8 ലക്ഷത്തിന്റെ ചെരിപ്പ് പോയി, പൊലീസിന് സംശയം പരാതിക്കാരെ; കള്ളനാവാതിരിക്കാൻ സ്വയം അന്വേഷിച്ച് കേസ് തെളിയിച്ചു
ഗോഡൗണിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ ചെരുപ്പ് പോയെന്ന പരാതി നൽകിയത് പൊലീസ് അന്വേഷിച്ചു. എന്നാൽ പരാതിക്കാരനെ തന്നെ സംശയിക്കുന്ന തരത്തിലായിരുന്നു പൊലീസിന്റെ നിലപാട്.
കാസർഗോഡ്: ഗോഡൗണില്‍ നിന്ന് എട്ട് ലക്ഷം രൂപയുടെ ചെരിപ്പുകൾ മോഷണം പോയ സംഭവത്തില്‍ പരാതിക്കാരനെ തന്നെ പൊലീസ് സംശയിച്ചതോടെ പ്രതികളെ തേടിയിറങ്ങി വിജയിച്ച കഥയാണ് കാസര്‍കോട്ടെ നസീറിനും അബ്ബാസിനും പറയാനുള്ളത്. മോഷണം പോയ ചെരിപ്പുകള്‍ കാസര്‍കോട്ട് വഴിയോര കച്ചവടം നടത്തുമ്പോഴാണ് ഇവര്‍ കൈയോടെ പിടികൂടിയത്.
സീതാംഗോളി കിന്‍ഫ്ര പാര്‍ക്കിലെ ഗോഡൗണില്‍ നിന്ന് ചെരിപ്പുകള്‍ മോഷണം പോയത് കഴിഞ്ഞ മാസം 22ന് ആയിരുന്നു. സ്ഥാപനത്തിന്‍റെ പാര്‍ട്ണറായ എടനാട് കോടിമൂലയിലെ മുഹമ്മദ് നസീര്‍ പൊലീസില്‍ പരാതി നല്‍കി.ബദിയടുക്ക പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. വിരലടയാള വിദഗ്ധര്‍ പരിശോധനയ്ക്ക് എത്താനുള്ളതിനാല്‍ അകത്ത് കടക്കരുതെന്ന് പൊലീസ് നിര്‍ദേശം നൽകി. എന്നാല്‍ പിറ്റേദിവസം ബാക്കിയുണ്ടായിരുന്ന ചെരിപ്പുകളും ഓഫീസിലെ ലാപ്ടോപ്പും കള്ളന്മാര്‍ കവര്‍ന്നു.
ഇതോടെ പൊലീസ് സംശയിച്ചതാവട്ടെ പരാതിക്കാരനെ തന്നെ. ഗള്‍ഫിലുള്ള പാര്‍ട്ണറെ കബളിപ്പിക്കാന്‍ ചെയ്തതാണോ എന്നുള്ള നിഗമനത്തിലായി പൊലീസ്. പക്ഷേ എട്ട് ലക്ഷം രൂപയുടെ ചെരിപ്പ് കട്ടവരെ വെറുതെ വിടാനാകുമോ? അങ്ങനെ ബന്ധു അബ്ബാസിന്‍റെ സഹായത്തോടെ കള്ളന്മാരെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു. ആ ശ്രമം ഫലം കാണുകയും ചെയ്തു. കാസര്‍കോട് കെഎസ്ആര്‍ടിസി സ്റ്റാന്‍റിന് അടുത്ത് വഴിയോര കച്ചവടം നടത്തുന്നവരുടെ അടുത്ത് മോഷണം പോയ ചെരിപ്പുകൾ കണ്ടെത്തി.
ബദിയടുക്ക പൊലീസ് ഈ തെരുവ് കച്ചവടക്കാരെ പിടിച്ചു. അവരില്‍ നിന്ന് പ്രതിയിലേക്കും എത്തി. മഞ്ചേശ്വരം പൊസോട്ടെ ആഷിഖിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുമ്പള സ്വദേശിയില്‍ നിന്നാണ് ചെരിപ്പ് വാങ്ങിയത് എന്നാണ് ഇയാളുടെ മൊഴി. ഗോഡൗണില്‍ നിന്ന് ചെരിപ്പ് കടത്തിയവരെ ഇനിയും പിടികൂടാനുണ്ട്. പ്രതിയാകാതിരിക്കാന്‍ കള്ളന്മാരെ പിടിക്കാന്‍ പരാതിക്കാർ തന്നെ നേരിട്ടിറങ്ങേണ്ടി വന്ന അവസ്ഥയായിരുന്നു ഇവിടെ. സാധനങ്ങള്‍ കടത്തിക്കൊണ്ട് പോയവരെ കിട്ടിയില്ലെങ്കിലും തൊണ്ടി മുതല്‍ കിട്ടിയ സന്തോഷത്തിലാണിവര്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം