സി എം രവീന്ദ്രൻ എൻഫോഴ്സ്മെൻ്റ് ഡയറക്ട്രേറ്റിന് മുന്നിൽ ഹാജരായി
കഴിഞ്ഞ മൂന്ന് തവണയും കൊവിഡ് അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി രവീന്ദ്രൻ ചോദ്യം ചെയ്യലിൽ നിന്നും മാറി നിൽക്കുകയായിരുന്നു.
കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ ചോദ്യം ചെയ്യലിനായി എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന് മുന്നിൽ ഹാജരായി. ഇന്ന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി രവീന്ദ്രന് നോട്ടീസ് നൽകിയിരുന്നു. ക
കഴിഞ്ഞ മൂന്ന് തവണയും കൊവിഡ് അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി രവീന്ദ്രൻ ചോദ്യം ചെയ്യലിൽ നിന്നും മാറി നിൽക്കുകയായിരുന്നു. ആദ്യ തവണ കൊവിഡ് ബാധിച്ചതിനാലാണ് ഹാജരാകാനാകാതിരുന്നത്. പിന്നീട് രണ്ട് തവണ കൊവിഡാനന്തര ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ആശുപത്രിയിൽ പ്രവേശിച്ച അദ്ദേഹം ചോദ്യം ചെയ്യലിനെത്തിയില്ല.
സ്വപ്ന സുരേഷിന്റെ ചില നിർണായക മൊഴികളുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെ ഉന്നതരെ ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ് നടപടി തുടങ്ങിയത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറിന് മാത്രമല്ല മുഖ്യമന്ത്രിയുടെ ഓഫീസിലെ പലർക്കും സ്വർണ്ണക്കടത്തിനെക്കുറിച്ച് അറിയാമായിരുന്നുവെന്ന സ്വപ്ന ഇഡിക്ക് നൽകിയ മൊഴിയാണ് അന്വേഷണത്തിൽ നിർണായകമായത്. ഇതിന് പിന്നാലെയാണ് അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നീങ്ങിയത്.