ഗോവ ഗവര്‍ണറുടെ വാഹനവ്യൂഹത്തിലേക്ക് കാറോടിച്ചു കയറ്റി; സിപിഎം ജില്ല സെക്രട്ടറിയുടെ മകനെതിരെ കേന്ദ്ര അന്വേഷണം

ഗവര്‍ണറുടെ വാഹനവ്യൂഹത്തിലേക്ക് ജൂലിയസ് നികിതാസ് ബോധപൂര്‍വം കാർ കയറ്റിയതല്ലെന്നാണ് സംസ്ഥാന പൊലിസിന്‍റെ  നിഗമനം

central agency enquiry against cpm disttrict secreatary son

കോഴിക്കോട്: ഗോവ ഗവര്‍ണറുടെ വാഹന വ്യൂഹത്തിലേക്ക് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ മകൻ ജൂലിയസ് നികിതാസ് വാഹനം ഓടിച്ചു കയറ്റിയ സംഭവത്തില്‍ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ വിശദമായി അന്വേഷണം വേണമെന്ന് ഗവർണറുടെ ഓഫീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം,  ഗവര്‍ണറുടെ വാഹനവ്യൂഹത്തിലേക്ക് ജൂലിയസ് ബോധപൂര്‍വം കാർ കയറ്റിയതല്ലെന്നാണ് സംസ്ഥാന പൊലിസിന്റെ നിഗമനം.

ഞായറാഴ്ച രാത്രി 8 മണിയോടെ കോഴിക്കോട് പുതിയ സ്റ്റാൻഡ് പരിസരത്ത് വച്ച് ഗോവ ഗവർണർ പിഎസ് ശ്രീധരൻപിള്ളയുടെ വാഹന വ്യൂഹത്തിലേക്ക് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍റെ  മകൻ ജൂലിയസ് കാർ ഓടിച്ചു കയറ്റാൻ ശ്രമിച്ച സംഭവത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ  നിർദ്ദേശാനുസരണമാണ് സെൻട്രൽ ഐബി അന്വേഷണം നടത്തുന്നത്. സംഭവത്തെ കുറിച്ചും സംഭവത്തെ തുടർന്ന് നടപടികൾ സ്വീകരിക്കുന്നതിൽ പൊലിസിന്‍റെ  ഭാഗത്ത് വീഴ്ചയുണ്ടായെന്ന ആക്ഷേപത്തെക്കുറിച്ചും ഐബി പരിശോധിക്കുന്നുണ്ട്. ഗോവ രാജ് ഭവൻ സിറ്റി പൊലീസിൽ നിന്ന് റിപ്പോർട്ട് തേടുമെന്നാണ് സൂചന.

എന്നാൽ, ജൂലിയസ് ബോധപൂര്‍വം ഗവർണറുടെ വാഹനവ്യൂഹത്തിലേക്ക് കാർ കയറ്റിയതല്ലെന്നാണ് സംസ്ഥാന പൊലിസിന്‍റെ വിലയിരുത്തല്‍. ഇതിനോടകം കിട്ടിയ സിസിടിവി ദൃശ്യങ്ങൾ ഇത് തെളിയിക്കുന്നുണ്ട് എന്നാണ് പോലീസിന്‍റെ  വാദം. ജൂലിയസിന്‍റെ  പ്രവർത്തി കൊണ്ട് ഗവർണറുടെ യാത്ര വൈകുകയോ വാഹന വ്യൂഹത്തിന് തടസം നേരിടുകയോ ചെയ്തിട്ടില്ല. പൊലീസ് നിർദ്ദേശം പാലിച്ചില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു മോട്ടോർ വാഹന നിയമം 179 പ്രകാരം ജൂലിയസിന് 1000 രൂപ പിഴയിട്ടത്.

അതേസമയം, സംഭവസമയം ഫറോക്ക് അസിസ്റ്റൻറ് കമ്മീഷണർ ഷാജു കെ എബ്രഹാമുമായി വാക്കേറ്റം ഉണ്ടായതായി ജൂലിയസ് സമ്മതിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ചും സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം നടത്തിയിരുന്നു. ജൂലിയസിന്‍റെ  പ്രവൃത്തി ബോധപൂർവ്വം എന്നും വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന നേതൃത്വം രംഗത്തെത്തിയിരുന്നു

Latest Videos
Follow Us:
Download App:
  • android
  • ios