സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ നിലപാടുമായി ചങ്ങനാശ്ശേരി അതിരൂപത; സഭകളോട് കൂടി ആലോചിക്കണമെന്ന് നിര്‍ദേശം
നിയസമഭ തെരഞ്ഞെടുപ്പിന്‍റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലേക്ക് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ കടക്കുമ്പോഴാണ് നിര്‍ദ്ദേശവുമായി ചങ്ങനാശ്ശേരി രൂപത മുന്നോട്ടു വരുന്നത്.
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസിന് കര്‍ശന നിര്‍ദേശവുമായി ചങ്ങനാശ്ശേരി അതിരൂപത. ന്യൂനപക്ഷ മേഖലയിലെ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ന്യൂനപക്ഷ വിഭാഗങ്ങളുമായി ആലോചിക്കണമെന്നാണ് ചങ്ങനാശ്ശേരി അതിരൂപതയുടെ നിര്‍ദ്ദേശം. സ്ഥാനാര്‍ത്ഥികള്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സ്വീകാര്യമായവരാകണം. സമുദായവുമായി ബന്ധമില്ലാത്തയാളുകളെ സമുദായത്തിന്‍റെ പേരില്‍ സ്ഥാനാര്‍ത്ഥികളാക്കി നിയമസഭയില്‍ എത്തിക്കരുതെന്നും അതിരൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടം ദീപിക ദിനപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കുന്നു.
നിയസമഭ തെരഞ്ഞെടുപ്പിന്‍റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്ക് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ കടക്കുമ്പോഴാണ് നിര്‍ദ്ദേശവുമായി ചങ്ങനാശ്ശേരി രൂപത മുന്നോട്ട് വരുന്നത്. ക്രൈസ്തവ മേഖലകളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തുമ്പോള്‍ സഭകളോട് കൂടി പാര്‍ട്ടികള്‍ ആലോചിക്കണമെന്നാണ് ലേഖനത്തിലൂടെ ബിഷപ്പ് നിര്‍ദ്ദേശിക്കുന്നത്. 1951 ല്‍ ജവഹാര്‍ലാല്‍ നെഹ്റു പിസിസി അധ്യക്ഷന്മാര്‍ക്ക് സമാന നിര്‍ദ്ദേശം നല്‍കിയതും ലേഖനത്തില്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്.
ന്യൂന പക്ഷങ്ങളുടെ വിശ്വാസം നേടിയവര്‍ മാത്രമായിരിക്കണം ആ മേഖലയിലെ സ്ഥാനാര്‍ത്ഥികള്‍. സമുദായ വിരുദ്ധരേയും വിശ്വാസം കൊണ്ടും ജീവിതം കൊണ്ടും സമുദായത്തോട് കൂറില്ലാത്തവരേയും ന്യൂന പക്ഷ മേഖലയില്‍ സ്ഥാനാര്‍ത്ഥികളാക്കരുതെന്നും മാര്‍ ജോസഫ് പെരുന്തോട്ടം ആവശ്യപ്പെടുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സഭകളുടെ കൂടി അഭിപ്രായം പരിഗണിച്ചേ മതിയാകൂവെന്ന സന്ദേശമാണ് ലേഖനത്തിലൂടെ സഭാ നേതൃത്വം നല്‍കുന്നത്. നിരവധി രാഷ്ട്രീയ വിഷയങ്ങളില്‍ മുമ്പും പരസ്യ നിലപാട് സ്വീകരിച്ചിട്ടുള്ള ചരിത്രവും ചങ്ങനാശ്ശേരി രൂപതക്കുണ്ട്. ന്യൂനപക്ഷ ആനുകൂല്യങ്ങളില്‍ നിന്നും ക്രൈസ്തവര്‍ പുറംതള്ളപ്പെടുന്നുവെന്നും ആനുകൂല്യങ്ങള്‍ മുസ്ലിം വിഭാഗത്തിന് മാത്രമാകുന്നുവെന്നുമുള്ള പരാതി തദ്ദേശ തെരഞ്ഞെടുപ്പിനു മുമ്പേ പരസ്യമായി ലേഖനത്തിലൂടെ ഉന്നയിച്ചതും മാര്‍ ജോസഫ് പെരുന്തോട്ടമായിരുന്നു.