പ്രതികൾ 1.75 ലക്ഷം വാങ്ങി, നിയമന തട്ടിപ്പ് കേസിൽ റിമാൻഡ് റിപ്പോർട്ട് പുറത്ത്; ആൾമാറാട്ടം നടന്നോയെന്ന് പരിശോധന
മറ്റ് പ്രതികൾക്ക് വേണ്ടി അന്വേഷണം നടക്കുന്നുവെന്നും ഇവരെ കൂടി പിടികൂടിയാൽ മാത്രമേ കേസിന്റെ നിജസ്ഥിതി വ്യക്തമാവു എന്നുമാണ് റിമാൻഡ് റിപ്പോർട്ട് പറയുന്നത്
തിരുവനന്തപുരം: നിയമന തട്ടിപ്പ് കേസിലെ പ്രതികളുടെ റിമാൻഡ് റിപ്പോർട്ട് പുറത്ത്. ഹരിദാസിൽ നിന്നും ഒരു ലക്ഷത്തി എഴുപത്തായ്യായിരം രൂപ പ്രതികൾ വാങ്ങിയെന്ന് വ്യക്തമാക്കുന്നതാണ് റിമാൻഡ് റിപ്പോർട്ട്. നിയമന തട്ടിപ്പ് കേസിൽ ആൾമാറാട്ടം നടന്നിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നതാണ് റിമാൻഡ് റിപ്പോർട്ട്. മറ്റ് പ്രതികൾക്ക് വേണ്ടി അന്വേഷണം നടക്കുന്നുവെന്നും ഇവരെ കൂടി പിടികൂടിയാൽ മാത്രമേ കേസിന്റെ നിജസ്ഥിതി വ്യക്തമാവു എന്നുമാണ് റിമാൻഡ് റിപ്പോർട്ട് പറയുന്നത്.
മെഡിക്കൽ കോളേജിൽ സെക്യൂരിറ്റി ജോലി വാഗ്ദാനം ചെയ്തു: അഖിൽ സജീവും സംഘവും കോട്ടയത്തും പണം തട്ടി
അതിനിടെ ഈ സംഘം കൂടുതൽ ഇടങ്ങളിൽ നിയമന തട്ടിപ്പ് നടത്തിയെന്ന സൂചനകളും പുറത്തുവന്നിട്ടുണ്ട്. കോട്ടയം മെഡിക്കൽ കോളേജിൽ സെക്യൂരിറ്റി ജോലി വാഗ്ദാനം ചെയ്ത് അഖിൽ സജീവും സംഘവും കോട്ടയത്തും വലിയ തട്ടിപ്പ് നടത്തിയെന്നാണ് പുതിയ വെളിപ്പെടുത്തൽ. നിയമന കോഴ തട്ടിപ്പ് കേസിൽ അറസ്റ്റിലായ റഹീസിനെ ചോദ്യം ചെയ്തതിൽ നിന്നാണ് കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചത്. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് റഹീസിന്റെ വെളിപ്പെടുത്തൽ. റഹീസിനേയും ബാസിത്തിനേയും പുലർച്ചെ മുതൽ കന്റോൺമെന്റ് പൊലീസ് ചോദ്യം ചെയ്തിരുന്നു. തുടർന്നാണ് റഹീസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ആരോഗ്യ കേരളത്തിന്റെ പേരിൽ വ്യാജ നിയമന ഉത്തരവുണ്ടാക്കിയത് റഹീസാണെന്ന് പൊലീസ് പറയുന്നു. അഖിൽ സജീവ് റഹീസുമായി ചേർന്നാണ് ഇ മെയിൽ ഐഡി ഉണ്ടാക്കിയത്. ലെനിൻ രാജാണ് അഖിൽ സജീവനെ റഹീസിന് പരിചയപ്പെടുത്തിയത്. അഖിലും റഹീസുമായി ഇൻറീരിയർ ഡിസൈൻ ബിസിനസ് നടത്തിയിരുന്നെങ്കിലും അത് തകർന്നു. പിന്നീടും ഇവർ തമ്മിൽ സൗഹൃദം നീണ്ടു. ബിസിനസിലെ നഷ്ടം നികത്താനാണ് പ്രതികൾ തട്ടിപ്പ് ആസൂത്രണം ചെയ്തതെന്നാണ് കന്റോൺമെന്റ് പൊലീസ് പറയുന്നത്. കൂടുതൽ ചോദ്യം ചെയ്യലിലൂടെ മാത്രമേ വിശദമായ വിവരങ്ങൾ ലഭിക്കൂ എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം