സംസ്ഥാനത്ത് ഇന്ന് 5 ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യത; വരും ദിവസങ്ങളിലെ കാലാവസ്ഥാ പ്രവചനം അറിയാം
ഒരു ജില്ലയിലും കാലാവസ്ഥാ വകുപ്പ് പ്രത്യേക മഴ മുന്നറിയിപ്പുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. എന്നാൽ, ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല.
അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനമനുസരിച്ച് വരും ദിവസങ്ങളിലും വിവിധ ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. നാളെയും (7/01/2025) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ നേരിയ മഴ ലഭിച്ചേക്കും. 8-ാം തീയതി 8 ജില്ലകളിലാണ് മഴയ്ക്ക് സാധ്യത പ്രവചിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ എന്നിവിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. 9ന് ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലും 10-ാം തീയതി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.
കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (06/01/2025) മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് സൊമാലിയ തീരം, തെക്കു പടിഞ്ഞാറൻ അറബിക്കടലിന്റെ പടിഞ്ഞാറൻ ഭാഗങ്ങൾ, തെക്കൻ തമിഴ്‌നാട്, കന്യാകുമാരി തീരം, അതിനോട് ചേർന്ന ഗൾഫ് ഓഫ് മന്നാർ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
READ MORE: വിഴിഞ്ഞത്ത് ഒരേ സമയം മൂന്ന് കപ്പലുകൾ; അന്താരാഷ്ട്ര തുറമുഖത്ത് ചരക്ക് നീക്കം അതിവേഗം