ഉമ്മൻചാണ്ടിയെ സ്നേഹിക്കുന്നവരെ വേട്ടയാടരുതെന്ന് ചാണ്ടി ഉമ്മൻ, പിരിച്ചുവിട്ടത് അറിഞ്ഞില്ലെന്ന് ജെയ്‌ക്
സതീദേവിയെ വീട്ടിലെത്തി കണ്ട യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ കുടുംബത്തിന് പ്രതിപക്ഷത്തിന്റെ സഹായം ഉണ്ടാകുമെന്ന് വ്യക്തമാക്കി
കോട്ടയം: പുതുപ്പള്ളിയിൽ മൃഗസംരക്ഷണ വകുപ്പിൽ നിന്ന് ജീവനക്കാരിയെ പിരിച്ചുവിട്ട വിവാദത്തിൽ പ്രതികരിച്ച് സ്ഥാനാർത്ഥികൾ. പിരിച്ചുവിടപ്പെട്ട താത്കാലിക ജീവനക്കാരിയ സതീദേവിയെ വീട്ടിലെത്തി കണ്ട യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ കുടുംബത്തിന് പ്രതിപക്ഷത്തിന്റെ സഹായം ഉണ്ടാകുമെന്ന് വ്യക്തമാക്കി. ഉമ്മൻചാണ്ടിയെ സ്നേഹിക്കുന്നവരെ വേട്ടയാടരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം പിരിച്ചുവിട്ട വിഷയം അറിഞ്ഞില്ലെന്നാണ് ജെയ്ക് സി തോമസ് പ്രതികരിച്ചത്.
ഉമ്മൻചാണ്ടിയുടെ വികസന പ്രവർത്തനങ്ങളെ ഇടതു സർക്കാരുകൾ തടസപ്പെടുത്തിയെന്ന് ചാണ്ടി ഉമ്മൻ കുറ്റപ്പെടുത്തി. വിഎസിന്റെ കാലത്തും പിണറായിയുടെ ഭരണത്തിലും തടസങ്ങൾ ഉണ്ടായി. പുതുപ്പള്ളിയുടെ വികസനം മുരടിപ്പിക്കുന്നത് ഇടതുപക്ഷമാണെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം തലപ്പാടിയിലെ സൂപ്പർ സ്പെഷ്യലിറ്റി വികസനം ഇല്ലാതാക്കിയെന്നും കെആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിനു വേണ്ടിയും ഒന്നും ചെയ്തില്ലെന്നും വിമർശിച്ചു.
സതിയമ്മയെ പുറത്താക്കിയത് ഉമ്മൻ ചാണ്ടിയെ പുകഴ്ത്തിയിട്ടല്ലെന്ന് മന്ത്രി, അനധികൃത ജോലിയെന്ന് വിശദീകരണം
വിഷയത്തിൽ ഉമ്മൻചാണ്ടിയെ അനുകൂലിച്ച് സംസാരിച്ചതിനാലാണ് ജോലി നഷ്ടപ്പെട്ടതെന്ന ആക്ഷേപത്തിലുറച്ച് മുന്നോട്ട് പോവുകയാണ് യുഡിഎഫ്. ഉമ്മൻചാണ്ടിയെ കുറിച്ച് പറഞ്ഞതിന് പിന്നാലെയാണ് അവരെ പിരിച്ചുവിട്ടതെന്ന് വ്യക്തമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഇന്ന് പ്രതികരിച്ചു. ഇടതുപക്ഷം പറയുന്നത് സാങ്കേതികത്വമാണ്. എന്നാൽ തങ്ങൾ പറയുന്നത് മനുഷ്യത്വമാണ്. ഇന്നലെ വരെ അവിടെ ജോലി ചെയ്തിരുന്നയാളാണ് സതിദേവി. 8000 രൂപ അവർക്ക് മാസ വരുമാനം ഉണ്ടായിരുന്നു. അത് നിലച്ചുപോയി. അവരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടത് യാഥാർത്ഥ്യമാണ്. ഉമ്മൻ ചാണ്ടിയെ കുറിച്ച് സംസാരിച്ചതിന് ശേഷമാണ് പിരിച്ചുവിട്ടതും. പിന്നെയെങ്ങനെ അത് രാഷ്ട്രീയ ഗൂഢാലോചനയാകും? ജോലി ചെയ്യാത്തയാളെ പിരിച്ചുവിടാൻ കഴിയുമോയെന്നും വി ഡി സതീശൻ ഏഷ്യാനെറ്റ് ന്യൂസിനോട് ചോദിച്ചു.
Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ്