ഒട്ടും കുസാതെ കുറ്റബോധമില്ലെന്ന് ആവർത്തിച്ച് ബോബി ചെമ്മണ്ണൂർ; ഇന്ന് നിർണായക ദിനം, രാവിലെ കോടതിയിൽ ഹാജരാക്കും
തെറ്റ് ഒന്നും ചെയ്തിട്ടില്ലെന്നും ആരെയും അധിക്ഷേപിച്ചിട്ടില്ലെന്നും കുറ്റബോധമില്ലെന്നും ബോബി ചെമ്മണ്ണൂർ ആവർത്തിക്കുകയും ചെയ്തു.
കൊച്ചി: നടി ഹണി റോസിന്‍റെ ലൈംഗികാധിക്ഷേപ പരാതിയിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണൂരിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെ രാത്രി 11.30ഓടെ ബോബിയുടെ വൈദ്യ പരിശോധന പൂർത്തിയായിരുന്നു. വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോഴും ഒരു കൂസലും ഇല്ലാതെയാണ് ബോബി എത്തിയത്. തെറ്റ് ഒന്നും ചെയ്തിട്ടില്ലെന്നും ആരെയും അധിക്ഷേപിച്ചിട്ടില്ലെന്നും കുറ്റബോധമില്ലെന്നും ബോബി ചെമ്മണ്ണൂർ ആവർത്തിക്കുകയും ചെയ്തു.
എറണാകുളം ജനറൽ ആശുപത്രിയിലെ വൈദ്യ പരിശോധനയ്ക്ക് ശേഷം ബോബിയെ തിരികെ സെൻട്രൽ സ്റ്റേഷനിലേക്ക് തന്നെ എത്തിച്ചു. ഇന്ന് രാവിലെ 11 മണിക്ക് കോടതിയിൽ ഹാജരാക്കും. വയനാട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത ബോബി ചെമ്മണ്ണൂരിനെ പൊലീസ് ജീപ്പിൽ ഇന്നലെ രാത്രി ഏഴോടെയാണ് കൊച്ചിയിലെത്തിച്ചത്.
പൊലീസ് ജീപ്പിനുള്ളിലും അറസ്റ്റിൽ യാതൊരു കൂസലുമില്ലാതെ ചിരിയോടെയാണ് ബോബി ചെമ്മണ്ണൂര്‍ നിന്നത്. പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചപ്പോഴും യാതൊരു ഭാവമാറ്റവുമില്ലാതെ ചിരിച്ചുകൊണ്ടായിരുന്നു തെറ്റൊന്നും ചെയ്തിട്ടില്ലെന്ന മറുപടി. ചുറ്റും നിന്ന പൊലീസ് ബോബി ചെമ്മണ്ണൂരിനെ ഉടനെ തന്നെ സ്റ്റേഷനുള്ളിലേക്ക് കൊണ്ടുപോവുകയായിരുന്നു.
അതേസമയം, അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിന്‍റെ മൊബൈൽ ഫോണ്‍ പൊലീസ് പിടിച്ചെടുത്തു. ബോബി ചെമ്മണ്ണൂര്‍ ഉപയോഗിച്ചിരുന്ന ഐ ഫോണ്‍ ആണ് പിടിച്ചെടുത്തത്. ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിനെ ഇന്ന് തന്നെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കും. അൽപ്പസമയം മുമ്പ് കൊച്ചിയിലെത്തിച്ച ബോബിയുടെ അറസ്റ്റ് കൊച്ചി സെന്‍ട്രല്‍ പൊലീസാണ് രേഖപ്പെടുത്തിയത്. ഇന്നലെ രാവിലെ വയനാട്ടിൽ നിന്നും കസ്റ്റഡിയിലെടുത്ത പ്രതിയെ കൊച്ചി പൊലീസ് 7 മണിയോടെയാണ് സെൻട്രൽ പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. ജാമ്യമില്ലാ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. കസ്റ്റഡിയിലെടുത്ത് ഏഴാം മണിക്കൂറിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
3 ലക്ഷം രൂപ വരെ കുറഞ്ഞ പലിശനിരക്കില്‍ വായ്പ ലഭിക്കും; ധാരണാപത്രം ഒപ്പുവച്ച് മിൽമയും കേരള ബാങ്കും