പുള്ളാവൂർ പുഴയിലെ കട്ടൗട്ട് വിവാദം: നീക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് ചാത്തമംഗലം പഞ്ചായത്ത്
കട്ടൗട്ടുകൾ പുഴയുടെ സ്വാഭാവിക ഒഴുക്കിന് തടസമെന്ന പരാതി ലഭിച്ചപ്പോൾ അന്വേഷിക്കുക മാത്രമായിരുന്നുവെന്നും ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ്
കോഴിക്കോട്: ലോകകപ്പ് ഫുട്ബോൾ മത്സരവുമായി ബന്ധപ്പെട്ട് കോഴിക്കോട് പുള്ളാവൂർ പുഴയിൽ ഫുട്ബോൾ പ്രേമികൾ സ്ഥാപിച്ച കട്ടൗട്ടുകൾ നീക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ്. പുഴ കൊടുവള്ളി നഗരസഭയിലാണ്. കട്ടൗട്ടുകൾ പുഴയുടെ സ്വാഭാവിക ഒഴുക്കിന് തടസമെന്ന പരാതി ലഭിച്ചപ്പോൾ അന്വേഷിക്കുക മാത്രമായിരുന്നുവെന്നും ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഓലിക്കൽ ഗഫൂർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കട്ടൗട്ട് എടുത്ത് മാറ്റാൻ ഒരു നിർദേശവും നൽകിയിട്ടില്ലെന്നും പഞ്ചായത്ത് വ്യക്തമാക്കി.
അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസിയുടെയും ബ്രസീൽ താരം നെയ്മറുടെയും കട്ടൗട്ടുകളാണ് പുഴയിൽ സ്ഥാപിച്ചത്. ഇത് അന്താരാഷ്ട്ര തലത്തിൽ തന്നെ ചർച്ചയായിരുന്നു. അര്‍ജന്‍റീനയുടെ ആരാധകരാണ് മെസിയുടെ കൂറ്റന്‍ കട്ടൗട്ട് ചെറുപുഴയില്‍ ഉയർത്തിയത്. ഇത് സംസ്ഥാനത്തും രാജ്യാന്തര തലത്തിലും വാർത്തയായതോടെ, ബ്രസീൽ ആരാധകർ നെയ്‌മറുടെ ഇതിലും വലിയ കട്ടൗട്ട് മെസിയുടേതിന് തൊട്ടടുത്ത് സ്ഥാപിച്ചു. രാത്രിയിലും കാണാൻ സാധിക്കുന്ന വിധത്തിൽ വെളിച്ച സംവിധാനങ്ങളും ഘടിപ്പിച്ചിട്ടുണ്ട്. മെസിയുടെ കട്ടൗട്ട് 30 അടിയും നെയ്മറുടേതിന് 40 അടിയുമാണ് ഉയരം.
നെയ്മറുടെ വെബ്സൈറ്റിന്റെ ഫേസ്ബുക്ക് പേജിൽ ചിത്രം പങ്കുവെച്ചിരുന്നു. 40 അടിയോളം വരുന്ന നെയ്മറുടെ കൗട്ടിന് ഏകദേശം 25,000 രൂപ ചെലവായെന്ന് ബ്രസീല്‍ ആരാധകര്‍ പറഞ്ഞു. ഇതിന് പിന്നാലെ കോഴിക്കോട് കൊല്ലഗല്‍ ദേശീയപാതയില്‍ പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കട്ടൗട്ടും സ്ഥാപിച്ചിരുന്നു. താമരശ്ശേരി പരപ്പൻപൊയിലിൽ 45 അടിയോളം ഉയരത്തിലുള്ള കട്ടൗട്ടാണ് സ്ഥാപിച്ചത്.