സ്വപ്ന സാഫല്യം; ലെ മെറഡിയൻ ഹോട്ടലിൽ പുതിയ സംരഭവുമായി ഷെഫ് സുരേഷ് പിള്ള

ഒരു മലയാളി സ്റ്റാർട്ടപ് കമ്പനിയെ മൈക്രോ സോഫ്റ്റ്  പോലൊരു ബഹുരാഷ്ട്ര സൈബർ ഭീമൻ ഏറ്റെടുക്കുതിന് തുല്യമായ കാര്യമാണ് സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.

chef Suresh Pillai starts New restaurant in le meridien hotel

കൊച്ചി: പുതിയ സംരംഭം തുടങ്ങിയ വിവരം പങ്കുവെച്ച് പ്രശസ്ത ഷെഫ് സുരേഷ് പിള്ള. . കൊച്ചി ലെ മെറഡിയൻ ഹോട്ടലിൽ കേരളത്തിലെ ആദ്യത്തെ റസ്റ്ററന്റ് 'ഷെഫ് പിള്ള' പ്രവർത്തനം ആരംഭിച്ചതായി അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂ‌ടെ അറിയിച്ചു. ഷെഫായി ജോലി ചെയ്യുന്ന കാലത്തെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു സ്വന്തമായി ഒരു ഹോട്ടൽ തുടങ്ങുക എന്നത്. ലോകോത്തര ഫൈവ് സ്റ്റാർ ഹോട്ടലിലെ റസ്റ്റന്റിൽ ഷെഫ് ഗോർഡൻ റാംസെ, ഷെഫ്  അലൻ ഡികയ്സ് എന്നൊക്കെ പേരു കാണുമ്പോൾ കണ്ടിരുന്ന സ്വപ്നം. മാറിയറ്റ് ഗ്രൂപ്പ് നടത്തുന്ന കൊച്ചി ഹോട്ടൽ ലെ മെറഡിയനിൽ ഇന്ന് ഉച്ച ഭക്ഷണത്തോടെ റസ്റ്ററന്റ് ഷെഫ് പിള്ള രുചി വിളമ്പിത്തുടങ്ങിയെന്നും അദ്ദേഹം അറിയിച്ചു. 

മാരിയറ്റ് ​ഗ്രൂപ്പ് ആദ്യമായാണ് അവരുടെ ഹോട്ടലിനകത്ത് അതിഥിതികൾക്ക് ഭക്ഷണം വിളമ്പാൻ പുറത്തു നിന്നൊരു റസ്റ്ററന്റിനെ ക്ഷണിക്കുന്നതെന്നും ഒരു മലയാളി സ്റ്റാർട്ടപ് കമ്പനിയെ മൈക്രോ സോഫ്റ്റ്  പോലൊരു ബഹുരാഷ്ട്ര സൈബർ ഭീമൻ ഏറ്റെടുക്കുതിന് തുല്യമായ കാര്യമാണ് സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.  പിള്ള എന്ന മലയാള മുന്നക്ഷരം ഇന്ന്  എന്റെ ജീവിതത്തിലെ നിർണ്ണായക സ്ഥാനമുള്ള രണ്ട് പേർ നിലവിളക്കിലെ ആദ്യ തിരികൾ  തെളിച്ച്  ഒരു ഇന്റർനാഷൻ ഇന്റർനാഷണൽ ബ്രാൻഡിന്റെ ഭാഗമായത്. തന്റെ ജീവിതത്തി നിർണായകമായ ശ്യാമള ചേച്ചിയും മണിസാറുമാണ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തതെന്ന് അദ്ദേഹം അറിയിച്ചു. 

