വ്യാജ വാർത്ത പ്രചരിപ്പിച്ച ഓണ്‍ലൈൻ ചാനലിനെതിരെ കേസെടുത്ത് പൊലീസ്; പ്രതിയെ കണ്ടെത്തി മൊബൈൽ ഫോൺ പിടിച്ചെടുത്തു
ചീഫ് ഇലക്ടറല്‍ ഓഫീസർക്കെതിരെ അധിക്ഷേപം നടത്തിയ വിഷയത്തിൽ തിരുവല്ല പൊലീസ് സ്റ്റേഷനില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് പ്രതിയെ കണ്ടെത്തി മൊബൈൽ ഫോണുകൾ പിടിച്ചെടുത്തിട്ടുണ്ട്
ആലപ്പുഴ: തിരുവനന്തപുരം ജില്ലയില്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ക്ക് തകരാറുണ്ടെന്നും ഇലക്ഷന്‍ ഉദ്യോഗസ്ഥരും രാഷ്ട്രീയപ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കമുണ്ടായെന്നും വ്യാജവാര്‍ത്ത പ്രചരിപ്പിച്ച ഓണ്‍ലൈന്‍ ചാനലിനെതിരെ കേസെടുത്തു. തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനിലാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. നിയമനടപടി ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ നല്‍കിയ പരാതിയിലാണ് നടപടി.
നിയമനടപടിക്ക് പിന്നാലെ ഓൺലൈൻ ചാനലിൽ നിന്ന് വാർത്ത പിൻവലിച്ചു. ചീഫ് ഇലക്ടറല്‍ ഓഫീസർക്കെതിരെ അധിക്ഷേപം നടത്തിയ വിഷയത്തിൽ തിരുവല്ല പൊലീസ് സ്റ്റേഷനില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് പ്രതിയെ കണ്ടെത്തി മൊബൈൽ ഫോണുകൾ പിടിച്ചെടുത്തിട്ടുണ്ട്. പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ തെറ്റിദ്ധാരണാജനകവും വിദ്വേഷം പരത്തുന്ന തരത്തിലുമുള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കും സ്ത്രീത്വത്തെ അവഹേളിക്കുന്ന തരത്തില്‍ പ്രചാരണം നടത്തുന്നവര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.
എല്ലാത്തരം സൈബര്‍ ആക്രമണങ്ങളും കണ്ടെത്തി നിയമനടപടി സ്വീകരിക്കുന്നതിന് 24 മണിക്കൂറും സൈബര്‍ പട്രോളിങ് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് കേരള പൊലീസ് അറിയിച്ചു. മോക്പോളിങ്ങിൽ വിവിപാറ്റ് സ്ലിപ്പുകളിൽ ബിജെപിക്ക് കൂടുതൽ വോട്ടുകൾ ലഭിച്ചതായി കാണിക്കുന്നു എന്നാണ് വാർത്തയിൽ ആരോപിക്കുന്നതെന്നും എന്നാൽ ഇത്തരത്തിൽ ഒരു സംഭവം ജില്ലയിൽ എവിടെയും കണ്ടെത്തിയിട്ടില്ലെന്നും ഔദ്യോഗിക അറിയിപ്പിൽ നേരത്തെ കളക്ടര്‍ വ്യക്തമാക്കിയിരുന്നു.
വോട്ടെടുപ്പിനായി ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളെ സജ്ജമാക്കുന്ന കമ്മിഷനിങ് പ്രക്രിയ ഏപ്രിൽ 16നാണ് ആരംഭിച്ചത്. ഏപ്രിൽ 18 വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 ന് ജില്ലയിലെ എല്ലാ കേന്ദ്രങ്ങളിലും ഉള്ള കമ്മീഷനിങ് പൂർത്തിയാവുകയും ചെയ്തു. ബാലറ്റ് യൂണിറ്റിൽ സ്ഥാനാർത്ഥികളുടെ ചിത്രങ്ങളും ചിഹ്നങ്ങളും ഉൾപ്പെടുന്ന ബാലറ്റ് പേപ്പറുകൾ ക്രമീകരിക്കുകയും വിവിപാറ്റ് മെഷീനിൽ സ്ലിപുകൾ സജ്ജീകരിക്കുകയും ചെയ്യുന്ന പ്രക്രിയ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് നടന്നത്. ഇത്തരത്തിൽ ഒരു പരാതി ജില്ലയിൽ എവിടെ നിന്നും ഉയർന്നുവന്നിട്ടില്ലെന്നാണ് ജില്ലാ കളക്ടർ അറിയിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം.