വഖഫ് നിയമഭേദഗതിയിലൂടെ കേന്ദ്രസർക്കാർ ഭരണഘടനയെ അട്ടിമറിക്കുന്നു: പന്ന്യൻ രവീന്ദ്രൻ
ന്യൂനപക്ഷങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള വഖഫ് പോലെയുള്ള അത്യന്തം ഗുരുതരമായ വിഷയങ്ങളിൽ നിന്നും ബിജെപി സർക്കാർ പിൻവാങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
തിരുവനന്തപുരം : ഭരണഘടനാ വിരുദ്ധമായ വഖഫ് നിയമഭേദഗതിയിലൂടെ ഇന്ത്യയുടെ മഹത്തായ ഭരണഘടനയെ കേന്ദ്രസർക്കാർ അട്ടിമറിക്കുകയാണെന്ന് മുൻ എംപി പന്ന്യന്‍ രവീന്ദ്രൻ. കേന്ദ്രസർക്കാർ കൊണ്ടുവരുന്ന പുതിയ വഖഫ് ഭേദഗതി ബിൽ വഖഫ് എന്ന ആശയത്തെ റദ്ദ് ചെയ്യുന്നതും അതിന്റെ ലക്ഷ്യത്തെ തന്നെ തകർക്കുന്നതുമാണ്.
ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള വഖഫ് പോലെയുള്ള അത്യന്തം ഗുരുതരമായ വിഷയങ്ങളിൽ നിന്നും ബിജെപി സർക്കാർ പിൻവാങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നാഷണൽ ലീഗ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഏജിസ് ഓഫീസ് പടിക്കൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നാഷണൽ ലീഗ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഷാഫി നദ്‌വി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കല്ലറ നളിനാക്ഷൻ സ്വാഗത ആശംസിച്ചു. ഇടക്കുന്നിൽ മുരളി, എ എൽ എം കാസിം, സനൽ കാട്ടായിക്കോണം, അജിത് കാച്ചാണി, ഷാജഹാൻ ആസാദ്, നാസർ മന്നാനി, സജാദ് റഹ്മാൻ വെഞ്ഞാറമൂട്, കലാം ബീമാപള്ളി, ഹാഷിം കണിയാപുരം, ജഹനാസ് കല്ലറ തുടങ്ങിയവർ സംസാരിച്ചു. നസീർ വെമ്പായം നന്ദി പറഞ്ഞു.