'എൻഎസ്എസുമായി ആത്മബന്ധം, ആര് വിചാരിച്ചാലും ബന്ധം മുറിച്ചുമാറ്റാൻ കഴിയില്ല'; രമേശ് ചെന്നിത്തല

പെരുന്നയിലെ മന്നം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്ത് മുൻപ്രതിപക്ഷ നേതാവും മുതിർന്ന കോൺ​ഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല. 

bond with the NSS cannot be severed no matter what anyone thinks Ramesh Chennithala

കോട്ടയം: പെരുന്നയിലെ മന്നം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്ത് മുൻപ്രതിപക്ഷ നേതാവും മുതിർന്ന കോൺ​ഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല. ഉ​ദ്ഘാടകനായി അവസരം നൽകിയതിന് എൻഎസ്എസിനോട് നന്ദിയെന്ന് പറഞ്ഞ രമേശ് ചെന്നിത്തല ജീവിതത്തിൽ അഭിമാനമായി കാണുന്ന മുഹൂർത്തമാണിതെന്നും വ്യക്തമാക്കി. തികഞ്ഞ അഭിമാന ബോധത്തോട് കൂടിയാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. സമുദായത്തെ കരുത്തനായി നയിക്കുന്ന ആളാണ് സുകുമാരൻ നായരെന്നും രമേശ് ചെന്നിത്തല പറ‍ഞ്ഞു.

കേരളം ഇന്ത്യയ്ക്ക് സംഭാവന ചെയ്ത മഹാപുരുഷന്മാരിൽ അഗ്രഗണ്യനാണ് മന്നത്ത് പത്മനാഭൻ. ജീവിതത്തിലെ നിർണായക ഘട്ടങ്ങളിലെല്ലാം അഭയം തന്നത് എൻഎസ്എസ് ആണ്. പ്രീഡിഗ്രി അഡ്മിഷൻ മുതൽ തുടങ്ങിയതാണ് ഇത്. എന്‍എസ്എസിനോട് ആത്മബന്ധമാണുള്ളത്. ആര് വിചാരിച്ചാലും മുറിച്ചുമാറ്റാൻ പറ്റാത്തതാണ് ആ ബന്ധമെന്നും ചെന്നിത്തല വ്യക്തമാക്കി.

കേരളീയ സമൂഹത്തെ പരിഷ്കരണത്തിന്റെ പാതയിലേക്ക് നയിച്ച മന്നത്ത് പത്മനാഭൻ കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരിയാണ്. ആവശ്യമായ ഘട്ടങ്ങളില്‍ സുകുമാരന്‍ രാഷ്ട്രീയ ഇടപെടല്‍ നടത്തുന്നുവെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. ശബരിമല വിഷയം ഉണ്ടായപ്പോൾ മന്നം കാണിച്ചുകൊടുത്ത വഴിയിലൂടെ ഇന്നത്തെ എൻഎസ്എസ് നേതൃത്വം സഞ്ചരിച്ചു. നാമജപയാത്രയടക്കം നടത്തി വിശ്വാസികളുടെ അവകാശം നേടിയെടുക്കാൻ നടത്തിയ ശ്രമം എന്നും ജനങ്ങൾ ഓർക്കുന്നതാണെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

മതനിരപേക്ഷതയിൽ കുലീനവും ശ്രേഷ്ഠവുമായ ഒരു ബ്രാൻഡ് ആണ് എൻഎസ്എസ്. മന്നത്തിന്റെ കയ്യിലുണ്ടായിരുന്ന വടിയുടെ അദൃശ്യമായ ഒന്ന് സുകുമാരൻ നായരുടെ കയ്യിലുണ്ട്. എൻഎസ്എസിനെതിരെ വരുന്ന ഓരോ അടിയും തടുക്കാനുള്ളതായിരുന്നു മന്നത്തിന്റെ കയ്യിലുണ്ടായിരുന്ന വടി. സമുദായങ്ങൾ തമ്മിൽ തല്ലണം എന്ന് ആഗ്രഹിക്കുന്നവർക്ക് എൻഎസ്എസിനോട് പിണക്കവും പരിഭവമുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

11 വര്‍ഷത്തിന് ശേഷമാണ് രമേശ് ചെന്നിത്തല എന്‍എസ്എസ് ആസ്ഥാനത്തെത്തിയത്. പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തെത്തിയ രമേശ് ചെന്നിത്തലയ്ക്ക് പ്രൗഢോജ്വലമായ സ്വീകരണമാണ് ഏർപ്പെടുത്തിയത്. രമേശ് ചെന്നിത്തല എൻഎസ്എസിന്റെ പുത്രനാണെന്നു ജി സുകുമാരൻ നായർ പറഞ്ഞു. സുകുമാരന്‍ നായരും രമേശ്  ചെന്നിത്തലയും മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി.

Read Also: മുഖ്യമന്ത്രിയെ വിമർശിച്ച് സുകുമാരൻ നായർ; ക്ഷേത്രങ്ങളിൽ ഷർട്ട് ഊരുന്നതിനെതിരായ മുഖ്യമന്ത്രിയുടെ പരാമർശം തെറ്റ്

Latest Videos
Follow Us:
Download App:
  • android
  • ios