വെർച്വൽ അറസ്റ്റ് തട്ടിപ്പിനിടെ പൊലീസെത്തി, ഡോക്ടർ വിസമ്മതിച്ചിട്ടും ഫോൺ വാങ്ങി; തട്ടിപ്പ് പൊളിച്ചതിങ്ങനെ

കോട്ടയം ചങ്ങനാശ്ശേരിയിൽ വെർച്വൽ അറസ്റ്റിൽ കുടുങ്ങിയ ഡോക്ടറെ എസ്ബിഐ ജീവനക്കാരും പൊലീസും ചേർന്ന് രക്ഷപ്പെടുത്തി

changanacherry virtual arrest money scam case in police rescues doctor from the fraudsters

കോട്ടയം: കോട്ടയം ചങ്ങനാശ്ശേരിയിൽ വെർച്വൽ അറസ്റ്റിൽ കുടുങ്ങിയ ഡോക്ടറെ എസ്ബിഐ ജീവനക്കാരും പൊലീസും ചേർന്ന് രക്ഷപ്പെടുത്തി. പെരുന്ന സ്വദേശിയായ ഡോക്ടറെ കബളിപ്പിച്ച് അഞ്ച് ലക്ഷം രൂപ കൈക്കലാക്കാൻ ആയിരുന്നു തട്ടിപ്പ് സംഘത്തിന്‍റെ ശ്രമം .സുപ്രീം കോടതിയുടെ പേരിൽ ഉണ്ടാക്കിയ വ്യാജ രേഖകൾ കാണിച്ചാണ് തട്ടിപ്പു സംഘം ഡോക്ടറെ കുടുക്കിയത്.

പെരുന്ന സ്വദേശിയായ ഡോക്ടർ പോസ്റ്റൽ സർവീസ് വഴി അയച്ച പാഴ്സലിൽ നിരോധിത വസ്തുക്കൾ കണ്ടെത്തി എന്ന് പറഞ്ഞ് തിങ്കളാഴ്ചയാണ് തട്ടിപ്പ് സംഘം ആദ്യം വിളിക്കുന്നത്. മുംബൈ പൊലീസ് എന്ന് സ്വയം പരിചയപ്പെടുത്തിയ സംഘം സുപ്രീംകോടതിയിലെയും പോസ്റ്റൽ സർവീസിലെയും ചില വ്യാജ രേഖകളും ഡോക്ടർക്ക് വാട്സ്ആപ്പ് വഴി അയച്ചു കൊടുത്തു.

വീഡിയോ കോൾ വിളിച്ച് ഡോക്ടർ അറസ്റ്റിൽ ആണെന്ന് തെറ്റിദ്ധരിപ്പിച്ചു. നടപടികൾ ഒഴിവാക്കാൻ അഞ്ച്ലക്ഷം രൂപ നൽകണമെന്നും ആവശ്യപ്പെട്ടു. ഇതിൽ പരിഭ്രാന്തനായ ഡോക്ടർ ചങ്ങനാശ്ശേരി നഗരത്തിലുള്ള എസ് ബി ഐ ബാങ്കിൽ എത്തി തട്ടിപ്പ് സംഘം പറഞ്ഞ അക്കൗണ്ടിലേക്ക് പണം കൈമാറ്റം ചെയ്തു. അക്കൗണ്ട് വിവരങ്ങളും ഡോക്ടറുടെ പരിഭ്രാന്തിയും കണ്ടപ്പോൾ തന്നെ ബാങ്ക് ജീവനക്കാർക്ക് ചില സംശയങ്ങൾ തോന്നി. ആർക്കാണ് പണം അയക്കുന്നത് എന്ന് സർവീസ് മാനേജർ ചോദിച്ചപ്പോൾ സുഹൃത്തിനാണ് എന്നായിരുന്നു ഡോക്ടറുടെ മറുപടി.

