ഫർണിച്ചർ ബുക്ക് ചെയ്താൽ 2027ൽ തുടങ്ങുന്ന കമ്പനിയിൽ ജോലി, കൂടുതൽ പേരെ ചേർത്താൽ ലാഭവിഹിതം; തട്ടിപ്പിൽ വീഴല്ലേ
ഫർണിച്ചർ കമ്പനിയുടെ പേരിൽ ഒരു തട്ടിപ്പ് എസ്എംഎസ് നിങ്ങൾക്കും വന്നേക്കാം. ജാഗ്രത വേണം
തിരുവനന്തപുരം: ഫർണിച്ചർ കമ്പനിയുടെ പേരിൽ വരുന്ന ഒരു തട്ടിപ്പ് എസ്എംഎസിനെതിരെ ജാഗ്രത പാലിക്കാൻ മുന്നറിയിപ്പുമായി പൊലീസ്. 2027 ൽ ആരംഭിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഫർണിച്ചർ കമ്പനിയിൽ ജോലി ലഭിക്കാൻ ഫർണിച്ചർ ബുക്ക് ചെയ്യൂ എന്ന് പറഞ്ഞാണ് തട്ടിപ്പ്. തുടർന്നുള്ള ഓരോ ബുക്കിംഗിനും ലാഭവിഹിതം ലഭിക്കുമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് മണിച്ചെയിൻ മാതൃകയിലാണ് തട്ടിപ്പ്.
ഫർണിച്ചർ ബുക്ക് ചെയ്യാൻ മാത്രമല്ല കൂടുതൽ ആളുകളെ ചേർക്കാനും തട്ടിപ്പുകാർ ആവശ്യപ്പെടും. ഇത്തരത്തിൽ ചേർക്കുന്ന ഓരോരുത്തരും ഫർണിച്ചർ വാങ്ങുമ്പോൾ ലാഭവിഹിതം ലഭിച്ചുകൊണ്ടിരിക്കുമെന്നും പറഞ്ഞു വിശ്വസിപ്പിക്കും. വളരെ വൈകിയാണ് ഇത് തട്ടിപ്പാണെന്ന് മനസ്സിലാവുക. അമിതലാഭം ഉറപ്പു നൽകുന്ന ജോലി വാഗ്ദാനങ്ങളിലോ ഓൺലൈൻ നിക്ഷേപങ്ങളിലോ ഇടപാടുകൾ നടത്തരുതെന്നാണ് പൊലീസ് മുന്നറിയിപ്പ്. ഇത്തരത്തിലുള്ള വെബ് സൈറ്റുകളുടെ ലിങ്കിൽ ക്ലിക്ക് ചെയ്യരുത്. ഇതുപോലുള്ള ഓൺലൈൻ സാമ്പത്തിക കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ 1930 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും പൊലീസ് ആവശ്യപ്പെട്ടു.
ഫർണിച്ചർ കമ്പനി തട്ടിപ്പിനെ കുറിച്ച് കേരള പൊലീസ്
"ഫർണിച്ചർ കമ്പനിയുടെ പേരിൽ ഒരു തട്ടിപ്പ് എസ്എംഎസ് നിങ്ങൾക്കും വന്നേക്കാം. കമ്പനിയുടെ പേരിൽ വരുന്ന എസ്എംഎസ് ക്ലിക്ക് ചെയ്യുന്നതോടെ നിങ്ങൾ ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുന്നു. 2027 ൽ ആരംഭിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഫർണിച്ചർ കമ്പനിയിൽ ജോലി ലഭിക്കുന്നതിന് നിങ്ങളെക്കൊണ്ട് ഫർണിച്ചർ ബുക്ക് ചെയ്യിക്കുകയാണ് ഈ ഗ്രൂപ്പ് വഴി തട്ടിപ്പുകാർ ചെയ്യുന്നത്. തുടർന്നുള്ള ഓരോ ബുക്കിങ്ങിനും നിങ്ങൾക്ക് ലാഭവിഹിതം ലഭിക്കുമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് മണിച്ചെയിൻ മാതൃകയിലാണ് തട്ടിപ്പ് നടത്തുക.
വ്യാജ വെബ്‌സൈറ്റ് മുഖാന്തരം അക്കൌണ്ട് ആരംഭിക്കാൻ അവർ നിങ്ങളെ പ്രേരിപ്പിക്കുന്നു. ഈ വെബ്സൈറ്റ് വഴി ലാഭവിഹിതം മനസ്സിലാക്കാമെന്ന് അവർ നിങ്ങളെ ധരിപ്പിക്കും. നിങ്ങൾ ഫർണിച്ചർ വാങ്ങുന്നതിനു പുറമെ കൂടുതൽ ആളുകളെ ചേർക്കണമെന്നും ഇത്തരത്തിൽ ചേർക്കുന്ന ഓരോരുത്തരും ഫർണിച്ചർ വാങ്ങുമ്പോൾ നിങ്ങൾക്ക് ലാഭവിഹിതം ലഭിച്ചുകൊണ്ടിരിക്കുമെന്നും അവർ പറഞ്ഞു വിശ്വസിപ്പിക്കുന്നു. വളരെ വൈകിയാകും ഇത് തട്ടിപ്പാണെന്ന് നിങ്ങൾക്ക് മനസ്സിലാവുക.
അമിതലാഭം ഉറപ്പുനൽകുന്ന ജോലിവാഗ്ദാനങ്ങളിലോ ഓൺലൈൻ നിക്ഷേപങ്ങളിലോ ഇടപാടുകൾ നടത്താതിരിക്കുക. ഇത്തരത്തിലുള്ള വെബ് സൈറ്റുകളുടെ ലിങ്കിൽ ക്ലിക്ക് ചെയ്യാതിരിക്കുക. ഇത്തരം ഓൺലൈൻ സാമ്പത്തിക കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ 1930 എന്ന സൗജന്യ നമ്പറിൽ ബന്ധപ്പെട്ടോ https://cybercrime.gov.in എന്ന വെബ്സൈറ്റ് മുഖേനയോ പരാതികൾ നൽകാം"
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം