അത് ചതുപ്പ് നിലമെന്ന് മന്ത്രി ഗണേഷ് കുമാർ; എറണാകുളത്ത് കെഎസ്ആർടിസിയുടെ പുതിയ ബസ് സ്റ്റാൻഡ് നിർമ്മാണം ഉടനില്ല
നിലവിലുള്ള ബസ് സ്റ്റാൻഡ് പൊളിച്ചു പണിയാൻ ഫണ്ട് ഇല്ലാത്തതിനാൽ നവീകരിക്കുക മാത്രമാണ് വഴി. വെള്ളക്കെട്ട് പരിഹരിക്കാൻ നടപടി തുടങ്ങുമെന്ന് മന്ത്രി
കൊച്ചി: എറണാകുളത്ത് കെഎസ്ആർടിസിയുടെ പുതിയ ബസ് സ്റ്റാൻഡ് നിർമ്മാണം ഉടൻ തുടങ്ങില്ല. സ്റ്റാൻഡ് നിർമാണത്തിനായി കണ്ടെത്തിയത് ചതുപ്പ് നിലമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. മെട്രോ നഗരത്തിൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ള കെഎസ്ആർടിസി ബസ് സ്റ്റാൻഡിനായുള്ള കാത്തിരിപ്പ് ഇനിയും നീളും.
പറഞ്ഞു പറഞ്ഞു പഴകിയ ആവശ്യമാണ് കൊച്ചിക്കാർക്ക് ആധുനിക സൗകര്യങ്ങളുള്ള കെഎസ്ആർടിസി ബസ് സ്റ്റാൻഡ്. പ്രഖ്യാപനങ്ങൾ പലത് വന്നെങ്കിലും കാത്തിരിപ്പ് മാത്രം ബാക്കി. ആധുനിക സൗകര്യങ്ങളോടെ സ്റ്റാൻഡ് നിർമ്മിക്കാൻ കണ്ടെത്തിയ സ്ഥലം ചതുപ്പ് നിലമാണെന്ന് ഗതാഗത മന്ത്രി പറഞ്ഞു. എംഒയു ഒപ്പിട്ടിട്ടുണ്ട്. പക്ഷേ ചതുപ്പാണ് ആ സ്ഥലം. നികത്തിയെടുക്കാൻ കോടിക്കണക്കിന് രൂപ വേണ്ടിവരും. ചതുപ്പെടുക്കാൻ പറ്റില്ലെന്നും മന്ത്രി പറഞ്ഞു.
നിലവിലുള്ള ബസ് സ്റ്റാൻഡ് പൊളിച്ചു പണിയാൻ ഫണ്ട് ഇല്ലാത്തതിനാൽ നവീകരിക്കുക മാത്രമാണ് വഴി. ആകെ നാണക്കേടായ വെള്ളക്കെട്ട് പരിഹരിക്കാൻ നടപടി തുടങ്ങും. സ്റ്റാൻഡിലെ ഗ്രൗണ്ട് ഉയർത്തും. റെയിൽവേ ട്രാക്കിനടിയിലൂടെ വെള്ളം ഒഴുക്കികളയാനാണ് ആലോചന. ഇതിനായി പഠനം നടത്താൻ ഐഐടി സംഘത്തെ നിയോഗിക്കും. വെള്ളം കയറാതിരിക്കാൻ അടിയന്തരമായി പണി തുടങ്ങുമെന്ന് മന്ത്രി വ്യക്തമാക്കി. ഇപ്പോഴുള്ളത് പൊളിച്ച് പണിയാൻ ഫണ്ടില്ലെന്നും പൊളിക്കാതെ തന്നെ സംരക്ഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കൂടുതൽ ടോയ്‍ലറ്റുകൾ സ്റ്റാൻഡിൽ പണിയാനും ആലോചനയുണ്ട്.