സുരേഷ് പിള്ളയുടെ ഫേസ്ബുക്ക് കുറിപ്പ്

നമസ്ക്കാരം കൂട്ടുകാരെ...
ജീവിതത്തിലെ വലിയൊരു സ്വപ്ന സാഫല്യത്തിന്റെ സന്തോഷം നിങ്ങളുമായി പങ്കുവയ്ക്കുകയാണ്. ഏറ്റവും പ്രിയപ്പെട്ട കുറച്ച് ആളുകളാണീ രുചി നിറഞ്ഞ മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാനെത്തിയത്. കൊച്ചി ലെ മെറഡിയനിൽ കേരളത്തിലെ ആദ്യത്തെ റസ്റ്ററന്റ് ഷെഫ് പിള്ള ഇന്ന് പ്രവർത്തനം ആരംഭിച്ചു. ഷെഫായി ജോലി ചെയ്യുന്ന കാലത്തെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു സ്വന്തമായി ഒരു ഹോട്ടൽ തുടങ്ങുക എന്നത് ലോകോത്തര ഫൈവ് സ്റ്റാർ ഹോട്ടലിലെ റസ്റ്റന്റിൽ ഷെഫ് ഗോർഡൻ റാംസെ , ഷെഫ്  അലൻ ഡികയ്സ് എന്നൊക്കെ പേരു കാണുമ്പോൾ കണ്ടിരുന്ന സ്വപ്നം. മാറിയറ്റ് ഗ്രൂപ്പ് നടത്തുന്ന കൊച്ചി ഹോട്ടൽ ലെ മെറഡിയനിൽ ഇന്ന് ഉച്ച ഭക്ഷണത്തോടെ റസ്റ്ററന്റ് ഷെഫ് പിള്ള രുചി വിളമ്പിത്തുടങ്ങി.
ലോകത്ത് എല്ലാ വൻകരകളിലും സജീവ സാന്നിധ്യമായ എണ്ണായിരത്തോളം ആഡംബര ഹോട്ടലുകൾ നടത്തുന്ന വലിയ സംരംഭകരാണ് യുഎസ് ആസ്ഥാനമായ മാറിയറ്റ് ഗ്രൂപ്പ്. ആദ്യമായാണ് അവരുടെ ഹോട്ടലിനകത്ത് അഥിതികൾക്ക് ഭക്ഷണം വിളമ്പാൻ പുറത്തു നിന്നൊരു റസ്റ്ററന്റിനെ ക്ഷണിച്ചു കൊണ്ടുവരുന്നത്. ഹോട്ടലുകൾ ഒരിക്കലും ചിന്തിക്കാത്ത കാര്യമാണത്. മുറി വാടക കഴിഞ്ഞാൽ പിന്നെ റസ്റ്ററന്റാണ് ഹോട്ടലിന്റെ പ്രധാന വരുമാനം. അവിടെയാണ് അവരുടെ റസ്റ്ററന്റിനൊപ്പം പുറത്തു നിന്നൊരു ബ്രാൻഡ് റസ്റ്ററന്റിനെ കൊണ്ടുവന്ന് കസ്റ്റമേഴ്സിന് ചോയിസ് കൊടുക്കുന്നതിന്റെ പ്രാധാന്യം മനസിലാക്കേണ്ടത്. ഒരു മലയാളി സ്റ്റാർട്ടപ് കമ്പനിയെ
മൈക്രോ സോഫ്റ്റ്  പോലൊരു ബഹുരാഷ്ട്ര സൈബർ ഭീമൻ ഏറ്റെടുക്കുന്നു എന്നതു പോലൊരു കാര്യമാണിവിടെ സംഭവിച്ചത്. ഒരു യു.എസ് ബ്രാൻഡ് നടത്തുന്ന ഹോട്ടലിൽ ഒരു മലയാളി സർ നെയിം , പിള്ള എന്ന മലയാള മുന്നക്ഷരം ഇന്ന്  എന്റെ ജീവിതത്തിലെ നിർണ്ണായക സ്ഥാനമുള്ള രണ്ട് പേർ നിലവിളക്കിലെ ആദ്യ തിരികൾ  തെളിച്ച്  ഒരു ഇന്റർനാഷൻ ഇന്റർനാഷണൽ ബ്രാൻഡിന്റെ ഭാഗമായത്.
ശ്യാമള ചേച്ചിയും മണിസാറും
കൗമാരക്കാലത്തെ ഒരിക്കലും മറക്കാനാവാത്ത പേരുകളാണ് ശ്യാമളച്ചേച്ചിയും മണിസാറും. ഇരുവർക്കും എനിക്ക് തിരിച്ചു നൽകാൻ കഴിയുന്ന ദക്ഷിണയാണിത്. ജീവിതത്തിൽ പുതിയ ഉയരങ്ങളിലേക്ക് കയറുമ്പോളും വലിയ ശമ്പളങ്ങളിലേക്ക് കടക്കുമ്പോഴും ആഗ്രഹിക്കാത്ത സൗഭാഗ്യങ്ങളൊക്കെ കിട്ടുമ്പോഴും എല്ലാം ഒന്നും പ്രതീക്ഷിക്കാതെ എന്നെ കൈപിടിച്ച് ഉയർത്തിയത് ഇവർ രണ്ടു പേരെയും ഓർമ്മിക്കാറുണ്ട്. ആ ഓർമ്മകളുടെ പിൻബലം വലിയ കരുത്താണ് നൽകുന്നത്. ഹോട്ടൽ ലെ മെറഡിയനിൽ കേരളത്തിലെ ആദ്യ റസ്റ്ററന്റ് ഷെഫ് പിള്ള ആരംഭിക്കുമ്പോൾ ആ ശുഭ മുഹൂർത്തത്തിന് തിരി തെളിക്കാൻ മറ്റൊരു മുഖവും പേരും മനസിൽ വന്നില്ല. ശ്യാമളച്ചേച്ചിയും മണിസാറും തന്നെയാണ് അതിന് ഏറ്റവും യോജ്യരെന്നു തന്നെ മനസ് പറഞ്ഞു. ഉദ്ഘാടനം ഏത് സെലിബ്രറ്റിയാണ് ചെയ്യുന്നത് എന്നാണ് കുറച്ചു ദിവസമായി  രുചി ലോകം അന്വേഷിച്ചു കൊണ്ടിരുന്നത്.
എട്ടാം ക്ലാസിൽ പഠിക്കുന്ന കാലത്ത് അഷ്ടമുടിയിലെ മീൻ പിടുത്തക്കാരായ വള്ളക്കാർക്ക് പുട്ടും പപ്പടവും പയറും കൊടുത്തിരുന്ന വൈകിട്ട് ഏഴരക്ക് തുറന്ന് പുലർച്ചെ അ‍ഞ്ചരക്ക് അടച്ചിരുന്ന
നാടൻ ചായക്കടയിൽ ശ്യാമളച്ചേച്ചിയെ സഹായിക്കാൻ നിന്നതായിരുന്നു എന്റെ ഹോട്ടൽ ജീവിതത്തിന്റെ തുടക്കം. ആ അനുഭവത്തിന്റെ ധൈര്യത്തിലാണ് പ്രീഡിഗ്രിക്കാലത്ത് കൊല്ലത്തെ ഷെഫ് കിങ് ഹോട്ടൽ മാനേജറായിരുന്ന സുബ്രമണ്യൻ എന്ന മണിസാർ , ജേലി തേടിച്ചെന്ന എന്നോട് മുൻ പരിചയം ഉണ്ടോ എന്നു ചോദിച്ചപ്പോൾ ഹോട്ടലിൽ സപ്ലെയറായി നിന്നിട്ടുണ്ട് എന്നു പുട്ടു പോലെ പറഞ്ഞത്. എന്റെ ആദ്യമായി ക‍‍ൃത്യമായി ശമ്പളം തന്ന തൊഴിൽ ദാതാക്കളായ ഇവർ ഇരുവരുമാണ്. ടെലിവിഷനിൽ മഹാഭാരതം സീരിയലിൽ കോൾ ഗേറ്റ് പേസ്റ്റിന്റെ പരസ്യം കാണുമായിരുന്നു. അന്നൊക്കെ ഉമിക്കരി കൊണ്ടാണ് ഞാൻ പല്ലു തേച്ചിരുന്നത്. ശ്യാമളച്ചേച്ചി തന്ന ഒരാഴ്ചത്തെ ശമ്പളം 20 രൂപ കൊണ്ടാണ് ‍ഞാൻ ആദ്യമായി ടൂത്ത് പേസ്റ്റും ബ്രഷും വാങ്ങിയത്.നിറയെ സ്റ്റാഫുള്ള ഒരു ഹോട്ടലിൽ ഒഴിവില്ലാതിരുന്നിട്ടും എന്നെ നിയമിക്കാൻ സന്മനസ് കാട്ടിയ ശ്യാമളച്ചേച്ചിയെക്കാളും മണിസാറിനെക്കാളും  മറ്റാരാണ് ഇന്ന് ആദ്യ തിരിതെളിക്കാൻ അർഹർ.
ലണ്ടനിലെ ജോലി അവസാനിപ്പിച്ച് കൊല്ലം റാവിസിൽ എത്തിയ എനിക്ക് മാറിയറ്റുമായി കൈ കോർക്കാൻ അവസരം ഒരുക്കിയ എന്റെ ഗുരുതുല്യനായ ദിലീപ് സാർ , കേരളത്തിലെ ഹോട്ടൽ ഇൻഡസ്ട്രിയിലുള്ള പലരുടെയും ആരാധ്യനാണ് പി.ഐ.ദിലീപ്കുമാർ. ലോകം മുഴുവൻ സഞ്ചരിക്കുകയും മീഷെലീൻ സ്റ്റാർ റസ്റ്ററന്റുകളെ നന്നായി അറിയുകയും ചെയ്യുന്ന അദ്ദേഹമാണ് മറിയറ്റ് , എംഫാർ, ലെമെറഡിയൻ എന്നീ ലോകോത്തര ബ്രാൻഡുകൾക്കൊപ്പം ആർസിപിയെ ചേർത്തു നിർത്തിയത്.  മൂന്ന് വർഷത്തെ ശ്രമഫലമായിയാണിത് സംഭവിച്ചതാണ്. ലെ മെറ‍ഡിയനിലെ  ജനറൽ മാനേജർ ദീപ് രാജ്  മുഖർജി, സെയിൽസ് ഡയറക്ടർ മെർവിൻ മാത്യു ഇവരുടെയും നിരന്തര ശ്രമം കൂടികൊണ്ടാണീ സ്വപ്നം യാഥാർത്യമായത്. ശ്യാമളചേച്ചി, മണിസാർ, ദീലീപ്സാർ, ദീപ് രാജ്  മുഖർജി, മെർവിൻ മാത്യു എന്നീ അഞ്ചുപേരായിരുന്നു ഇന്നത്തെ ഉദ്ഘാടകർ.
എല്ലാവരുടെയും സ്നേഹങ്ങൾ പ്രതീക്ഷിച്ചു കൊണ്ട്

Latest Videos
Follow Us:
Download App:
  • android
  • ios