ബോബി ചെമ്മണ്ണൂര്‍ അറസ്റ്റില്‍; കൊച്ചി സെൻട്രൽ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി, ചുമത്തിയത് ജാമ്യമില്ലാ വകുപ്പ്

നടി ഹണി റോസിന്റെ ലൈം​ഗികാധിക്ഷേപ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂർ അറസ്റ്റിൽ.

boby chemmanur arrested on complaint of actress honey rose

കൊച്ചി: നടി ഹണി റോസിന്റെ ലൈം​ഗികാധിക്ഷേപ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂർ അറസ്റ്റിൽ. കൊച്ചി സെൻട്രൽ പൊലീസാണ് ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് രാവിലെ വയനാട്ടിൽ നിന്നും കസ്റ്റഡിയിലെടുത്ത പ്രതിയെ കൊച്ചി പൊലീസ് 7 മണിയോടെയാണ് സെൻട്രൽ പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. ജാമ്യമില്ലാ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.ബോബിയെ ഇന്ന് കോടതിയില്‍ ഹാജരാക്കിയേക്കില്ലെന്ന വിവരം പുറത്തുവരുന്നുണ്ട്. കസ്റ്റഡിയിലെടുത്ത് ഏഴാം മണിക്കൂറിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഹണി റോസ് നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തതിനെ തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കവേയാണ് ബോബി ചെമ്മണ്ണൂരിനെ വയനാട്ടില്‍ വെച്ച് കൊച്ചി പൊലീസ് നാടകീയമായി കസ്റ്റഡിയിലെടുക്കുന്നത്. പ്രതിയുടെ വാഹനത്തിന് കുറുകെ പൊലീസ് വാഹനം നിര്‍ത്തി വണ്ടിയില്‍ നിന്ന് വിളിച്ചിറക്കിയാണ് കൊച്ചി പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുന്നത്. സ്വന്തം വാഹനത്തില്‍ എത്താമെന്ന് പറഞ്ഞിട്ടും പൊലീസ് സമ്മതം നല്‍കിയില്ല.

അതിനിടെ ഹണിറോസിന്‍റെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. എറണാകുളം ഫസ്റ്റ് ക്ലാസ്സ്‌ ജുഡീഷ്യൽ മാജിസ്‌ട്രേറ്റ് കോടതിയിൽ എത്തി ആണ് ഹണി മൊഴി നൽകിയത്. തനിക്കൊപ്പം നിന്ന നിയമസംവിധാനങ്ങള്‍ക്കും പൊലീസിനും മുഖ്യമന്ത്രിക്കും ഹണി റോസ് ഫേസ്ബുക്ക് കുറിപ്പിലൂടെ നന്ദി അറിയിച്ചിരുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios