യസെക്രട്ടറിയായിരുന്ന മനോജ് ജോഷിയും ചീഫ് സെക്രട്ടറി ടോം ജോസും അപകടം ചൂണ്ടിക്കാട്ടി എതിര്‍ത്തിട്ടും തോമസ് ഐസക്ക് എന്തിന് മസാലാ ബോണ്ടിന് വേണ്ടി വാശി പിടിച്ചു? കേരളത്തെ സാമ്പത്തികമായി തകര്‍ക്കം എന്ന് അറിയാമയിരുന്നിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ അതിന് അനുമതി നല്‍കി?
4. മസാലാ ബോണ്ടുകള്‍ വാങ്ങിയത് ആരാണെന്ന് നോക്കുമ്പോള്‍ ഈ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി കിട്ടും.
5. സി.ഡി.പി.ക്യൂ എന്ന കനേഡിയന്‍ കമ്പനിയാണ് മസാലാ ബോണ്ടുകള്‍ വാങ്ങിയത്. ആരാണ് ഈ സി.ഡി.പി.ക്യൂ? കുപ്രസിദ്ധമായ ലാവ്‌ലിന്‍ കമ്പനിയുമായി ബന്ധമുള്ള കമ്പനിയാണിത്. ലാവ്‌ലിനില്‍ 20% ഷെയര്‍ ഉള്ള കമ്പനിയാണ് സി.ഡി.പി.ക്യൂ. അതായത് ലാവ്‌ലിനെ നിയന്ത്രിക്കുന്ന കമ്പനിയാണ് സി.ഡി.പി.ക്യൂ എന്നര്‍ത്ഥം.
6. ലാവ്‌ലിനും പിണറായി വിജയനും തമ്മിലുള്ള ബന്ധം അറിയാമല്ലോ? ലാവ്‌ലിന്‍ കേസ് സുപ്രീം കോടതിയില്‍ ഇപ്പോഴും പെന്റിംഗ് ആണ്. അപ്പോഴാണ് മസാലാ ബോണ്ടകള്‍ രഹസ്യമായി ലാവ്‌ലിന്‍ ബന്ധമുള്ള കമ്പനി വാങ്ങിയത്.
7. അതിലാകട്ടെ അടിമുടി ദുരൂഹതയുമാണ്. പിണറായി വിജയന്‍ ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ പോയി മണി അടിച്ച് മസാലാ ബോണ്ട് പുറത്തിറക്കുന്നത് 2019 മെയ് 17 ന്. ലണ്ടന്‍ സ്റ്റോക്ക് എക്‌സചേഞ്ചില്‍ പബ്‌ളിക് ഇഷ്യൂവായി ലിസ്റ്റ് ചെയ്യുന്നത് 2019 ഏപ്രില്‍ 1 ന്. എന്നാല്‍ അതിനൊക്കെ മുന്‍പ് 2019 മാര്‍ച്ച് 26 നും 29നും ഇടയ്ക്ക് മസാലാ ബോണ്ടുകളുടെ ഇടപാട് കനേഡിയന്‍ കമ്പനിയായ സി.ഡി.പി.ക്യൂവുമായി നടന്നു കഴിഞ്ഞിരുന്നു. കിഫ്ബിക്ക് മാര്‍ച്ച് 29 ന് പണവും ലഭിച്ചു കഴിഞ്ഞിരുന്നു. ( ഇതിനെല്ലം രേഖകളുണ്ട്.)
8. അതായത് രഹസ്യമായി കച്ചവടം നടത്തി പണവും വാങ്ങിയ ശേഷമാണ് ലണ്ടന്‍ സ്റ്റോക്ക് എക്‌സചേഞ്ചില്‍ പബ്ലിക് ഇഷ്യൂവായി ലിസ്റ്റ് ചെയ്തത്. മുഖ്യമന്ത്രി ചെന്ന് മണി അടിച്ചത് വെറും വേഷം കെട്ടലായിരുന്നു. ഇത് എന്തിന് വേണ്ടി?
9. ഇനി പ്രധാാനപ്പെട്ട ഒരു കാര്യം കൂടി. മസാലാ ബോണ്ടുകള്‍ പബ്‌ളിക് ഇഷ്യൂ ചെയ്യും മുന്‍പ് തന്നെ രഹസ്യമായി പ്രൈവറ്റായി പ്‌ളേസ് ചെയതിരുന്നു. അത് എവിടെയെന്നും അറിയണം. കാനഡയിലെ ക്യൂബക് പ്രവിശ്യയില്‍. കനേഡിയന്‍ കമ്പനിയുമായി കച്ചവടം നടന്നതും അവിടെ വച്ചാണ്.
10. പിണറായി സര്‍ക്കാരിന് കാനഡയുമായി എന്താണ് ഇത്രയധികം ഇഷ്ടം?
11. മാത്രവുമല്ല, ഈ ഇടപാടിനെല്ലാം മുന്‍പ് കാനഡക്കാര്‍ തിരുവന്തപുരത്ത് വന്നിരുന്നില്ലേ എന്ന് തോമസ് ഐസക്ക് വെളിപ്പെടുത്തണം. അവര്‍ എത്ര പേര്‍ വന്നിരുന്നു, ആരുമായൊക്കെ സംസാരിച്ചു, എവിടെ താമസിച്ചു എന്നൊക്കെ തോമസ് ഐസക്ക് വെളിപ്പെടുത്തണം.
12. ധനകാര്യ സെക്രട്ടറിയും ചീഫ് സെക്രട്ടറിയും എതിര്‍ത്തിട്ടും ധനകാര്യ മന്ത്രിയായിരുന്ന തോമസ് ഐസക്ക് മസാലാ ബോണ്ടിന് നിര്‍ബന്ധം പിടിച്ചത് കനേഡിയന്‍ ബന്ധം കാരണമല്ലേ? കൂടിയ പലിശയ്ക്ക് പണം സമാഹരിച്ച് കുറഞ്ഞ പലിശയ്ക്ക് ഇവിടെ ബാങ്കുകളില്‍ ഇട്ടതു വഴി വന്‍ സാമ്പത്തിക നഷ്ടമാണ് സംസ്ഥാനത്തിനുണ്ടായത്. ഇതിന് ഉത്തരവാദികള്‍ തോമസ് ഐസക്കും മുഖ്യമന്ത്രി പിണറായി വിജയനുമാണ്.
13. അന്ന് കണക്ക് കൂട്ടിയത് ഇങ്ങനെയാണ്. 5 വര്‍ഷം കൊണ്ട് മസാലാ ബോണ്ടിന് പലിശ നല്‍കേണ്ടത് 1045 കോടി രൂപ. അതായത് മുതലിന്റെ പകുതിയോളം പലിശ. ആകെ പലിശ അടക്കം നല്‍കേണ്ടി വരുന്നത് 3195 കോടി രൂപ. ബോണ്ട് വില്പനയുമായി ബന്ധപ്പെട്ടുണ്ടായ ബാങ്ക് ഫീസടക്കമുള്ള മറ്റ് ചിലവുകള്‍ 2.29 കോടി രൂപ. ഇതിനകം എത്ര കൊടുത്തു എന്ന് വെളിപ്പെടുത്തണം.
12. കൊള്ളപ്പലിശയ്ക്കാണ് സി.ഡി.പി.ക്യൂ മസാലാ ബോണ്ട് വാങ്ങിയത്. സാധാരണ അന്തര്‍ദ്ദേശീയ തലത്തില്‍ മസാലാ ബോണ്ടുകളുടെ പലിശ 8.5% ആണ്. ഇന്ത്യയില്‍ തന്നെ HDFC ഇറക്കിയത് 6.8% ന്
NTPC ഇറക്കിയത് 7.4% ത്തിന്.
നാഷണല്‍ ഹൈവേ അതോറിറ്റി ഇറക്കിയത് 7.3%ത്തിന്. കിഫ്ബി മാത്രം 9.732%. ഇതിനെക്കാളൊക്കെ കുറഞ്ഞ നിരക്കില്‍ ബാങ്ക് വായ്പ ലഭ്യമായ സമയത്താണ് കൂടിയ പലിശയ്ക്ക് ഇത് വിറ്റത്.
13. കൊള്ളപ്പലിശ ആകുമ്പോള്‍ സി.ഡി.പി.ക്യൂവിന് കൂടുതല്‍ ലാഭം കിട്ടും. അതിന്റെ കമ്മീഷന്‍ വില്‍ക്കുന്നവര്‍്ക്കും. അപ്പോള്‍ ആര്‍ക്കൊക്കെയാണ് കമ്മീഷന്‍ കിട്ടിയത്? അതാണ് ഇനി പുറത്തു വരേണ്ടത്.
14. ധനകാര്യമന്ത്രി എന്ന നിലയക്കുള്ള കടമ നിറവേറ്റുകയാണ് താന്‍ ചെയ്തത് എന്നാണ് തോമസ് ഐസക്ക് പറയുന്നത്. കേരളത്തെ കടക്കെണിയിലാക്കിയതാണോ കടമ. തോമസ് ഐസക്കിന് ഒന്നും ഒളിക്കാനില്ലെങ്കില്‍ അ്‌ന്വേഷണത്തെ ഭയപ്പെട്ട് ഓടി ഒളിക്കുന്നതെന്തിന്? നെഞ്ചും വിരിച്ച് അന്വേഷണത്തെ നേരിട്ടു കൂടെ?
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം