കാലിക്കറ്റ് സെനറ്റ്: വിദ്യാര്‍ത്ഥി പ്രതിനിധിയായി വിജയിച്ച എംഎസ്എഫ് നേതാവ് പഞ്ചായത്തിലെ കരാർ ജീവനക്കാരൻ
യുഡിഎഫ് ഭരിക്കുന്ന പാലക്കാട് തച്ചനാട്ടുകര ഗ്രാമപഞ്ചായത്തിലെ പ്രൊജക്റ്റ് അസിസ്റ്റന്‍റായ അമീന്‍ റാഷിദാണ് സെനറ്റ് തെരഞ്ഞെടുപ്പില്‍ വിദ്യാര്‍ത്ഥി പ്രതിനിധിയെന്ന പേരില്‍ മത്സരിച്ച് ജയിച്ചത്.
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് തെരഞ്ഞെടുപ്പില്‍ വിദ്യാര്‍ത്ഥി പ്രതിനിധിയായി വിജയിച്ച എംഎസ്എഫ് നേതാവ് പഞ്ചായത്തിലെ കരാര്‍ ജീവനക്കാരന്‍. യുഡിഎഫ് ഭരിക്കുന്ന പാലക്കാട് തച്ചനാട്ടുകര ഗ്രാമപഞ്ചായത്തിലെ പ്രൊജക്റ്റ് അസിസ്റ്റന്‍റായ അമീന്‍ റാഷിദാണ് സെനറ്റ് തെരഞ്ഞെടുപ്പില്‍ വിദ്യാര്‍ത്ഥി പ്രതിനിധിയെന്ന പേരില്‍ മത്സരിച്ച് ജയിച്ചത്. സര്‍വകാശാല നിയമം ലംഘിച്ചാണ് അമീനിനെ മത്സരിപ്പിച്ചതെന്ന ആരോപണവുമായി എസ്എഫ്ഐ രംഗത്തെത്തി.
കഴിഞ്ഞയാഴ്ച നടന്ന കാലിക്കറ്റ് സര്‍വകലാശാലാ സെനറ്റ് തെരഞ്ഞെടുപ്പില്‍ വിദ്യാര്‍ത്ഥി പ്രതിനിധികളായി അമീന്‍ റാഷിദ് ഉള്‍പ്പെടെ നാല് പേരായിരുന്നു എംഎസ്എഫ് പാനലില്‍ ജയിച്ചത്. കൊട്ടപ്പുറം സീ ഡാക് കോളേജില്‍ ഡിഗ്രി രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിയാണെന്ന രേഖയായിരുന്നു അമീന്‍ മത്സരിക്കാനായി സമര്‍പ്പിച്ചത്. വിദ്യാര്‍ത്ഥി പ്രതിനിധിയായി മത്സരിക്കണമെങ്കില്‍ മുഴുവന്‍ സമയ വിദ്യാര്‍ത്ഥിയായിരിക്കണമെന്ന സര്‍വകാശാല നിയമം. എന്നാല്‍ അമീന്‍ യുഡിഎഫ് ഭരിക്കുന്ന പാലക്കാട് തച്ചനാട്ടുകര ഗ്രാമപഞ്ചായത്തില്‍ രണ്ട് വര്‍ഷമായി പ്രൊജക്റ്റ് അസിസ്റ്റന്‍റ് തസ്തികയില്‍ ജോലി ചെയ്തു വരികയാണ്. 2021ല്‍ പഞ്ചായത്തിലെ പ്രൊജക്റ്റ് അസിസ്ന്‍റ് തസ്തികയില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ നിയമിച്ച അമീനെ പിന്നീട് കരാറടിസ്ഥാനത്തില്‍ നിയമനം നല്‍കി പഞ്ചായത്ത് ഉത്തരവിറക്കുകയായിരുന്നു. ഇതു സംബന്ധിച്ച രേഖകളും പുറത്ത് വന്നു. മാസ ശമ്പളം കൈപ്പറ്റി കരാറിടസ്ഥാനത്തില്‍ ജോലി ചെയ്തിരുന്നയാള്‍ എങ്ങനെയാണ് വിദ്യാര്‍ത്ഥി പ്രതിനിധിയായി മത്സരിക്കുകയെന്ന ചോദ്യമാണ് എസ് എഫ് ഐ ഉയര്‍ത്തുന്നത്. അമീനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് വൈസ് ചാന്‍സര്‍ക്കുള്‍പ്പെടെ പരാതി നല്‍കാനാണ് തീരുമാനം.
എന്നാല്‍ മുഴുവന്‍ സമയ വിദ്യാര്‍ത്ഥിയായ താന്‍ ഒഴിവ് സമയത്ത് മാത്രം ജോലി ചെയ്തു വരികയായിരുന്നുവെന്നാണ് അമീന്‍ റാഷിദിന്‍റെ വിശദീകരണം. സര്‍വകാശാലയില്‍ നല്‍കിയിരിക്കുന്ന രേഖകളില്‍ എല്ലാം വ്യക്തമാണെന്നും അമീന്‍ പറഞ്ഞു. അതേസമയം, പ്രൊജക്റ്റ് അസിസസ്റ്റന്‍റ് എന്ന നിലയില്‍ മുഴുവന്‍ സമയ ജോലിയാണ് അമീന്‍ ചെയ്തു വന്നിരുന്നതെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. കഴിഞ്ഞ മാര്‍ച്ചില്‍ ഇയാളുടെ കാലാവധി നീട്ടി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ മൂന്ന് മാസമായി ഇയാള്‍ ജോലിക്കെത്തിയിട്ടില്ലെന്നും തച്ചനാട്ടുകര പഞ്ചായത്ത് സെക്രട്ടറി വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയം യൂട്യൂബിൽ കാണാം...