ബാങ്ക് അധികൃതരാണ് പൊലീസിന്‍റെ സൈബർ വിഭാഗത്തെ വിവരമറിയിച്ചത്. തുടർന്ന് ചങ്ങനാശ്ശേരി പൊലീസ് ഡോക്ടറുടെ വീട്ടിലെത്തി. ആദ്യം അന്വേഷണത്തോട് ഡോക്ടർ സഹകരിച്ചില്ല. ഈ സമയത്തെല്ലാം ഡോക്ടർ തട്ടിപ്പു സംഘത്തിന്‍റെ വീഡിയോ കോളിൽ തുടരുകയായിരുന്നു. ഇതിനിടെ പൊലീസ് ഇന്‍സ്പെക്ടര്‍ വാതിൽ തുറന്ന് വീട്ടിൽ കയറി ഫോണ്‍ വാങ്ങി പരിശോധിക്കുകയായിരുന്നു. ഒടുവിൽ മൊബൈൽ സ്ക്രീനിൽ ഒറിജിനൽ പൊലീസിനെ കണ്ടതോടെ തട്ടിപ്പുകാർ ഫോൺ കട്ട് ചെയ്ത് മുങ്ങി.

പൊലീസ് അന്വേഷണത്തോട് ഡോക്ടർ ആദ്യം സഹകരിച്ചില്ലെന്നും ചങ്ങനാശ്ശേരി പൊലീസിന്‍റെ ഇടപെടൽ ആണ് തട്ടിപ്പ് തടഞ്ഞതെന്നും കോട്ടയം എസ്‍പി ഷാഹുൽ ഹമീദ് പറഞ്ഞു.തട്ടിപ്പാണ് എന്ന് ഉറപ്പിച്ചതോടെ  ബാങ്ക് പണമിടപാട് മരവിപ്പിച്ചു. അഞ്ച് ലക്ഷം രൂപയിൽ  4,35000 രൂപയും മരവിപ്പിക്കാൻ കഴിഞ്ഞു. സംഭവത്തിൽ ഡോക്ടറുടെ മൊഴി രേഖപ്പെടുത്തി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. തട്ടിപ്പുകാരുടെ ബാങ്ക് വിവരങ്ങൾ അടക്കം കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.

ബാങ്കിലെത്തിയപ്പോള്‍ തന്നെ ഡോക്ടര്‍ പരിഭ്രാന്തിയിലായിരുന്നു-ബാങ്ക് മാനേജർ

ഡോക്ടർ ബാങ്കിലെത്തിയപ്പോൾ തന്നെ പരിഭ്രാന്തിയിൽ ആയിരുന്നുവെന്ന് മാനേജര്‍ മീനാ ബാബു പറഞ്ഞു. പണം അയക്കുന്ന അക്കൗണ്ടിനെ പറ്റി ചില സംശയങ്ങൾ ആദ്യമേ തോന്നിയിരുന്നു. ഇക്കാര്യം ഡോക്ടറോട് പറഞ്ഞപ്പോൾ സുഹൃത്തിനാണ് പണം അയക്കുന്നത് എന്നാണ് പറഞ്ഞത്.  തട്ടിപ്പുകളുടെ സാഹചര്യത്തിലാണ് ചോദിക്കുന്നത് എന്ന് ഡോക്ടറോട് പറഞ്ഞിരുന്നു. എന്നാൽ ഡോക്ടർ സുഹൃത്തിന് എന്ന നിലപാടിൽ ഉറച്ചു നിന്നു. ബാങ്കിലെ ആഭ്യന്തര സെക്യൂരിറ്റി സംവിധാനത്തിന് പണമിടപാടിനെ പറ്റി സംശയം തോന്നിയപ്പോഴാണ് പൊലീസിൽ വിവരം അറിയിച്ചത്. ചങ്ങനാശ്ശേരി ബ്രാഞ്ചിൽ ഇത്തരം അനുഭവം ആദ്യം എന്നും മാനേജർ പറഞ്ഞു
 

കൊല്ലത്ത് മുൻ ഭാര്യയുടെ പിതാവിനെ ഓട്ടോറിക്ഷക്കുള്ളിൽ വെച്ച് പെട്രോളൊഴിച്ച് തീ കൊളുത്തി; ഗുരുതര പരിക്ക്

 

Latest Videos
Follow Us:
Download App:
  • android
  • ios