തിരിച്ചെത്തിയാൽ അബ്ദുൾ റഹീമിന് ജീവിക്കണ്ടേ, പുനരധിവാസത്തിനുള്ള പദ്ധതി പ്രഖ്യാപിച്ച് ബോബി ചെമ്മണ്ണൂര്‍

അബ്ദുൾ റഹീമിന്റെ മോചനത്തിനായുള്ള ദയാധന സമാഹരണം ലക്ഷ്യം കണ്ടതിന് പിന്നാലെയാണ് ബോബി ചെമ്മണ്ണൂരിന്റെ പ്രതികരണം

Boby Chemmanur says he will open BoChe tea powder wholesale shop for Abdul Rahim

കോഴിക്കോട്: സൗദി അറേബ്യയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൾ റഹീമിന്റെ മോചനത്തിന് മലയാളികൾ ഒന്നടങ്കം കൈകോര്‍ക്കുമെന്ന് ഉറപ്പായിരുന്നുവെന്ന് ബോബി ചെമ്മണ്ണൂര്‍. മലയാളികൾ ദൗത്യം ഏറ്റെടുത്ത് ആ വിശ്വാസം തെളിയിച്ചു. അബ്ദുൾ റഹീമിനെ ജീവനോടെ നാട്ടിലെത്തിച്ച ശേഷം ഉമ്മയുടെ അടുത്തേക്ക് പോകും. അബ്ദുൽ റഹീമിനു വേണ്ടി നേരത്തെ പ്രഖ്യാപിച്ച ലക്കി ഡ്രോ തുടരും. ആ പണം റഹീമിന്റെ പുനരധിവാസത്തിനായി ചെലവഴിക്കും. അബ്ദുൾ റഹീം തിരിച്ചെത്തിയാൽ ഉപജീവനത്തിന് വേണ്ടി ബോച്ചേ ടീ പൗഡർ ഹോൾസെയിൽ ഷോപ്പ് വെച്ച് കൊടുക്കാനാണ് ഉദ്ദേശിക്കുന്നത്. പണം കണ്ടെത്താൻ സഹായിച്ച എല്ലാവർക്കും നന്ദി പറഞ്ഞ അദ്ദേഹം പല കുപ്രചരണങ്ങളും ഉണ്ടായെന്നും എന്നാൽ എല്ലാം മറികടക്കാനായതിൽ സന്തോഷമുണ്ടെന്നും പറഞ്ഞു.

കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാ മലയാളികളും ഈ ചലഞ്ച് ഏറ്റെടുത്തുവെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. കേരളത്തിന്റെ അനുകമ്പയുടെ ഏറ്റവും വലിയ ഉദാഹരണമാണിത്. എല്ലാവർക്കും നന്ദി, ഇതാണ് റിയൽ കേരള സ്റ്റോറിയെന്നും അദ്ദേഹം പ്രതികരിച്ചു.

അബ്ദുൾ റഹീമിന്റെ മോചനത്തിനായുള്ള ദയാധന സമാഹരണം ലക്ഷ്യം കണ്ടതിന് പിന്നാലെയാണ് ബോബി ചെമ്മണ്ണൂരിന്റെ പ്രതികരണം. ദയാധനത്തിലേക്ക് ആദ്യം ഒരു കോടി രൂപ നൽകിയത് ബോബി ചെമ്മണ്ണൂരായിരുന്നു. ദയാധനം കണ്ടെത്താൻ ലക്കി ഡ്രോയും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. അതിനിടയിലാണ് ആവശ്യമായതിൽ കൂടുതൽ പണം അബ്ദുൾ റഹീമിന്റെ മോചനത്തിനായി പ്രവ‍ര്‍ത്തിക്കുന്ന ട്രസ്റ്റിന്റെ ബാങ്ക് അക്കൗണ്ടിലും അല്ലാതെ നേരിട്ട് പണമായും എത്തിയത്. റിയാദിൽ തടവിലുള്ള അബ്ദുൽ റഹീമിന്റെ മോചനത്തിനായി സംസ്ഥാനത്തിന് അകത്തും പുറത്തും സമാനതകളില്ലാത്ത ഫണ്ട് സമാഹരണമാണ് നടന്നത്. നിശ്ചയിച്ചതിലും രണ്ടു ദിവസം മുമ്പ് 34.45 കോടി രൂപ ലഭിച്ചു. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള മലയാളികൾ കൈകോർത്താണ് തുക കണ്ടെത്തിയത്. 18 വർഷമായി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിനെ മോചിപ്പിക്കാനായി സമാഹരിച്ച തുക ഇന്ത്യൻ എംബസി വഴി സൗദി കുടുംബത്തിന് നൽകും. 2006 ലാണ് മനഃപ്പൂർവ്വമല്ലാത്ത കൈപിഴവ് മൂലം സൗദി സ്വദേശിയായ 15 കാരൻ മരിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios