അതിഥി തൊഴിലാളികളുടെ യാത്രാക്കൂലി നൽകാനാവില്ലെന്ന് കേരളം, ചെലവ് മാതൃ സംസ്ഥാനം വഹിക്കണം
ഇരു സംസ്ഥാനങ്ങളും ചേർന്ന് ചെലവ് വഹിക്കണമെന്നായിരുന്നു സുപ്രീം കോടതി ഉത്തരവ്. ഇതിന് സാധിക്കാത്ത സാഹചര്യമാണ് നിലവിലെന്ന് കേരളം വിശദീകരിച്ചു
തിരുവനന്തപുരം: കേരളത്തിൽ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് തിരികെ പോകാൻ ആഗ്രഹിക്കുന്ന അതിഥി തൊഴിലാളികളുടെ ചെലവ് വഹിക്കാനാകില്ലെന്ന് കേരളം നിലപാടെടുത്തു. മാതൃസംസ്ഥാനം പൂർണ്ണമായും ചെലവ് വഹിക്കണമെന്നാണ് സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്.
ഇരു സംസ്ഥാനങ്ങളും ചേർന്ന് ചെലവ് വഹിക്കണമെന്നായിരുന്നു സുപ്രീം കോടതി ഉത്തരവ്. ഇതിന് സാധിക്കാത്ത സാഹചര്യമാണ് നിലവിലെന്ന് കേരളം വിശദീകരിച്ചു. ഇത് വ്യക്തമാക്കി സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകുന്നത് കേരളം ആലോചിക്കുന്നുണ്ട്. ഇന്ന് കേരളത്തിൽ നിന്നു പോയ തൊഴിലാളികളുടെ പണം മാതൃസംസ്ഥാനങ്ങളാണ് നൽകിയത്.
സുപ്രീം കോടതി ഉത്തരവിനെതിരെ റെയിൽവെ ബോർഡ് ചെയർമാനും നിലപാടെടുത്തു. ശ്രമിക് ട്രെയിൻ സൗജന്യമായി ഓടിക്കുന്നത് പ്രായോഗികമല്ലെന്നാണ് വിനോദ് കുമാർ യാദവ് വ്യക്തമാക്കിയത്. ശ്രമിക് ട്രെയിൻ സൗജന്യമാക്കിയാൽ അതിന്റെ പ്രവർത്തനം നിയന്ത്രിക്കാനാവില്ല. ടിക്കറ്റ് നിരക്ക് സംസ്ഥാനങ്ങൾ ചേർന്ന് വഹിക്കണം. സംസ്ഥാനങ്ങൾക്കുമേൽ അധികഭാരം അടിച്ചേൽപ്പിക്കുന്നത് എന്തിനെന്ന ചോദ്യത്തിൽ നിന്ന് റെയിൽവെ ബോർഡ് ചെയർമാൻ ഒഴിഞ്ഞുമാറി. ശ്രമിക് ട്രെയിൻ ഓടിച്ചതിലൂടെ കിട്ടിയ വരുമാനം എത്രയെന്ന് പറയാൻ അദ്ദേഹം തയ്യാറായില്ല. തൊഴിലാളികളിൽ നിന്ന് ഈടാക്കിയ ടിക്കറ്റ് നിരക്ക് റീഫണ്ട് ചെയ്യാൻ പദ്ധതിയുണ്ടോ എന്ന ചോദ്യത്തോടും വിനോദ് കുമാർ യാദവ് മുഖം തിരിച്ചു.