ബിഷപ്പ് പാംപ്ലാനിയെ കണ്ട് ബിജെപി ജില്ലാനേതൃത്വം; റബ്ബര്‍വില കൂട്ടണമെന്നത് കേന്ദ്രസര്‍ക്കാരിനെ അറിയിക്കും
കുടിയേറ്റ ജനതയുടെ ആശങ്ക അറിയിച്ചെന്നും, കർഷകന് വേണ്ടി നിലകൊള്ളുന്ന ഏതു സർക്കാരിനെയും തങ്ങൾ പിന്തുണക്കുമെന്നും, അതിൽ രാഷ്ട്രീയം നോക്കാതെ നിലകൊള്ളുമെന്നും ആര്‍ച്ച് ബിഷപ്പ് അറിയിച്ചെന്ന് ബിജെപി നേതൃത്വം.
തിരുവനന്തപുരം: റബ്ബർ വില 300 ആക്കിയാൽ, ബിജെപിയെ സഹായിക്കും എന്ന ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്ത് ന്യൂനപക്ഷമോർച്ചയും ബിജെപിയും. ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റ് എൻ ഹരിദാസ്, ന്യൂനപക്ഷമോർച്ച ജില്ലാ പ്രസിഡണ്ട് അരുൺ തോമസ്, ജനറൽ സെക്രട്ടറി, ജോസ് എ വൺ, ലുയിസ്, എന്നി നേതാക്കൾ ബിഷപ് ജോസഫ് പാംപ്ലാനിയെ സന്ദർശിച്ചു. കുടിയേറ്റ ജനതയുടെ ആശങ്ക അദ്ദേഹം തങ്ങളെ അറിയിക്കുകയും, കർഷകന് വേണ്ടി നിലകൊള്ളുന്ന ഏതു സർക്കാരിനെയും തങ്ങൾ പിന്തുണക്കും അതിൽ രാഷ്ട്രീയം നോക്കാതെ, നിലകൊള്ളുമെന്ന് വ്യക്തനാക്കിയതായും നേതാക്കള്‍ പറഞ്ഞു.
ലവ് ജിഹാദ് പോലെയുള്ള സാമൂഹിക പ്രശ്നങ്ങളിൽ ന്യൂനപക്ഷമോർച്ചയുടെ ഇടപെടൽ പ്രശംസനീയം ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. റബ്ബറിന് 300 രൂപ ആക്കണം എന്ന പിതാവിന്‍റെ ആവശ്യം കേന്ദ്ര ഗവൺമെന്‍റിന്‍റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും, കർഷകരുടെ ആശങ്ക ഗൗരവമായി കാണുമെന്നും ബിജെപി ജില്ലാ പ്രസിഡന്‍റ്, എൻ ഹരിദാസും ന്യുനപക്ഷ മോർച്ച ജില്ല പ്രസിഡന്‍റ് അരുൺ തോമസും അറിയിച്ചു.
അതേസമയം ഇരുകൂട്ടരും കൂടി ഭരിച്ച് മുടിപ്പിച്ച കേരളത്തിലെ കർഷകർ ബിജെപിയിൽ പ്രതീക്ഷയർപ്പിക്കുന്നതിൽ ഇത്ര അസ്വസ്ഥത എന്തിനെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ ചോദിച്ചു. ക്രിസ്ത്യൻ സഹോദരങ്ങൾ ഭൂരിപക്ഷമായ വടക്കുകിഴക്കും ഗോവയും ബിജെപിയാണ് ഭരിക്കുന്നതെന്നും അദ്ദേഹം ഫേസ് ബുക്ക് കുറിപ്പില്‍ ഓര്‍മ്മിപ്പിച്ചു.
;