'കോഴപ്പണമായി കിട്ടിയ രണ്ടര ലക്ഷത്തിൽ ഒരു ലക്ഷം സുഹൃത്തിന് നൽകി'; കെ സുന്ദരയുടെ മൊഴി, രേഖകൾ ശേഖരിച്ച് പൊലീസ്
സുന്ദരയുടേയും സുഹൃത്തിൻ്റേയും ബാങ്ക് രേഖകൾ പൊലീസ് പരിശോധിച്ചു. സുഹൃത്തിന് സൂക്ഷിക്കാൻ നൽകിയതാണ് ഒരു ലക്ഷമെന്ന് സുന്ദരയുടെ മൊഴി.
കാസര്‍കോട്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതിയായ മഞ്ചേശ്വരത്തെ കോഴക്കേസിൽ കോഴപ്പണമായി ലഭിച്ച രണ്ടരലക്ഷം രൂപയിൽ ഒരു ലക്ഷം രൂപ ഏൽപ്പിച്ചത് സുഹൃത്തിനെയെന്ന് കെ സുന്ദരയുടെ മൊഴി. ബാങ്കിൽ നിക്ഷേപിച്ച ഈ പണം വീണ്ടെടുക്കാൻ അന്വേഷണസംഘം ബാങ്ക് രേഖകൾ ശേഖരിച്ചു.
ബിജെപി പ്രവർത്തകർ നൽകിയെന്ന് സുന്ദര പറയുന്ന മൊബൈൽ വാങ്ങിയ കടയിലെ സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്ക് പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. നിലവിൽ കെ സുരേന്ദ്രനെ മാത്രം പ്രതിയാക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കൈക്കൂലി നൽകൽ എന്ന വകുപ്പ് മാത്രം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. എന്നാൽ സുന്ദരയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ജാമ്യമില്ലാ വകുപ്പായ തട്ടിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകളും എഫ്ഐആറിൽ ചേർക്കാനാണ് പൊലീസ് നീക്കം. കൂടുതൽ പ്രാദേശിക നേതാക്കളെയും കേസിൽ പ്രതി ചേർക്കും.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona