രാഷ്ട്രീയ ഇസ്ലാം വലിയ പ്രശ്നമെന്ന പി ജയരാജൻ്റെ പ്രസ്താവന; പ്രതീക്ഷ നൽകുന്നതെന്ന് കത്തോലിക്കാ സഭാ മുഖപത്രം
ഇസ്ലാമിക തീവ്രവാദത്തിന് മതേതര പാർട്ടികൾ വളംവെച്ചെന്ന വിമർശനം നിലനിൽക്കെ ജയരാജന്റെ തുറന്നുപറച്ചിൽ പ്രസക്തമാണെന്ന് മുഖപ്രസംഗം
കൊച്ചി: പൊളിറ്റിക്കൽ ഇസ്ലാം വലിയ പ്രശ്നമാകുന്നുവെന്ന പി ജയരാജന്റെ പരാമർശം സ്വാഗതം ചെയ്ത് കത്തോലിക്കാ സഭാ മുഖപത്രം ദീപിക. ഇസ്ലാമിക തീവ്രവാദത്തിന്റെ മുഖംമൂടി മാറ്റാൻ ജയരാജനെപ്പോലെ ആരെങ്കിലും വരുന്നത് പ്രതീക്ഷ നൽകുന്നുവെന്ന് മുഖപ്രസംഗത്തിൽ പറയുന്നു. പി ജയരാജൻ കണ്ട രാഷ്ട്രീയ ഇസ്ലാമിനെ സിപിഎം കാണാൻ ഇടയില്ലെന്ന വിമർശനവും ഇതോടൊപ്പമുണ്ട്. ഇസ്ലാമിക തീവ്രവാദത്തിന് മതേതര പാർട്ടികൾ വളംവെച്ചെന്ന വിമർശനം നിലനിൽക്കെ ജയരാജന്റെ തുറന്നുപറച്ചിൽ പ്രസക്തമാണെന്നും സഭാ നിലപാടുകൾ സ്ഥിരീകരിക്കുന്നതാണ് ജയരാജന്റെ പ്രസ്താവനയെന്നും ദീപിക മുഖപ്രസംഗത്തിൽ പറയുന്നു.
ഇസ്ലാമിക തീവ്രവാദം ആഗോളതലത്തിൽ വരുത്തിയ വിനാശങ്ങൾക്കനുസരിച്ചു നിലപാടുകൾ നവീകരിക്കാതിരുന്ന കോൺഗ്രസും ഇടതു പാർട്ടികളും ഇന്ത്യൻ രാഷ്ട്രീയത്തിൽ വലതുപക്ഷ ചിന്തകൾക്കും രാഷ്ട്രീയത്തിനും വർഗീയതയ്ക്കും ചെയ്തുകൊടുത്ത സഹായം ചെറുതല്ലെന്ന് മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു. ഇതര മതവർഗീയത വളരാൻ സാഹചര്യമൊരുക്കിയത് ഇസ്ലാമിക തീവ്രവാദമാണ്. നിലപാടിൽ ജയരാജൻ ഉറച്ചുനിൽക്കുമെന്നോ ഒരു മതേതര സമൂഹത്തിനുമേൽ ഇഴഞ്ഞുകയറിയ രാഷ്ട്രീയ ഇസ്ലാമിനെ സിപിഎമ്മും മറ്റു രാഷ്ട്രീയ പാർട്ടികളും തള്ളിപ്പറയുമെന്നോ ഉറപ്പില്ലെന്ന് മുഖപ്രസംഗത്തിൽ പറയുന്നു.
കാശ്മീരിൽ പ്രശ്ന പരിഹാരം സാധ്യമാക്കേണ്ടത് പ്രത്യേക അവകാശങ്ങളും ആനുകൂല്യങ്ങളും കൊടുത്തല്ലെന്ന ബിജെപിയുടെ നിലപാടിനു സ്വീകാര്യത വർധിച്ചുവെന്നും പതിറ്റാണ്ടുകൾ ഭരിച്ചിട്ടും തീവ്രവാദത്തെ തരിമ്പും പ്രതിരോധിക്കാൻ കോൺഗ്രസിനു സാധിച്ചില്ലെന്നും വിമർശനമുണ്ട്. കേരളം മാറിമാറി ഭരിച്ചവർക്കു പോപ്പുലർ ഫ്രണ്ടിനെ പ്രതിരോധിക്കാൻ കഴിഞ്ഞില്ല. ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ പൊലിയുന്ന മനുഷ്യരെക്കുറിച്ചു പറയണമെന്നതിൽ സംശയമില്ല. പക്ഷേ, ലോകമെങ്ങും ഇസ്ലാമിക ഭീകരപ്രസ്ഥാനങ്ങൾ കൊന്നൊടുക്കുന്ന ക്രൈസ്തവരെക്കുറിച്ച് എഴുതുന്നില്ലെന്നും മുഖപ്രസംഗം വിമർശിക്കുന്നു.