'മകന്റെ ജീവന് വിലയിടാനില്ല, അതിനല്ല ഗൾഫിൽ കിടന്ന് ഇത്രയും കഷ്ടപ്പെട്ട് അവനെ പഠിപ്പിച്ചത്': അനന്തുവിന്‍റെ അച്ഛൻ

മകന് സംഭവിച്ചത് പോലെ ഒരു അപകടം ഒരാൾക്കും ഉണ്ടാകരുത്. ലോറികളെ നിയന്ത്രിക്കുമെന്ന വാക്ക് പാലിക്കണമെന്ന് അനന്തുവിന്‍റെ അച്ഛൻ അജികുമാർ

cant put price on my son's life must control lorries bds student ananthu's father SSM

തിരുവനന്തപുരം: മകന്‍റെ ജീവന് വിലയിടാനില്ലെന്ന് ടിപ്പറിൽ നിന്ന് കല്ലുതെറിച്ച് വീണുണ്ടായ അപകടത്തിൽ മരിച്ച ബിഡിഎസ് വിദ്യാർത്ഥി അനന്തുവിന്‍റെ അച്ഛൻ അജികുമാർ. മകന് സംഭവിച്ചത് പോലെ ഒരു അപകടം ഒരാൾക്കും ഉണ്ടാകരുത്. ലോറികളെ നിയന്ത്രിക്കുമെന്ന വാക്ക് പാലിക്കണം. മറ്റു നിയമ നടപടികളിലേക്ക് പോകുന്നില്ല. മകന്‍റെ ജീവന് വിലയിടാനില്ല. അതിനല്ല ഗള്‍ഫിൽ ഇത്രയും കഷ്ടപ്പെട്ട് ഹോട്ടല്‍ ജോലിയൊക്കെ ചെയ്ത് അവനെ പഠിപ്പിച്ചതെന്നും അനന്തുവിന്‍റെ അച്ഛന്‍ പറഞ്ഞു.

മകന്‍റെ ഗതി മറ്റാര്‍ക്കും വരാതിരിക്കണമെന്ന് മാത്രമാണ് അജികുമാർ അധികൃതരോട് പറഞ്ഞത്. അമിതമായി ലോഡ് കയറ്റിയാണ് ലോറികള്‍ പോകുന്നത്. പല തവണ അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഈ ലോറികള്‍ പോകുമ്പോഴുള്ള ശബ്ദം കേട്ടാൽ പേടിയാകും. ഒരു നിയന്ത്രണവുമില്ല. ടിപ്പറിൽ നിന്ന് വീണ കല്ല് സ്കൂട്ടറിന്‍റെ മുമ്പിലടിച്ച് നെഞ്ചിലാണ് പതിച്ചത്. വാരിയൊല്ലൊക്കെ പൊട്ടിപ്പോയെന്നാണ് ഡോക്ടർമാർ പറഞ്ഞത്. ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെ അവന് ഹൃദയാഘാതവുണ്ടായി. ലോറികളെ നിയന്ത്രിക്കുമെന്ന് കലക്ടറും സർക്കാരും തന്ന വാക്ക് പാലിക്കണമെന്ന് അജികുമാർ ആവശ്യപ്പെട്ടു. 

"എന്‍റെ മോനെ കൊണ്ടുനടന്ന് വില പറയിക്കാനായി തീരുമാനമില്ല. അതിനല്ല ഗൾഫിൽ കിടന്ന് കഷ്ടപ്പെട്ട് ഹോട്ടൽ ജോലിയൊക്കെ ചെയ്ത് അവനെ പഠിപ്പിച്ചത്. എന്‍റെ മോൻ നഷ്ടപ്പെട്ടിട്ട് ഞാൻ വില വാങ്ങിക്കാൻ നിൽക്കുന്നത് ശരിയല്ലല്ലോ. അവന്‍റെ വിദ്യാഭ്യാസത്തിന് ചെലവായത് എന്താണെന്ന് വെച്ചാൽ അത് ചെയ്യാം എന്ന് പറഞ്ഞിട്ടാണ് കലക്ടർ പോയത്"- അജികുമാർ പറഞ്ഞു. 

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്ക് ലോഡുമായി പോയ ടിപ്പറിൽ നിന്ന് കല്ല് തെറിച്ചുവീണാണ് അനന്തുവിന്‍റെ ദാരുണാന്ത്യം സംഭവിച്ചത്. രാവിലെ കോളേജിലേക്ക് പോയ മകന്റെ മരണ വാർത്തയാണ് മാതാപിതാക്കൾ അറിഞ്ഞത്. അനന്തുവിന് ശസ്ത്രക്രിയയ്ക്ക് മുമ്പ് മൂന്നു തവണ ഹൃദ​യാഘാതം ഉണ്ടായെന്ന് ബന്ധുക്കള്‍ പറഞ്ഞു. 

ഡോ.അനന്തു എന്ന് ബോർഡ് വയ്ക്കാൻ ആഗ്രഹിച്ച അനന്തുഭവനിലേക്ക്, ആ 26കാരൻ എത്തിയത് ചേതനയറ്റ ശരീരമായാണ്. പ്രവാസിയായ അച്ഛൻ അജികുമാർ മകന്‍റെ മരണ വിവരം അറിഞ്ഞ് ഇന്നലെ പുലർച്ചയോടെ നാട്ടിലെത്തുകയായിരുന്നു നെയ്യാറ്റിൻകര നിംസ് ഡെന്റൽ കോളജിലെ നാലാം വർഷ വിദ്യാർഥിയായിരുന്നു അനന്തു. കോളേജിലെ പൊതുദർശനം സങ്കടക്കാഴ്ചയായി. നൂറുകണക്കിനാളുകൾ മുക്കോലയിലെ അനന്തുവിന്‍റെ വീട്ടിലെത്തി. ഒരു നാട് മുഴുവൻ കണ്ണീരോടെ അനന്തുവിന് യാത്രാമൊഴിയേകി.

Latest Videos
Follow Us:
Download App:
  • android
  • ios