ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകം, വ്യാപക പ്രക്ഷോഭത്തിനൊരുങ്ങി ബിജെപി
പ്രതികളെ പിടികൂടാത്തത്തിൽ പ്രതിഷേധിച്ച് അമ്മമാരെ അണിനിരത്തി സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് ഒരുങ്ങുമെന്ന് ബിജെപി...
പാലക്കാട്: ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയത് രാഷ്ട്രീയ വിരോധം മൂലമെന്ന് എഫ്ഐആർ. കണ്ടാലറിയാവുന്ന അഞ്ചു പേരാണ് കൃത്യം നടത്തിയത്. എഫ്ഐആറിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. അതിനിടെ പ്രതികളെ പിടികൂടാത്തത്തിൽ പ്രതിഷേധിച്ച് അമ്മമാരെ അണിനിരത്തി സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് ഒരുങ്ങുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു.
ഭാര്യ അർഷികയ്ക്കൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സഞ്ജിത്തിനെ ആക്രമിച്ചത് തിങ്കളാഴ്ച രാവിലെ 8.45നാണെന്നാണ് എഫ് ഐ ആർ പറയുന്നത്. കൊലപാതകി സംഘം വന്നത് ചെറിയ വെളുത്ത കാറിലാണ്. ഇത് പഴയ മാരുതി 800 കാറാണെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പിന്നീട് വ്യകതമായിരുന്നു. മമ്പറം പുതുഗ്രാമത്ത് വെച്ച് ഏതോ രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ കൊലപ്പെടുത്തി എന്നും പ്രഥമ വിവര റിപ്പോർട്ടിൽ പറയുന്നു.
അതേസമയം കൊലപാതകം നടന്ന് ആറു ദിവസമായിട്ടും പ്രതികളിലേക്കെത്താൻ പൊലീസിനായില്ല. പാലക്കാട് എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കൃത്യം നടത്തിയത് എസ്ഡിപിഐയുടെ അറിവോടെയെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്നു ദിവസത്തിനുള്ളിൽ പ്രതികളെക്കുറിച്ച് വ്യക്തതയുണ്ടാകുമെന്ന വിശ്വാസത്തിലാണ് പ്രത്യേക അന്വേഷണസംഘം.
എന്നാൽ പ്രതികൾ സഞ്ചരിച്ച കാറ് കണ്ടെത്താനാവാത്തതാണ് തിരിച്ചടി. കാറ് ജില്ല വിട്ടു പോയിട്ടില്ലെന്ന് പൊലീസ് വൃത്തങ്ങൾ ആവർത്തിക്കുമ്പോഴും എവിടെ ഒളിപ്പിച്ചു എന്നതിനെക്കുറിച്ച് പൊലീസിന് സൂചനയില്ല. പ്രതികളെ പിടികൂടാൻ വൈകുന്നതിൽ സംസ്ഥാന വ്യാപക പ്രതിഷേധത്തിനാണ് ബി ജെ പി ഒരുങ്ങുന്നത്. പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചത് പൊലീസെന്നും അവർ ആരോപിക്കുന്നു. എൻഐഎ അന്വേഷണമാവശ്യപ്പെട്ട് നവംബർ 22 ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കാണുമെന്ന് സഞ്ജിത്തിൻ്റെ വീട് സന്ദർശിച്ച ശേഷം കെ സുരേന്ദ്രൻ പറഞ്ഞു.